Connect with us

Gulf

ജി സി സി റെയില്‍വെ 2018ല്‍ യാഥാര്‍ഥ്യമാകും

Published

|

Last Updated

അബുദാബി: ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വെ 2018ല്‍ യാഥാര്‍ഥ്യമാകും. ഗള്‍ഫിലെ ആറു രാജ്യങ്ങളെ ഏകോപിപ്പിച്ചാണ് ജി സി സി റെയില്‍പാത. 2,117 കിലോമീറ്ററാണ് നീളം. കുവൈത്ത് സിറ്റിയില്‍ നിന്ന് തുടങ്ങി എല്ലാ ജി സി സി രാജ്യങ്ങളിലൂടെയും സഞ്ചരിച്ച് മസ്‌കത്തില്‍ എത്തുന്ന രീതിയിലാണ് പദ്ധതി. ബഹ്‌റൈനും സഊദി അറേബ്യക്കും ഇടയില്‍ വലിയൊരു പാലം വഴിയാണ് തീവണ്ടിയോടുക. ഗള്‍ഫ് രാജ്യങ്ങളുടെ ഭാഗമായി യു എ ഇയില്‍ നിര്‍മാണത്തിലുള്ള ഇത്തിഹാദ് റെയില്‍വെയുടെ നിര്‍മാണ ജോലി പകുതിയോളം പൂര്‍ത്തിയായി കഴിഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായാണ് റെയില്‍വെ എന്ന ആശയം ഉരുത്തിരിഞ്ഞത്. ഖത്തര്‍, ബഹ്‌റൈന്‍, യു എ ഇ, കുവൈത്ത്, സഊദി, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി 200 ലക്ഷം കോടി ഡോളര്‍ ചിലവഴിച്ചാണ് ഗള്‍ഫ് റെയില്‍വെ നിര്‍മിക്കുന്നത്.
ഡീസല്‍ എഞ്ചിനില്‍ ഓടുന്ന തീവണ്ടിയാണ് നിര്‍ദിഷ്ട പാതയില്‍ സര്‍വീസ് നടത്തുക. യാത്രാ തീവണ്ടികള്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലും ചരക്ക് തീവണ്ടികള്‍ 80 മുതല്‍ 220 കിലോമീറ്റര്‍ വേഗത്തിലുമാണ് സഞ്ചരിക്കുക.
ഗള്‍ഫിലെ ഗതാഗത മന്ത്രിമാര്‍ 2008 ഒക്‌ടോബറില്‍ പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. കുവൈത്തിലൂടെ 145 കിലോമീറ്റര്‍, ബഹ്‌റൈന്‍ 36 കിലോമീറ്റര്‍, ഖത്തര്‍ 283 കിലോമീറ്റര്‍, ഒമാന്‍ 306 കിലോമീറ്റര്‍, യു എ ഇ 684 കിലോമീറ്റര്‍, സഊദി അറേബ്യ 663 കിലോമീറ്റര്‍ വീതമാണ് റെയില്‍വെ കടന്ന് പോവുക. ഗള്‍ഫ് റെയില്‍ നിലവില്‍ വരുന്നതോടെ റോഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുമെന്ന് പഠനം വ്യക്തമാക്കുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി