മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാര്‍ ദുരിതത്തിലായി

Posted on: September 9, 2015 10:49 am | Last updated: September 9, 2015 at 10:49 am

ഓടത്തോട്: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ കൂട്ടമുണ്ട സബ്‌സ്‌റ്റേഷന് സമീപം ചുണ്ട-മേപ്പാടി റൂട്ടില്‍ മരം കടപുഴകി റോഡില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി 10.45 ഓടെയാണ് മരം വീണത്.
മരം ഇലക്ട്രിക് ലൈനില്‍ തട്ടി വീണതിനാല്‍ പോസ്റ്റും ലൈനും പൊട്ടി വീണു. സബസ്റ്റേഷന് മുന്നിലായതിനാല്‍ ജീവനക്കാര്‍ ഉടന്‍ ലൈന്‍ ഓഫ് ചെയ്യുകയായിരുന്നു.
കോഴിക്കോട് നിന്ന് താളൂരിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് കടന്ന് പോയതിന് ശേഷമാണ് മരം വീണത്. മരം വീണ വിവരം നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിളിച്ച് അറിയിച്ചെങ്കിലും മരം മുറിച്ച് ഒഴിവാക്കാന്‍ നിര്‍ദേശമില്ലെന്നായിരുന്നു മറുപടി. ഇതോടെ ഇവിടെ എത്തിയ ബസുകളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും വിദ്യാര്‍ഥികളും മണിക്കൂറുകളോളം ദുരിതത്തിലായി.ലൈന്‍ പൊട്ടിയതിനാല്‍ പരിസര പ്രദേശങ്ങളില്‍ വൈദ്യുതിയും മുടങ്ങി.
കൂലിത്തൊഴിലാളികളായ തോട്ടം തൊഴിലാളികള്‍ക്കും ജോലിക്ക് പോകാനും കഴിഞ്ഞില്ല. ഗതാതം തടസ്സപ്പെട്ടതോടെ ഇരു ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ബന്ധപ്പെട്ട അധികൃതരാരും ഗതാഗതം പുനസ്ഥാപിക്കാന്‍ തയ്യാറാവുകയോ ചെയ്യാതെ വന്നപ്പോള്‍ 7.45 ഓടെ നാട്ടുകാര്‍ സംഘടിച്ച് റോഡിലേക്ക് വീണ മരം മുറിച്ച് മാറ്റുകയായിരുന്നു.കോഴിക്കോട്- ഊട്ടി അന്തര്‍ സംസ്ഥാന പാതയായിട്ടു പോലും ബന്ധപ്പെട്ട അധികൃതര്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മേപ്പാടി-കല്‍പ്പറ്റ റോഡ് തകര്‍ന്നതിനാല്‍ ആളുകള്‍ യാത്രക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മേപ്പാടി-ചുണ്ട റോഡാണ്. മേപ്പാടി -ചുണ്ട റൂട്ടില്‍ ഇനിയും അപകട ഭീഷണിയുയര്‍ത്തുന്ന നിലനില്‍ക്കുന്നുണ്ട്. അപകട ഭീഷണിയുയര്‍ത്തുന്ന മരം മുറിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ റൂട്ടില്‍ പാതയുടെ ഇരുവശത്തും ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് മാറ്റാത്തതിനാല്‍ കനത്ത മഴയില്‍ റോഡിലേക്ക് മറിഞ്ഞു വീഴുകയാണ്.