അടിയന്തരപ്രമേയത്തിന് അവതരണാനുമതി: കൗണ്‍സില്‍ ഹാളിലെ രാപ്പകല്‍ നീണ്ട സമരം അവസാനിപ്പിച്ചു

Posted on: September 6, 2015 10:16 am | Last updated: September 6, 2015 at 10:16 am

കോഴിക്കോട്: അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി കൗണ്‍സില്‍ ഹാളില്‍ കിടന്നുറങ്ങിയ പ്രതിപക്ഷം ഇന്നലെ വൈകീട്ട് 6.30യാണ് സമരം അവസാനിപ്പിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 11ന് പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാമെന്ന് മേയര്‍ എ കെ പ്രേമജം നല്‍കിയ ഉറപ്പിന്‍ മേലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എം ടി പത്മ പറഞ്ഞു.
വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ കോര്‍പറേഷനിലെ മരാമത്ത് പ്രവര്‍ത്തികള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദലി കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയര്‍ അവതരണാനമുതി നിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്നും വിവിധ കാര്യങ്ങള്‍ അടങ്ങിയ പ്രമേയത്തിന് അവതരണാനുമതി നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് മേയര്‍ പ്രമേയം വായിക്കാതെ തള്ളുകയായിരുന്നു.
തുടര്‍ന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധം രൂക്ഷ വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തി. കൗണ്‍സില്‍ യോഗം അവസാനിച്ചിട്ടും സഭയില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നിലയുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ പാട്ടു പാടിയും മറ്റും പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ കഴിച്ച്കൂട്ടി. ഇന്നലെ കോര്‍പറേഷന് അവധി ദിവസമായിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. വൈകുന്നേരം മേയറുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിച്ചത്.