Connect with us

Editorial

സ്‌കൂളുകളിലെ പഠന നിലവാരം

Published

|

Last Updated

പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ വിദ്യാഭ്യാസ നിലവാരം കുത്തനെ ഇടിയുന്നതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ (എസ് സി ഇ ആര്‍ ടി) നടത്തിയ ഏറ്റവും പുതിയ പഠനം വിലയിരുത്തുന്നു. മലയാള ഭാഷാ പഠനത്തില്‍ നാലാം ക്ലാസിലെ 47 ശതമാനം വിദ്യാര്‍ഥികളും മലയാളം എഴുത്തില്‍ ഏഴാം ക്ലാസിലെ 61 ശതമാനവും പിന്നിലാണെന്നാണ് കണ്ടെത്തല്‍. അഞ്ച് ശതമാനത്തിന് മലയാളം അക്ഷരങ്ങള്‍ പോലുമറിയില്ല. ഗണിതത്തില്‍ 63 ശതമാനവും പരിസ്ഥിതി പഠനത്തില്‍ 73 ശതമാനവും പിറകിലാണ്. ഏഴാം ക്ലാസില്‍ 35 ശതമാനവും മലയാളത്തില്‍ പേര്‍ എഴുതാന്‍ അറിയാത്തവരും ഇംഗ്ലീഷ് വായിക്കാനറിയാത്തവരുമാണ്. ബോധന രീതിയും മൂല്യനിര്‍ണയവും അടിമുടി പരിഷ്‌കരിക്കുകയാണ് ഇതിന് പരിഹാരമായി കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ പ്രസിദ്ധീകരിച്ച ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ടിലെ (അസര്‍) വിലയിരുത്തലും ഏറെക്കുറെ സമാനമായിരുന്നു.
സര്‍വശിക്ഷാ അഭിയാന്റെ പുരോഗതി വിലയിരുത്താനായി കേന്ദ്രം നിയോഗിച്ച ജോയിന്റ് റിവ്യൂ കമ്മീഷന്റെ പുതിയ പഠനറിപ്പോര്‍ട്ടും സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഗുണമേന്മാ കുറവിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. എന്നാല്‍ പ്രൈമറി തലം അപ്പര്‍ പ്രൈമറിയേക്കാള്‍ മികവ് കാണിക്കുന്നുണ്ടെന്നും പ്രൈമറി ക്ലാസുകളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കുട്ടികളില്‍ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളിലെത്തുമ്പോഴാണ് നിലവാരത്തകര്‍ച്ച വര്‍ധിക്കുന്നതെന്നുമാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ സുബിന്‍ ശുക്ലയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. ഭാഷാ പഠനത്തില്‍ മൂന്നാം ക്ലാസില്‍ 70.14 ശതമാനത്തിലെത്തിയിരുന്ന പഠന മികവ് അഞ്ചിലെത്തുമ്പോള്‍ 67.34ഉം എട്ടാം ക്ലാസിലെത്തുമ്പോള്‍ 50.40 ആയും കുറയുന്നായി കണ്ടു. കണക്കില്‍ പ്രൈമറി തലത്തില്‍ 61.43ശതമാനത്തില്‍ നിന്ന് അപ്പര്‍ പ്രൈമറിയില്‍ 42.33 ആയും ഹൈസ്‌കൂളില്‍ 38.11 ആയും പഠന മികവ് പിന്നോട്ടടിക്കുയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം നിലവാരത്തകര്‍ച്ചയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെടുന്നു. ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓണ്‍ എജ്യുക്കേഷന്റെ (ഡി ആര്‍ ഇ) കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടനുസരിച്ച് എട്ടാം ക്ലാസ് വരെയുള്ള കുട്ടികളില്‍ കേവലം 21.4 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വിഹിതം. 42.36 ശതമാനം സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളിലും 35.22 ശതമാനം അണ്‍ എയ്ഡഡ് മേഖലയിലുമാണ്.
