വികസന പദ്ധതികളിലെ അശാസ്ത്രീയത: ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നാശത്തിന്റെ വക്കില്‍

Posted on: September 7, 2015 10:33 am | Last updated: September 7, 2015 at 10:33 am

പുല്‍പ്പള്ളി: വിനോദസഞ്ചാര വികസനത്തിന് വേണ്ടി നടത്തുന്ന പദ്ധതി പ്രവൃത്തികളിലെ അശാസ്ത്രീയത ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നു.
ടൂറിസം സാധ്യതകള്‍ ഏറെയുള്ള പ്രദേശങ്ങള്‍ പോലും വികസന ഭൂപടത്തില്‍ ഉള്‍പ്പെടാതെ വികസനപ്രവൃത്തികളുടെ പേരില്‍ കോടികള്‍ സ്ഥിരം കേന്ദ്രങ്ങളിലേക്കു മാത്രമായി ഒഴുകുകയാണ്. പ്രകൃതി ഒരുക്കിയിട്ടുള്ളതും സ്വാഭാവികമായിട്ടുള്ളതുമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ നടപടികളാവാത്തതാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നാശത്തിന്റെ വക്കിലാവാന്‍ കാരണം. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളി പ്രദേശത്ത് നടപ്പാക്കാന്‍ തീരുമാനിച്ച കബനി ടൂറിസം പ്രൊജക്റ്റ്, പുല്‍പ്പള്ളി പഞ്ചായത്തിലെ കുറുവദ്വീപും പാക്കം സ്രാമ്പിയും ചേര്‍ത്ത് നിര്‍മിക്കാന്‍ തീരുമാനിച്ച കുറുവ ഇക്കോ ടൂറിസം പ്രൊജക്റ്റ്, വനംവകുപ്പിന്റെ അവഗണനയും നിസ്സഹകരണവും മൂലം അടിസ്ഥാന സൗകര്യവികസനം പോലും ഒരുക്കാന്‍ കഴിയാത്ത കുറുവാദ്വീപ്, പ്രകൃതി എല്ലാത്തരത്തിലും ആകര്‍ഷണീയമാക്കിയിട്ടുള്ള ചെതലയം വെള്ളച്ചാട്ടം, വനംവകുപ്പിന്റെ അധീനതയിലുള്ള മുടിക്കോട് ജലാശയം തുടങ്ങിയവയൊക്കെ അധികൃതരുടെ അവഗണനമൂലം നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. കാര്‍ഷിക മേഖലയായ പുല്‍പ്പള്ളിയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളാണിതൊക്കെ. കാര്‍ഷിക മേഖല കനത്ത നാശം നേരിട്ടപ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളില്‍ പ്രാദേശിക ടൂറിസം വികസനവും ഉള്‍പ്പെടുത്തിയിരുന്നു.
തനതു ടൂറിസം കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിലൂടെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകാന്‍ കഴിയുമെന്ന കണ്ടെത്തലിലാണ് ടൂറിസം പദ്ധതികള്‍ നടപ്പാക്കാനും നവീകരിക്കാനും അധികൃതര്‍ പലപ്പോഴായി തീരുമാനിച്ചത്. എന്നാല്‍, വനംവകുപ്പിന്റെ തടസ്സവാദവും വിനോദസഞ്ചാര വകുപ്പിന്റെ അവഗണനയും കാരണം പല പദ്ധതികളും തറക്കല്ലില്‍ ഒതുങ്ങുകയാണ്. മൂന്നുവര്‍ഷം മുമ്പ് അന്നത്തെ വനംമന്ത്രിയായിരുന്ന കെ ബി ഗണേഷ്‌കുമാര്‍ തറക്കല്ലിട്ട കുറുവ ഇക്കോ ടൂറിസം പ്രൊജക്റ്റിന്റെ ഒരു നിര്‍മാണ പ്രവൃത്തികളും ഇനിയും ആരംഭിച്ചിട്ടില്ല. പ്രധാനപ്പെട്ട ഇത്തരം കേന്ദ്രങ്ങള്‍ക്ക് പുറമെ ആശ്രമക്കൊല്ലിയിലെ മുനിപ്പാറ, പുഞ്ചവയലിലെ കല്ലമ്പലം, പാക്കം സ്രാമ്പി തുടങ്ങിയവയൊക്കെ വികസനം കാത്തിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.