ബി ജെ പിയുടെ നുഴഞ്ഞുകയറ്റം തടയാന്‍ സി പി എം കേന്ദ്രങ്ങളില്‍ പ്രതിരോധ സ്‌ക്വാഡ്

Posted on: September 6, 2015 5:15 am | Last updated: September 5, 2015 at 10:16 pm

കാഞ്ഞങ്ങാട്: പാര്‍ട്ടി ഗ്രാമങ്ങളിലേക്കുള്ള ബി ജെ പിയുടെ നുഴഞ്ഞുകയറ്റത്തെ കായികമായി ചെറുക്കാന്‍ സി പി എമ്മിന്റെ പ്രതിരോധസ്‌ക്വാഡുകള്‍ രംഗത്ത്. പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളായി അറിയപ്പെടുന്ന ജില്ലയിലെ പല പഞ്ചായത്തുകളിലും ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാധീനമുറപ്പിച്ച സാഹചര്യത്തിലാണ് ഇതിനെ എന്തു വില കൊടുത്തും പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ സി പി എം കോട്ടകളെന്ന് അറിയപ്പെടുന്ന മടിക്കൈ, കിനാനൂര്‍ കരിന്തളം കയ്യൂര്‍ ചീമേനി, പിലിക്കോട്, ചെറുവത്തൂര്‍, അജാനൂര്‍, കുറ്റിക്കോല്‍, പള്ളിക്കര ഉദുമ തുടങ്ങിയ പഞ്ചായത്തുകളില്‍ ബി ജെ പി വന്‍ മുന്നേറ്റം നടത്തിയിരുന്നു. ബി ജെ പി ക്ക് ഒരു വോട്ട് പോലുമില്ലാതിരുന്ന പാര്‍ട്ടി ഗ്രാമങ്ങളിലെ ബൂത്തുകളിലെ നൂറ് വോട്ടുകള്‍ക്ക് മുകളില്‍ നേടിയതാണ് സി പി എം നേതൃത്വത്തെ അമ്പരപ്പിച്ചത്.
പിലിക്കോട് പഞ്ചായത്തില്‍ പത്തു വാര്‍ഡുകളില്‍ ബി ജെ പി യുടെ വോട്ടുകള്‍ നൂറ് മുതല്‍ ഇരുനൂറ് വരെയായിരുന്നു. സി പി എമ്മിന് എതിരാളികളില്ലാത്ത കൊടക്കാട് ഭാഗങ്ങളിലെ മൂന്ന് ബൂത്തുകളില്‍ ബി ജെ പി ക്ക് ലഭിച്ചത് അഞ്ഞൂറോളം വോട്ടുകളാണ്. തൊട്ടടുത്ത ചെറുവത്തൂരിലും സ്ഥിതി സമാനമായിരുന്നു. സി പി എം ഭരിക്കുന്ന പഞ്ചായത്തില്‍ ബി ജെ പിയുടെ മുന്നേറ്റം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂവായിരത്തോളം വോട്ടുകളാണ്.
ഓരോ ബൂത്തിലും നൂറിനും ഇരുന്നൂറിനുമിടയിലാണ് ബി ജെ പി വോട്ടുകള്‍ നേടിയത്. കയ്യൂര്‍ ചീമേനിയില്‍ അഞ്ചു ബൂത്തുകളില്‍ മാത്രം ബി ജെ പിക്ക് ലഭിച്ചത് ആയിരത്തോളം വോട്ടുകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മടിക്കൈയാണ് ബി ജെ പി ചുവടുറപ്പിച്ച മറ്റൊരു സി പി എം കോട്ട. വാഴക്കോട് വാര്‍ഡില്‍ എപ്പോഴും ജയിച്ചു കയറുന്ന ബി ജെ പി ഇവിടെ ഒരു സീറ്റു കൂടി നേടാനുള്ള ശ്രമം മുമ്പേ തുടങ്ങിയിരുന്നു. എന്നാല്‍ സി പി എമ്മിന്റെ കോട്ട കൊത്തളങ്ങളില്‍ കയറിപ്പറ്റാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് മടിക്കൈ പഞ്ചായത്തിലെ പല ബൂത്തുകളിലും സ്വാധീനമറിയിക്കാന്‍ സാധിച്ചു.
കോടോം ബേളൂര്‍, അജാനൂര്‍, പള്ളിക്കര ഉദുമ പഞ്ചായത്തുകളില്‍ ബിജെപിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഈ നാലു പഞ്ചായത്തുകളില്‍ മാത്രം ഇരുപതിനായിരത്തിനടുത്ത് വോട്ടുകള്‍ തങ്ങള്‍ക്കുണ്ടെന്ന് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നുണ്ട്.