Connect with us

National

വിദേശത്ത് നിന്ന് മടങ്ങാന്‍ വൈകുന്ന ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ ഒരു മാസത്തിലധികം വിദേശത്ത് തങ്ങിയാല്‍ അവര്‍ക്ക് ജോലി നഷ്ടമായേക്കും. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ചട്ട പ്രകാരമാണിത്. വിദേശത്ത് ജോലിക്ക് നിയോഗിക്കപ്പെട്ട പല ഉദ്യോഗസ്ഥരും നിശ്ചിത കാലാവധിക്ക് ശേഷവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യാതെ വിദേശത്ത് തുടരുന്നതും ജോലി പൂര്‍ത്തിയായ ശേഷവും അനധികൃത അവധിയെടത്ത് വിദേശത്ത് തുടരുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.
ചട്ടപ്രകാരം പഠനത്തിനോ മറ്റോ അനുവദിക്കപ്പെട്ട അവധിക്ക് ശേഷവും റിപ്പോര്‍ട്ട് ചെയ്യാത്ത ആള്‍ ഇന്ത്യാ സര്‍വീസിലുള്ള ഐ എ എസ്, എ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസത്തെ കാത്തിരിപ്പ് പരിധിയുണ്ട്. അതിന് ശേഷം ഉദ്യോഗസ്ഥന്റെ ഭാഗം വിശദീകരിക്കാനാവസരം നല്‍കിക്കൊണ്ട് ഉദ്യോഗസ്ഥന്‍ ഏത് കേഡറിലാണോ, ആ സംസ്ഥാന ഗവണ്‍മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കും.
അതിന് ശേഷവും ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ രണ്ട് മാസത്തിനകം പിരിച്ചുവിടാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിക്കും. ഈ നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടല്‍ നടപടികളുമായി മുന്നോട്ട് പോകണമെന്നും ഉദ്യോഗസ്ഥ പരിശീലന മന്ത്രാലയത്തിന്റെ ചട്ടങ്ങളില്‍ പറയുന്നു.

Latest