സര്‍ക്കാര്‍ ആശുപത്രികളില്‍ 1500 നഴ്‌സിംഗ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു

Posted on: September 8, 2015 5:03 am | Last updated: September 8, 2015 at 12:04 am

nurseതിരുവനന്തപുരം; സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പദവി ഉയര്‍ത്തുന്നതിനും പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ധൃതിപിടിക്കുമ്പോള്‍ ഭൂരിഭാഗം ആശുപത്രികളിലും 1500 ലധികം നഴ്‌സിംഗ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന വലിയ വിഭാഗം രോഗികളും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. എല്ലാ വിഭാഗം ജീവനക്കാരുടെയും നിരവധി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. നഴ്‌സുമാരുടെത് മാത്രമാണ് 1500 ഓളം തസ്തികകള്‍. ഇത് രോഗികള്‍ക്ക് മതിയായ പരിചരണം നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. 1961 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് നിലവിലും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ രംഗത്ത് വന്നെങ്കിലും പരിഹാര മാര്‍ഗം നിര്‍ദേശിക്കാന്‍ സര്‍ക്കാറിനായിട്ടില്ല.
സംസ്ഥാനത്ത് ജില്ലാ നഴ്‌സിംഗ് ഓഫീസര്‍മാരുടെ ആകെയുള്ള 14 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. നഴ്‌സിംഗ് ഓഫീസര്‍മാരുടെ 19 തസ്തികകളില്‍ 13 തസ്തികകളിലും ആളില്ല. ഒന്നാംഗ്രേഡ് നഴ്‌സിംഗ് സൂപ്രണ്ടുമാരുടെ 35 തസ്തികകളും രണ്ടാം ഗ്രേഡ് നഴ്‌സിംഗ് സൂപ്രണ്ടുമാരുടെ 69 തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. ഹെഡ് നഴ്‌സുമാരുടെ 2,052 തസ്തികകളില്‍ 300 ലധികവും ഗ്രേഡ് ഒന്ന്, സ്റ്റാഫ് നഴ്‌സ്മാരുടെ 4,182 തസ്തികളില്‍ 150 ലധികവും ഒഴിഞ്ഞാണ് കിടക്കുന്നത്. എന്‍ട്രി കേഡറായ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ 4,183 തസ്തികയുള്ളതില്‍ ആയിരത്തിലധികം ഒഴിവുകളാണുള്ളത്.
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. അനുവദിക്കപ്പെട്ട തസ്തിക എത്രയാണെന്നും അവ ഏതെല്ലാം സ്ഥാപനങ്ങളിലാണ് അനുവദിച്ചിട്ടുള്ളത്, എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്നത് സംബന്ധിച്ചും കൃത്യമായ കണക്ക് ഡിപ്പാര്‍ട്ടുമെന്റിന്റെ കൈവശം സൂക്ഷിച്ചിട്ടില്ല. വിവിധ ജില്ലകളിലായി നിലവിലുള്ള ആശുപത്രികളുടെ പദവി ഉയര്‍ത്തി മെഡിക്കല്‍ കോളജുകളും ജില്ലാ താലൂക്ക് ആശുപത്രികളും ആരംഭിക്കുന്ന നടപടി പുരോഗമിക്കുകയാണ്. എന്നാല്‍ സ്ഥാപനങ്ങളുടെ പേരില്‍ വന്ന മാറ്റങ്ങളല്ലാതെ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുകയോ അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല.
1961 ലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കണമെന്ന ജീവനക്കാരുടെ സംഘടനകളുടെ മുറവിളി ചെവിക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ആയിരത്തിലധികം തസ്തികയിലേക്ക് പി എസ് സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നെങ്കിലും അഡൈ്വസ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
നഴ്‌സിംഗ് ജീവനക്കാര്‍ക്ക് പുറമെ ശുചീകരണ തൊഴിലാളികളുടെ അഭാവവും രൂക്ഷമാണ്. ഇതിനാല്‍ ആശുപത്രികളിലെ വൃത്തി ഹീനമായ അന്തരീക്ഷം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പലര്‍ക്കും നിലവിലുള്ള രോഗത്തിന് പുറമെ പകര്‍ച്ചവ്യാധികളും പിടിപെടുന്ന അവസ്ഥയാണുള്ളത്. ആശുപത്രികളുടെ പേരുകളിലും പദവിയും മാത്രം ഉയര്‍ത്തുന്ന സര്‍ക്കാര്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ അന്തരീക്ഷത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതില്‍ കാട്ടുന്ന അനാസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്.