തായ് ബോംബ് സ്‌ഫോടനം: രണ്ട് ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

Posted on: September 8, 2015 5:57 am | Last updated: September 7, 2015 at 11:58 pm

ബാങ്കോക്ക്: നിരവധി പേരുടെ മരണത്തിനിടയാക്കിയ തായ്‌ലാന്‍ഡിലെ ബ്രഹ്മ ക്ഷേത്ര സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബോംബാക്രമണത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിദേശിയുമായി ഇവര്‍ സംസാരിക്കുന്ന സി സി ടി വി ദൃശ്യങ്ങളെ തുടര്‍ന്നായിരുന്നു കസ്റ്റഡി. ഇവരെ പിന്നീട് വിട്ടയച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് പേരെയും ചോദ്യം ചെയ്യുന്നതിന് വേണ്ടി സൈനിക ക്യാമ്പിലേക്ക് മാറ്റിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. പിടിയിലായ ഇന്ത്യക്കാര്‍ ബോംബാക്രമണവുമായി ബന്ധമുള്ളവരാണോ എന്നറിഞ്ഞിട്ടില്ലെന്നും ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9 ന് മിന്‍ബുരിയിലെ മൈമുന ഗാര്‍ഡന്‍ ഹോം അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് കമ്മീഷണര്‍ ജനറല്‍ പ്രവുത് തവേണ്‍സിരിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനക്ക് ശേഷമാണ് ഇന്ത്യക്കാരെ ചോദ്യം ചെയ്യുന്നതിനു വേണ്ടി കൊണ്ടുപോയത്. ഇവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അവര്‍ താമസിക്കുന്നതിന് തൊട്ടടുത്ത മുറിയില്‍ നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മുറി വാടകക്ക് നല്‍കിയ തായ്‌ലന്‍ഡ്കാരിയായ സ്ത്രീയേയും ഇവരില്‍ നിന്നും വാടകക്കെടുത്ത വിദേശിയേയും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ബോബംബാക്രമണം നടന്ന പ്രശസ്തമായ ഇര്‍വാന്‍ ബ്രഹ്മണ ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളില്‍ പോലീസ് കനത്ത പരിശോധനയാണ് നടത്തുന്നത്. ആഗസ്റ്റ് 17ന് നടന്ന ബോംബാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു,
കേസുമായി ബന്ധമുള്ള പത്ത് പേര്‍ക്കെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് സംശയിക്കപ്പെടുന്ന രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ബോംബാക്രമണം നടത്തിയ ആള്‍ക്ക് ബോംബെത്തിച്ചു കൊടുത്തെന്ന് സംശയിക്കപ്പെടുന്ന യൂസുഫ് മെറാലിയെ കംബോഡിയ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.