Connect with us

Gulf

വിമാനയാത്രക്കാര്‍ക്ക് ടാക്‌സിയില്‍ ചെക്ക് ഇന്‍ സൗകര്യം വരുന്നു

Published

|

Last Updated

ദുബൈ: വിമാനത്തില്‍ യാത്ര ചെയ്യുന്ന ആളുകളുടെ സൗകര്യത്തിന് വേണ്ടിയുള്ള ടാക്‌സി സേവനം ഏര്‍പെടുത്തുമെന്ന് ദുബൈ ടാക്‌സി കോര്‍പറേഷന്‍ സി ഇ ഒ അഹ്മദ് ഖല്‍ഫാന്‍ അല്‍ സുവൈദി അറിയിച്ചു. യാത്രക്കാരന്‍ ജോലി സ്ഥലത്ത് നിന്നോ വീട്ടില്‍ നിന്നോ വിമാനത്താവളത്തിലേക്ക് തിരിക്കുമ്പോള്‍ ടാക്‌സിയില്‍ വെച്ച് തന്നെ ചെക്ക് ഇന്‍ സൗകര്യം ഏര്‍പെടുത്തുന്ന പദ്ധതിയാണിത്. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ടാക്‌സിയില്‍ ഉണ്ടാകും. ലഗേജിന്റെ ഭാരം നോക്കാനുള്ള ത്രാസ്, ലഗേജ് ടാഗ്, ബോര്‍ഡിംഗ് പാസ് എന്നിവ ടാക്‌സിയില്‍ നിന്ന് തന്നെ ലഭ്യമാകും. ദുബൈ വിമാനത്താവളവുമായി സഹകരിച്ചാണ് പുതിയ സംവിധാനം. വിമാനത്താവളത്തില്‍ യാത്രക്കാരനെത്തിയാല്‍ നേരെ ബോര്‍ഡിംഗ് ഗെയിറ്റിലേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കും. താമസിയാതെ ഇത് തന്നെ നടപ്പാക്കും. വിമാനത്താവളത്തില്‍ ദീര്‍ഘ നേരം ചെക്ക് ഇന്‍ ചെയ്യാന്‍ വേണ്ടി വരി നില്‍ക്കേണ്ട ആവശ്യം വരില്ല.
350 ടാക്‌സികളാണ് ദുബൈ വിമാനത്താവളങ്ങളില്‍ ഡി ടി സിയുടേതായി ഉള്ളത്. ഇതിനു പുറമെ 113 വാഹനങ്ങള്‍ വി ഐ പികള്‍ക്കും 100 വാഹനങ്ങള്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഏഴ് വാഹനങ്ങള്‍ അംഗവൈകല്യമുള്ളവര്‍ക്കും ഏര്‍പെടുത്തിയിട്ടുണ്ട്. ദുബൈ വിമാനത്താവളത്തില്‍ എത്തുന്ന ആര്‍ക്കും യു എ ഇയുടെ ഏത് ഭാഗത്തേക്കും സൗകര്യമുണ്ടാകും. ടെര്‍മിനല്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിവിടങ്ങളിലും അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലും ടാക്‌സികളുണ്ട്.