Connect with us

Gulf

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുമ്പോള്‍ ജാഗ്രതൈ; വന്‍ പിഴ കാത്തിരിക്കുന്നു

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ റോഡു മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക, പിടിക്കപ്പെട്ടാല്‍ വന്‍ തുക നഷ്ടമാവും. കഴിഞ്ഞ ദിവസം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മലയാളി അടക്കമുള്ള ഏതാനും പേരെ പോലീസ് പിടികൂടി. അല്‍ നഹ്ദയില്‍ വെച്ചാണ് കണ്ണൂര്‍ സ്വദേശിയെ പിടികൂടിയത്. 200 ദിര്‍ഹം പിഴ ഈടാക്കി. തിരിച്ചറിയല്‍ കാര്‍ഡും പോലീസ് കൊണ്ടുപോയി. ഏറ്റവും അധികം അപകട സാധ്യതയുള്ള റോഡുകളിലൊന്നാണ് അല്‍ നഹ്ദയിലേത്. ദുബൈയിലേക്കുള്ള പ്രധാന റോഡുമാണ് വ്യവസായ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. സദാനേരവും വാഹനങ്ങള്‍ ഈ റോഡിലൂടെ കുതിച്ചുപായുന്നു. വളരെ വീതിയുമുണ്ട്. അതുകൊണ്ടുതന്നെ നിരവധി വാഹനങ്ങള്‍ ഒന്നിച്ചാണ് ഓടുന്നത്. വാഹനങ്ങളുടെ മരണപ്പാച്ചിലിനിടെയാണ് കാല്‍ നടയാത്രക്കാരുടെ റോഡ് മുറിച്ചുകടക്കാനുള്ള ശ്രമം. ഓടിക്കുന്നവര്‍ക്കു ഒന്നും ചെയ്യാനാവാത്ത അവസ്ഥ. നിരവധി പേരാണ് പലപ്പോഴും ഒന്നിച്ചു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. വ്യവസായ മേഖലയായതിനാല്‍ ചുറ്റിക്കറങ്ങി ജോലിസ്ഥലത്ത് എത്താനുള്ള പ്രയാസം ഒഴിവാക്കാന്‍ എളുപ്പ വഴിയായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നു. ഇത് പലപ്പോഴും അപകടത്തിനിടയാക്കുന്നുണ്ട്. നിരവധി അപകടങ്ങളാണ് അല്‍ നഹ്ദ മേഖലയില്‍ നടക്കുന്നത്. അതു കൊണ്ടുതന്നെ റോഡ് മുറിച്ചുകടക്കുന്നതിനെതിരെ കര്‍ശന നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി ഇരുപാതകളിലെയും മധ്യത്തിലെ ഡിവൈഡറുകളില്‍ കമ്പിവേലി സ്ഥാപിച്ചു. എന്നാല്‍ വേലികള്‍ ചാടിയും ആളുകള്‍ റോഡ് മുറിച്ചുകടക്കുകയാണ്.
റോഡ് മുറിച്ചുകടക്കരുതെന്ന പോലീസിനെ കര്‍ശന മുന്നറിയിപ്പ് പലരും വകവെക്കുന്നില്ല. ഇതാകട്ടെ പലരെയും അപകടത്തില്‍പെടുത്തുകയുമാണ്. സൈക്കിള്‍ യാത്രക്കാരും പോലീസ് നിര്‍ദേശം അവഗണിക്കുന്നു. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ സൈക്കിള്‍ യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതും പലയിടത്തും പതിവുകാഴ്ചയാണ്. വ്യവസായ മേഖലകളിലാണ് പ്രധാനമായും സൈക്കിള്‍ യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത്. നിരവധി സൈക്കിളുകള്‍ ഒന്നിച്ച് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നു.
നടന്നുപോകുവാന്‍ മേല്‍പ്പാലമടക്കമുള്ള സൗകര്യമില്ലാത്ത ഇടങ്ങളിലെല്ലാം റോഡ് മുറിച്ചുകടന്നാണ് ലക്ഷ്യസ്ഥാനങ്ങളില്‍ യാത്രക്കാര്‍ എത്തുന്നത്. കിംഗ് ഫൈസല്‍ റോഡ്, ഇത്തിഹാദ് റോഡ് തുടങ്ങി പലറോഡുകളിലൂടെയും കാല്‍നടയാത്രക്കാര്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് പതിവ് കാഴ്ചയാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് പലരും റോഡ് മുറിച്ചുകടക്കാന്‍ ധൃതികൂട്ടുന്നത്. അന്‍സാര്‍ മാളിന് സമീപവും അല്‍ താവൂനിലും അപകടങ്ങള്‍ തുടര്‍ക്കഥയാണ്. നേരത്തെ നാഷനല്‍ പെയിന്റ് ഭാഗത്ത് റോഡ് മുറിച്ചുകടക്കല്‍ പതിവായിരുന്നു. എന്നാല്‍ ഈ ഭാഗത്തെ പ്രധാന റോഡില്‍ മേല്‍പാലങ്ങള്‍ പണിതതോടെ ഗണ്യമായി കുറഞ്ഞു. ഇതോടെ അപകട സാധ്യതയും കുറഞ്ഞു.
അന്‍സാര്‍ മാളിന് സമീപത്തും മറ്റും മേല്‍പാലങ്ങള്‍ പണിയാന്‍ നടപടികൈക്കൊണ്ടിരുന്നു. പാലം യാഥാര്‍ഥ്യമായാല്‍ അപകടങ്ങള്‍ക്കു അറുതിയാകും. അതേ സമയം, ബോധവത്കരണം ഏറെ നടത്തിയിട്ടും റോഡ് മുറിച്ചുകടക്കുന്നതിനു യാതൊരു കുറവും ഇല്ലാത്ത സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളും റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നുവെന്നത് ഏറെ ആശങ്കയുളവാക്കുന്നു.

Latest