അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തയ്യാറായി ബ്രിട്ടനും ഫ്രാന്‍സും

Posted on: September 8, 2015 5:58 am | Last updated: September 7, 2015 at 11:58 pm

പാരീസ്: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 24,000 അഭയാര്‍ഥികളെ ഫ്രാന്‍സ് സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ പ്രഖ്യാപിച്ചു. 2020 ഓടെ 20,000 സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അറിയിച്ചു. ജര്‍മനി നേരത്തെ തന്നെ അഭയാര്‍ഥികള്‍ക്ക് വേണ്ടി കവാടങ്ങള്‍ തുറന്നിട്ടിരുന്നു. യൂറോപ്യന്‍ യൂനിയന്‍ പദ്ധതി പ്രകാരം 31,000 പേരെ കൂടി ജര്‍മനി അഭയാര്‍ഥികളായി സ്വീകരിക്കും. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിന് നേരത്തെ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച പദ്ധതി ഹംഗറി തള്ളിക്കളഞ്ഞിരുന്നു. 1,20,000ത്തോളം അഭയാര്‍ഥികളെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കൂടി സ്വീകരിക്കാനാണ് ഇ യു നിര്‍ദേശം മുന്നോട്ടുവെക്കുകയെന്ന് കണക്കാക്കപ്പെടുന്നു. ഈ നിര്‍ദേശം നാളെ ഇ യു യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കും. ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ ഹംഗറി പ്രധാനമന്ത്രി വക്ടര്‍ ഉര്‍ബാനും പങ്കെടുത്തിരുന്നു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒരു ലക്ഷം പേരെ വീതം വെച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ തന്നെ ഇനിയും വരുന്ന അഭയാര്‍ഥികളെ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. അതിന് പകരം അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിന് ഫണ്ട് വകയിരുത്തി ഇത് തുര്‍ക്കിക്ക് നല്‍കുകയും അഭയാര്‍ഥികളെ തുര്‍ക്കിയില്‍ തന്നെ തുടരാന്‍ പദ്ധതി തയ്യാറാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു. അതേസമയം, ജര്‍മനി, ആസ്ത്രിയ, സ്വീഡന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യൂറോപ്യന്‍ യൂനിയന്റെ ഈ പദ്ധതിയെ പിന്തുണക്കുന്നവരാണ്.
നിലവിലേത് അടിയന്തര സാഹചര്യമാണെന്നും വളരെ വേഗം ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്നുമാണ് ആസ്ത്രിയയുടെ നിലപാട്. വളരെ അടിയന്തര സാഹചര്യത്തില്‍ 12,000ത്തിലധികം പേര്‍ക്ക് തങ്ങള്‍ സഹായം ചെയ്തിട്ടുണ്ടെന്ന് ആസ്ത്രിയയുടെ ചാന്‍സിലര്‍ വാര്‍ണര്‍ ഫയ്മാന്‍ പറഞ്ഞു. സിറിയന്‍ ബാലന്‍ അയ്‌ലാന്‍ കുര്‍ദി കടല്‍തീരത്ത് മരിച്ചുകിടക്കുന്ന ഫോട്ടോ പ്രചരിച്ചിന് ശേഷം അതിര്‍ത്തിയിലെ പരിശോധനകള്‍ വിയന്ന അവസാനിപ്പിച്ചിരിക്കുകയാണ്.