സച്ചിന്‍ ദൈവതുല്യന്‍: ധോണി

Posted on: September 3, 2015 8:18 am | Last updated: September 3, 2015 at 11:19 am
sachin ms dhoni
സച്ചിന്‍ തെണ്ടുല്‍ക്കറും എംഎസ് ധോണിയും

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തനിക്ക് ദൈവത്തെ പോലെയാണെന്ന് ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണി. സച്ചിന്റെ വിനയവും കളിയോടുള്ള അഭിനിവേശവും തനിക്കും മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്നും ധോനി പറഞ്ഞു.
സച്ചിനെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അദ്ദേഹം ഞങ്ങള്‍ക്ക് ദൈവത്തെ പോലെയായിരുന്നു. അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം ഉണ്ടായിരുന്നു. ഏവര്‍ക്കും മാതൃകയാക്കാവുന്ന റോള്‍ മോഡലാണ് സച്ചിന്‍. ക്രിക്കറ്റില്‍ നേട്ടങ്ങള്‍ കൊയ്യുമ്പോഴും അദ്ദേഹം എല്ലായ്‌പ്പോഴും വിനീതനായിരുന്നുവെന്നും ധോണി പറഞ്ഞു. അമേരിക്കന്‍ ബസാര്‍ എന്ന വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധോണി. ഓരോ തവണ കളിക്കളത്തില്‍ എപ്പോഴും കളിക്കാരനെന്ന നിലയില്‍ മികവ് നേടാന്‍ സച്ചിന്‍ ശ്രമിക്കാറുണ്ട്. അത് ഞങ്ങളെല്ലാവരും മാതൃകയാക്കിയിരുന്നുവെന്നും ധോനി പറഞ്ഞു. ഒക്‌ടോബറോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും ധോനി വ്യക്തമാക്കി. 2011 ലോകകപ്പ് കിരീടം ടീമിന്റെ മാത്രമല്ല രാജ്യത്തിന്റെയും വലിയ നേട്ടമായിരുന്നെന്നും ധോണി കൂട്ടിച്ചേര്‍ത്തു.