ഖത്തറിലെ പാര്‍പ്പിട മേഖലകളില്‍ തൊഴിലാളികളുടെ താമസം വിലക്കും

Posted on: September 3, 2015 2:57 pm | Last updated: September 4, 2015 at 12:57 am

qatarദോഹ: രാജ്യത്ത് കുടുംബങ്ങള്‍ വസിക്കുന്ന പ്രദേശങ്ങളില്‍ ബാച്ചിലര്‍മാരായ തൊഴിലാളികള്‍ താമസിക്കുന്നത് വിലക്കുന്ന നിയമ നിര്‍ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുന്നതിനുള്ള ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.
രാജ്യത്ത് കുടുംബങ്ങള്‍ താമസിക്കുന്ന എല്ലാ പ്രദേശങ്ങളിലും കുടുംബം കൂടെയില്ലാതെ തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് കെട്ടിടങ്ങള്‍ വാടകക്കു നല്‍കുന്നതു വിലക്കുന്നതാണ് നിയമമെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, ചില പ്രദേശങ്ങളെയും പ്രത്യേക വിഭാഗത്തില്‍ പെട്ട ജീവനക്കാരെയും നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കും. നിയമം ലംഘിച്ചും പാര്‍പ്പിട മേഖലയില്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തലാക്കും. ഇന്നലെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നിയമം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
കുടുംബ പാര്‍പ്പിട മേഖലയില്‍ ബാച്ചിലര്‍ തൊഴിലാളികള്‍ കൂ്ട്ടത്തോടെ താമസിക്കുന്നത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നം കണക്കിലെടുത്താണ് തീരുമാനം. യു എ ഇ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ ഈ തീരുമാനമെടുത്തിട്ടുണ്ട്.