വര്‍ഗീയവാദികളോട് സന്ധി ചെയ്യാന്‍ എല്‍ ഡി എഫ് തയ്യാറല്ല: ഉഴവൂര്‍ വിജയന്‍

Posted on: September 9, 2015 10:56 am | Last updated: September 9, 2015 at 10:56 am

മണ്ണാര്‍ക്കാട്: കേവലം നാലു വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയവാദികളോട് സന്ധിചെയ്യാന്‍എല്‍ ഡി എഫ് തയ്യാറാല്ലെന്ന് എന്‍ സി പി സംസ്ഥാനപ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ പോലീസ് വിട്ടയച്ച നടപടിയോട് യു ഡി എഫ് ആര്‍ എസ് എസ് ബന്ധം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്.
എല്ലാ വിഭാഗം ജനങ്ങളുംആദരിക്കുന്ന ഗുരുദേവനെ അപമാനിക്കുന്നത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വെച്ച് പൊറുപ്പിക്കാന്‍ കഴിയില്ല. പച്ചക്കൊടി പിടിച്ച് കൊണ്ടാണ് താന്‍ എം ജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായത് എന്ന പ്രസംഗിച്ചഷീന ഷുക്കൂറിന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാവണം.
ബി ജെ പി വളരുന്നതിന് വളമിട്ട് കൊടുക്കുന്ന നടപടിയാണ് ലീഗ് ചെയ്തു കൊണ്ടിരിക്കുന്നത്. സി പി എം പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ലീഗ് പച്ചനോട്ട് കൃഷിയാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുന്നതിന് അശാസ്ത്രീയമായവാര്‍ഡ് വിഭജനം നടത്തിയതിന്റെ പിന്നില്‍ ഒന്നാം പ്രതി ലീഗാണ്, തദ്ദേശസ്വയഭരണതിരഞ്ഞെടുപ്പില്‍ എന്‍ സി പി സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്പോള്‍ ജനസമ്മതര്‍ക്ക് മുന്‍ഗണന നല്‍കും.
തിരഞ്ഞെടുപ്പിന് മുമ്പായി ജനജാഗ്രതാ യാത്രകളും ശില്‍പ്പശാലകളും നടത്തും. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി എ റസാഖ് മൗലവി, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം പി സി വര്‍ഗ്ഗീസ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് പി പി ഏനു എന്നിവരും പങ്കെടുത്തു