ഐ ഐ ടി, ഐ ഐ എം തുടങ്ങി രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശം നേടുന്ന കേരളീയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്ന കുറവും ഈ പഠന റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നു. 2012ല്‍ 1.7 ശതമാനം കേരള വിദ്യാര്‍ഥികള്‍ക്ക് ഐ ഐ ടിയില്‍ പ്രവേശനം ലഭിച്ചപ്പോള്‍ 2013ല്‍ 1.05 ശതമാനമായും 2014ല്‍ 0.42 ശതമാനമായും കുറഞ്ഞു. അതേ സമയം സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നിലെന്ന് പറയപ്പെടുന്ന ബംഗാളില്‍ നിന്ന് 2014ല്‍ 1.09 ശതമാനം പഠിതാക്കള്‍ ഐ ഐ ടി പ്രവേശം നേടിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ ഗോരക്പൂര്‍ ഐ ഐ ടി നടത്തിയ പഠന റിപ്പോര്‍ട്ടിലേതാണ് ഈ കണക്കുകള്‍.
അതേ സമയം, ഈ കണക്കുകളുടെ ആധികാരികതയെ സംബന്ധിച്ച് പല കേന്ദ്രങ്ങളും സന്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. അഞ്ച് മുതല്‍ 16 വരെയുള്ള 5,400 കുട്ടികളിലാണ് അസര്‍ പഠനം നടത്തിയത്. ഈ പ്രായത്തിലുള്ള 55 ലക്ഷത്തോളം കുട്ടികളെങ്കിലും കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍ക്കോട് എന്നീ അഞ്ച് ജില്ലകളിലെ നാലാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 4,800 കുട്ടികളിലായിരുന്നു എസ് സി ഇ ആര്‍ ടിയുടെ പഠനം. ഈ ക്ലാസുകളിലെ കുട്ടികളുടെ എണ്ണവും ദശലക്ഷക്കണക്കിന് വരും. മാത്രമല്ല, പഠനത്തിന് ജില്ലകളെ തിരഞ്ഞെടുക്കുമ്പോള്‍ പഠന നിലവാരത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ജില്ലകള്‍ വിട്ടുപോകുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എങ്കിലും വിദഗ്ധര്‍ അടങ്ങുന്ന ഇത്തരം ഗവേഷക സംഘങ്ങള്‍ കണ്ടെത്തുന്ന നിഗമനങ്ങളെ അവഗണിക്കുന്നത് ശരിയല്ല. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുകയും മുന്‍കാലങ്ങളില്‍ മികച്ച പഠന നിലവാരം പുലര്‍ത്തുകയും ചെയ്ത സംസ്ഥാനത്തിന്റെ ഈ രംഗത്തെ പിന്നോട്ടടി എത്ര ചെറുതാണെങ്കിലും ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി വിനിയോഗിക്കുന്ന വന്‍തുക ഫലം ചെയ്യാതിരിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചു സമഗ്ര പഠനം നടത്തി പരിഹാരം കാണേണ്ടതാണ്. സര്‍ക്കാര്‍ സ്‌കൂളുകളാണ് പഠന നിലവാരത്തില്‍ കൂടുതല്‍ പിന്നിലെന്നാണ് മിക്ക പഠനങ്ങളും വെളിപ്പെടുത്തുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത, അധ്യാപകരുടെ നിലവാരക്കുറവ്, കാര്യക്ഷമതയില്ലായ്മ തുടങ്ങിയവയാണ് കാരണങ്ങള്‍. അധ്യാപക പരിശീലന രീതിയിലെ പരിഷ്‌കരണമുള്‍പ്പെടെ വിദഗ്ധ സമിതികള്‍ നിര്‍ദേശിച്ച ഫലപ്രദമായ നടപടികള്‍ എത്രയും വേഗത്തില്‍ നടപ്പാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഏറെയും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ പഠന ശേഷിയുടെ ഏറ്റക്കുറച്ചിലില്‍ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളുടെ സ്വാധീനം തെളിയിക്കപ്പെട്ടതാണ്.