തെങ്ങ്കൃഷി വികസന പദ്ധതിയുമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്

Posted on: September 9, 2015 9:47 am | Last updated: September 9, 2015 at 9:47 am

കോഴിക്കോട്: തെങ്ങ് കൃഷി പരിപോഷിപ്പിക്കുന്നതിനായി വ്യത്യസ്ത പദ്ധതികളുമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്. തെങ്ങ്കര്‍ഷകര്‍ ഏറെയുളള പഞ്ചായത്തില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. തെങ്ങൊന്നിന് ഒരു വര്‍ഷത്തേക്ക് അഞ്ച് കിലോ ജൈവവളം നല്‍കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 75 ശതമാനം സബ്‌സിഡി നിരക്കില്‍ ഓരോ കര്‍ഷകനും വളം നല്‍കും. ഗ്രാമസഭയില്‍ കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്താണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. കൃഷിഭൂമിയുടെ അടിസ്ഥാനത്തില്‍ തെങ്ങിന്റെ എണ്ണത്തിന്റ അടിസ്ഥാനത്തിലാണ് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത്.
തെങ്ങൊന്നിന് 100 രൂപാ നിരക്കിലാണ് വളം നല്‍കുന്നത്. ഒരു വര്‍ഷത്തേക്കുളള സബ്‌സിഡി തുക അക്കൗണ്ടിലേക്ക് മാറ്റും . പദ്ധതിപ്രകാരം ഇപ്പോള്‍ 68 പേര്‍ക്ക് ഇതിനകം വളം നല്‍കിക്കഴിഞ്ഞു. 2,66,000 രൂപയാണ് ഈ വര്‍ഷത്തെ പദ്ധതി തുക. മഴക്കാലം കഴിയുന്നതോടെ പദ്ധതി പൂര്‍ത്തിയാകും. ഇതിനുപുറമെ കൂമ്പുചീയല്‍ രോഗം പിടിപെട്ട തെങ്ങിന്‍തൈകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വെക്കാനുളള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. തെങ്ങൊന്നിന് 500 രൂപ നല്‍കും. പഞ്ചായത്ത് തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് സഹായം നല്‍കുന്നത്. സെപ്തംബറോടെ ഇത് പൂര്‍ത്തിയാകും . മണ്ണിലെ ബോറോണ്‍ പോലെയുള്ള സൂക്ഷ്മ മൂലകങ്ങളുടെ അഭാവംമൂലം നാശം നേരിടുന്ന തെങ്ങുകളുടെ സംരക്ഷണത്തിനായി പഞ്ചായത്തില്‍ മണ്ണ് പരിശോധന നടത്തി. 40 ഹെക്ടര്‍ ഭൂമിയില്‍ തെങ്ങിന് ബോറാക്‌സ് നല്‍കു പദ്ധതിയും കൃഷിഭവന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരികയാണ്.