Connect with us

Kerala

ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്ത്‌നിന്ന് നീക്കി

Published

|

Last Updated

തിരുവനന്തപുരം: സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉറച്ച നിലപാടെടുത്തതോടെ ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയരക്ടര്‍ പദവിയില്‍ നിന്ന് നീക്കി. ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറായാണ് പുതിയ നിയമനം. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ എം ഡിയുടെ ചുമതലയും വഹിക്കും. റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം ഡി. എസ് രത്‌നകുമാറാണ് പുതിയ കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍. മാര്‍ക്കറ്റ് ഫെഡ് എം ഡി സ്ഥാനത്ത് നിന്നും തച്ചങ്കരിയെ നീക്കിയിട്ടുണ്ട്. തച്ചങ്കരിയുടെ നിയമനത്തെ ചൊല്ലി മന്ത്രിസഭായോഗത്തില്‍ ഏറെ നേരം നീണ്ട ചര്‍ച്ചയുണ്ടായെന്നാണ് വിവരം. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ എം എം എല്‍. എം ഡി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. അതേസമയം, തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ കത്ത് നല്‍കി.
തച്ചങ്കരിയെ മാറ്റണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ മന്ത്രിസഭായോഗത്തില്‍ സ്വീകരിച്ചത്. അഴിമതിക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് തന്റെ സ്ഥാനചലനമെന്ന തച്ചങ്കരിയുടെ വിശദീകരണം തന്നെ താറടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി പരാതിപ്പെട്ടു. തച്ചങ്കരിയെ പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കണ്‍സ്യൂമര്‍ ഫെഡിലെ ഒരു വിഭാഗം ജീവനക്കാര്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെയും കെ പി സി സി പ്രസിഡന്റിനെയും കണ്ട് ജീവനക്കാര്‍ കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. ജീവനക്കാര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ തന്നെ വെല്ലുവിളിക്കുന്ന നിലപാടാണ് തച്ചങ്കരി സ്വീകരിച്ചതെന്ന് സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. തനിക്കെതിരെ നടത്തിയ മോശം പരാമര്‍ശം മുന്‍നിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ എം എം എല്‍ മാനേജിംഗ് ഡയറക്ടര്‍ പദവിയിലേക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയില്‍ വ്യക്തമാക്കിയതോടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പദവിയില്‍ നിയമിക്കാമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. നിലവില്‍ ഈ ചുമതല വഹിക്കുന്ന ആര്‍ ശ്രീലേഖ മൂന്ന് മാസത്തെ അവധിയില്‍ വിദേശത്ത് പോകുന്ന ഒഴിവിലാണ് നിയമനം. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ തച്ചങ്കരിയെ നീക്കാന്‍ തീരുമാനിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗം കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനചലനം.
ഐ ഗ്രൂപ്പുകാരനും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായ ജോയ് തോമസ് ആണ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍. അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങളും അതിന്മേല്‍ സ്വീകരിച്ച നടപടികളുമാണ് തച്ചങ്കരിയുടെ കസേര തെറിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന മുന്‍ ആഭ്യന്തരസെക്രട്ടറി എല്‍ രാധാകൃഷ്ണനെ കെ എം എം എല്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള എം ഡി. മൈക്കിള്‍ വേദ ശിരോമണിയെ മാര്‍ക്കറ്റ് ഫെഡിലും റിട്ട. ഐ ജി ഗോപിനാഥനെ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനിലും മാനേജിംഗ് ഡയറക്ടര്‍മാരായി നിയമിച്ചു. മന്ത്രിസഭായോഗത്തിന് ശേഷമാണ് തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സി എന്‍ ബാലകൃഷ്ണന്‍ കത്ത് നല്‍കിയത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ചീഫ്‌സെക്രട്ടറിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശം തന്നെ മോശമാക്കാന്‍ വേണ്ടിയായിരുന്നുവെന്നും ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തച്ചങ്കരി വിഷയത്തില്‍ കഴിഞ്ഞതെല്ലാം കഴിഞ്ഞെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അഴിമതിയുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest