Connect with us

Gulf

പ്രത്യാക്രമണം ജനങ്ങള്‍ക്കു വേണ്ടി

Published

|

Last Updated

യമനിലെ തന്ത്രപ്രധാന മേഖലയാണ് മആരിബ് പ്രവിശ്യ. യമന്റെ മധ്യഭാഗത്താണിത്. ഏദന്‍ തുറമുഖവും സഊദി അറേബ്യയുടെ അതിര്‍ത്തിയും രണ്ടറ്റത്താണ്. ഏദന്റെ നിയന്ത്രണം, സഊദി അറേബ്യയും യു എ ഇയും ഉള്‍പെട്ട സഖ്യസേന പിന്തുണക്കുന്ന അബ്ദുര്‍റബ് മന്‍സൂര്‍ ഹാദിയുടെ അനുയായികളുടെ പക്കല്‍. എന്നാല്‍, ഏറെ അകലെയല്ലാതെ തലസ്ഥാനമായ സന്‍ആയുടെ ചുറ്റും ഹൂത്തി തീവ്രവാദികള്‍. ഇവിടെ നിന്നാണ് മആരിബിലെ, സഖ്യസേനാ ആസ്ഥാനത്തേക്ക് അവര്‍ മിസൈല്‍ പായിച്ചത്. 46 യു എ ഇ സൈനികരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു.
സന്‍ആയില്‍ നിന്ന് ഹൂത്തി തീവ്രവാദികളെ തുരത്താനുള്ള ശ്രമത്തിലാണ് സഖ്യസേന. കഴിഞ്ഞ ദിവസങ്ങളില്‍ ഹൂത്തി കേന്ദ്രങ്ങളില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തി. സന്‍ആ കഴിഞ്ഞാല്‍ സഖ്യസേനയുടെ അടുത്ത ലക്ഷ്യം സആദ പ്രവിശ്യ ആയിരിക്കും. സഊദി അതിര്‍ത്തിയോട് ചേര്‍ന്നുള്ള സആദയിലും ഹൂത്തി കേന്ദ്രങ്ങളുണ്ട്.
മആരിബില്‍ നിന്നാണ് യമന്റെ പല ഭാഗത്തേക്കും പ്രകൃതി വാതകവും എണ്ണയും പോകുന്നത്. മആരിബ് പിടിച്ചെടുക്കാന്‍ ഹൂത്തികള്‍ ശ്രമിച്ചിരുന്നു. പക്ഷേ, സഖ്യസേനയും മന്‍സൂര്‍ ഹാദിയുടെ അനുയായികളും ചെറുത്തു തോല്‍പിച്ചു. ഇവിടെ 80 ശതമാനം സുന്നികളാണ്. മആരിബിനു സമീപമുള്ള ജൗഫ്, ശബ്ഫ പ്രവിശ്യകളിലും ഭൂരിപക്ഷം സുന്നികള്‍. ഇവിടെ സഊദിയുടെ സഹായത്തോടെയായിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍. അത് കൊണ്ടുതന്നെ മആരിബ്, സഖ്യസേനക്ക് സുരക്ഷിത താവളം. സന്‍ആയുടെ കവാടം എന്നറിയപ്പെടുന്ന മആരിബില്‍ ഹൂത്തി വിരുദ്ധത ശക്തിപ്പെട്ടതാണ് തീവ്രവാദികളെ പ്രകോപിപ്പിക്കുന്നത്. അവര്‍, സഖ്യസേനക്കെതിരെ കടുത്ത ആക്രമണമാണ് നടത്തുന്നത്. ഇറാനില്‍ നിന്ന് ലഭിച്ച മിസൈലുകളാണ് പന്‍ബലം. നിരവധി സൈനികരുടെ കൂട്ടക്കുരുതിയില്‍ കലാശിച്ച ആക്രമണം റഷ്യന്‍ നിര്‍മിത തോചിക ബാലിസ്റ്റിക് മിസൈല്‍ കൊണ്ടായിരുന്നു.
യമനിലെ ദൗത്യം വിജയം കാണാതെ അവസാനിപ്പിക്കില്ലെന്ന ദൃഢ നിശ്ചയത്തിലാണ് സഖ്യസേന. സന്‍ആ, ബയ്ദ പ്രവിശ്യകളിലെ ഹൂത്തി ആയുധപ്പുരകള്‍ക്കു നേരെ കഴിഞ്ഞ ദിവസങ്ങളില്‍ സഖ്യസേന കനത്ത വ്യോമാക്രമണം നടത്തി. സന്‍ആയിലെ പ്രതിരോധ മന്ത്രാലയ കേന്ദ്രം തകര്‍ത്തു. കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ ആസ്ഥാനം ഇവിടെ ആയിരുന്നു.
ആറുമാസമായി യമനില്‍ കലാപം ശക്തിപ്പെട്ടിട്ട്. സഖ്യസേനയുടെ ഇടപെടല്‍ അനിവാര്യമായിരുന്നു. മേഖലയില്‍ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഇറാന്റെ ഒളിയുദ്ധമാണ് കലാപത്തിനു പിന്നിലെന്ന് ഗള്‍ഫ് ഭരണകൂടങ്ങള്‍ ന്യായമായും സംശയിക്കുന്നു. ഇറാന്റെ ശ്രമം വിജയിച്ചാല്‍ മറ്റുസ്ഥലങ്ങളിലും ആഭ്യന്തര കുഴപ്പങ്ങളുണ്ടാകും. അത് കൊണ്ടുതന്നെ പ്രത്യാക്രമണം ജനങ്ങള്‍ക്കു വേണ്ടിയാണ്.

Latest