കാശ്മീര്‍ വിഷയം ഉയര്‍ത്തി ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍

Posted on: September 4, 2015 12:50 am | Last updated: September 4, 2015 at 12:50 am

INDIA-PAKന്യൂയോര്‍ക്ക്: ജമ്മുകാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ആവശ്യമുയര്‍ത്തിയ പാക്കിസ്ഥാ ന്റെ നടപടിയെ ശക്തമായി എതിര്‍ത്ത് ഇന്ത്യ രംഗത്ത്.
ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടത്തെ ജനങ്ങള്‍ ജനാധിപത്യത്തിലൂടെ ഒരു സംസ്ഥാന സര്‍ക്കാറിനെ തിരെഞ്ഞെടുത്തിടുണ്ടെന്നും വ്യക്തമാക്കിയ ഇന്ത്യ എന്നിട്ടും ഈ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ത്തിയ പാക് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച സ്പീക്കര്‍മാരുടെ നാലാമത് ലോക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പാ ക്കിസ്ഥാന്‍ നാഷനല്‍ അസംബ്ലി സ്പീക്കര്‍ മുര്‍തസ ജാവേദ് അബ്ബാസിയാണ് കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ ഹിതപരിശോധന സംഘടിപ്പിച്ച് ജമ്മുകാശ്മീരിലെ ജനങ്ങളെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പ്രാപ്തരാക്കേണ്ട സമയമാണിതെന്നാണ് ജാവേദ് അബ്ബാസി പറഞ്ഞത്.
സമ്മേളനത്തില്‍ പങ്കെടുത്ത ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. നില്‍ക്കുന്ന വേദിയെപ്പറ്റിയെങ്കിലും പാക്കിസ്ഥാന്‍ അറിഞ്ഞിരിക്കണമെന്നും ഈ ഇന്റര്‍ പാര്‍ലിമെന്ററി യൂനിയന്‍ സമ്മേളനം 2030ലേക്കുള്ള വികസന അജന്‍ഡകള്‍ ചര്‍ച്ച ചെയ്യാനുള്ളതാണെന്നും സുമിത്ര മഹാജന്‍ പറഞ്ഞു. സ്വാതന്ത്രം ലഭിച്ചത് മുതല്‍ ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടത്തെ ജനങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതി പ്രകാരം തിരെഞ്ഞെടുത്ത ഗവണ്‍മെന്റാണ് അവിടെ ഭരിക്കുന്നതെന്നും ജനഹിത പരിശോധന നടത്തണമെന്ന പാക് ആവശ്യത്തെ ശക്തമായി എതിര്‍ത്ത് സുമിത്ര മഹാജന്‍ പറഞ്ഞു. ജനാധിപത്യപരമായി ഇതില്‍പ്പരം എന്ത് ചെയ്യാനാകുമെന്നും അവര്‍ ചോദിച്ചു.
പ്രശ്‌നരഹിതമായ ഒന്നിനെ എല്ലാ യു എന്‍ വേദികളിലും ഉന്നയിച്ച് പ്രശ്‌നമാക്കാന്‍ ശ്രമിക്കുകയാണ് പാക്കിസ്ഥാന്‍. വികസന കാര്യങ്ങളില്‍ ശ്രദ്ധചെലുത്താതെ എപ്പോഴും ഒരേ കാര്യം മാത്രം ഉന്നയിക്കുകയാണ് പാക്കിസ്ഥാനെന്നും അവര്‍ ആരോപിച്ചു.