ഇത്തിഹാദ്: നീരജാ ഭാട്ടിയ ഇന്ത്യന്‍ മേഖല വൈസ് പ്രസിഡന്റ്

Posted on: September 3, 2015 7:33 pm | Last updated: September 3, 2015 at 7:33 pm

unnameeedഅബുദാബി: യു എ ഇ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് ഇന്ത്യന്‍ മേഖല വൈ. പ്രസിഡന്റായി നീരജാ ഭാട്ടിയയെ നിയമിച്ചു.
ഇത്തിഹാദ് എയര്‍വേയ്‌സില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയുടെ സെയില്‍സ് മാനേജറായി 2004 മുതല്‍ ഭാട്ടിയ ജോലിയിലുണ്ട്. 2007ല്‍ തെക്ക്-പടിഞ്ഞാറന്‍ ഇന്ത്യയുടെ ജനറല്‍ മാനേജറായി.
11 വര്‍ഷമായി ഭാട്ടിയ ഇന്ത്യയില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വളര്‍ച്ചയില്‍ തന്ത്ര പ്രധാനമായ പങ്കാളിത്തം നടത്തിക്കൊണ്ടിരിക്കുയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ സീനിയര്‍ വൈ. പ്രസിഡന്റ് ഡാനി ബറഞ്ചര്‍ വ്യക്തമാക്കി. ജെറ്റ് എയര്‍വേയ്‌സ്, ഇത്തിഹാദ് പങ്കാളിത്തത്തിലും പ്രധാന പങ്ക് വഹിച്ചത് നീരജ ഭാട്ടിയയായിരുന്നു.
ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, സീഷെല്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ മേഖല. ഇന്ത്യയില്‍ അഹമ്മദാബാദ്, ബംഗളൂരു, കോഴിക്കോട്, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, തിരുവനന്തപുരം എന്നീ പതിനൊന്ന് നഗരങ്ങളിലേക്ക് 200 സര്‍വീസുകളാണ് ആഴ്ചയില്‍ ഇത്തിഹാദ് ഇപ്പോള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തിഹാദിന്റെ പങ്കാളിയായ ജെറ്റ് എയര്‍വേയ്‌സ് അബുദാബിയില്‍ നിന്നും ഇന്ത്യയിലെ 14 നഗരങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ മേഖലയില്‍ ഉള്‍പെടുന്ന ബംഗ്ലാദേശിലെ ധാക്ക, മാലിദ്വീപിലെ മാലി, നേപ്പാളിലെ കാഢ്മണ്ഡു, ശ്രീലങ്കയിലെ കൊളംബോ, സീഷെല്‍സിലെ മാഹി എന്നീ നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
സീഷെല്‍സിലെ ദേശീയ വിമാനകമ്പനിയായ എയര്‍ സൈഷിലെസ് ഇത്തിഹാദിന്റെ പങ്കാളിയാണ്.