Connect with us

Gulf

യമനില്‍ വ്യോമാക്രമണം: 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്

Published

|

Last Updated

സന്‍ആ: യമനിലെ തുറമുഖ നഗരത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 20  ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആക്രമണം ആരാണ് നടത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എണ്ണക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നും മരിച്ചവരെല്ലാം തൊഴിലാളികളാണെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. 77 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹദീദ തുറമുഖത്തിനടുത്താണ് സംഭവം. അല്‍ ഖോഖാ മേഖലയിലെ രണ്ട് ബോട്ടുകളിലുണ്ടായിരുന്നവരാണ് ആക്രമണത്തിനിരയായതെന്നും റിപ്പോര്‍ട്ടുണ്ട്. ഹൂത്തി വിമതരെ തുരത്താനായി യമന്‍ തലസ്ഥാനം കേന്ദ്രീകരിച്ച് രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടേക്ക് കൂടുതല്‍ വിദേശ സൈനികര്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്ത്യക്കാരുടെ ദാരുണ മരണം.
സഊദിയുടെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ പതിനഞ്ച് പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഹൂത്തി നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ സബാ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച നടന്ന ആക്രമണത്തിലും പതിനഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച മുതല്‍ സന്‍ആയിലും പരിസര പ്രദേശങ്ങളിലും വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഹൂത്തി വിമതര്‍ക്ക് മേഖലയില്‍ വന്‍ വെല്ലുവിളിയുയര്‍ത്താന്‍ സംയുക്ത ആക്രമണത്തിന് സാധിച്ചിരുന്നു. സംയുക്ത സേനയിലെ 60 സൈനികര്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് വ്യോമാക്രമണം ശക്തമാക്കിയത്.
സംയുക്ത സൈന്യത്തില്‍ ചേരാനായി കൂടുതല്‍ വിദേശ സൈനികരെത്തിയെന്നത് തെറ്റായ റിപ്പോര്‍ട്ടാണെന്ന് യമന്‍ സൈനിക വക്താവ് പറഞ്ഞു.

Latest