അമ്പലപ്പാറ-മണ്ണാര്‍ക്കാട് റോഡില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു

Posted on: September 3, 2015 11:00 am | Last updated: September 3, 2015 at 11:00 am

ഒറ്റപ്പാലം: വിവാദമുയര്‍ത്തിയ അമ്പലപ്പാറ-മണ്ണാര്‍ക്കാട് റോഡില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു. രണ്ട് തവണ അറ്റകുറ്റപണിനടത്തിയ അമ്പലപ്പാറ ഖബര്‍സ്ഥാന്‍ പള്ളിക്ക് സമീപമാണ് വീണ്ടും പെപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഒന്‍പത് മാസം മുമ്പ് ഇരുപത്തി രണ്ട് കോടി രൂപ ചെലവിലാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഒറ്റപ്പാലം മുതല്‍ ആര്യമ്പാവ് വരെ ബി എം ആന്റ് ബി സി സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നുനിര്‍മാണം. എന്നാല്‍ നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ക്കകംതന്നെ വിവിധ സ്ഥലങ്ങളില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സിന് പരാതിനല്‍കിയിരന്നു. നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ നിര്‍മാണം കഴിഞ്ഞ് 9 മാസം കഴിയുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളില്‍ നിരവധി തവണയാണ് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നത്. പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായപ്പോള്‍ തിരുണ്ടിക്കലില്‍ അറ്റകുറ്റപ്പണി നടത്തി അമ്പത് മീറ്ററോളം റോഡ് പുനര്‍നിര്‍മിച്ചിരുന്നു. എന്നാല്‍ ഖബര്‍സ്ഥാന്‍ പള്ളിക്ക് സമീപവം പെട്രോള്‍ പമ്പിന് സമീപവും താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി ഓട്ടയടക്കുകയായിരുന്നു.
ഇവിടെ വീണ്ടും പെപ്പ് പൊട്ടി റോഡ് തകരുന്ന അവസ്ഥ വന്നപ്പോള്‍ ഉദ്ഘാടനത്തിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റി റോഡ് മൊത്തം പൊളിച്ചിട്ടത് പോലീസില്‍ പരാതി നല്‍കുന്നതിന് വരെ വഴി വെച്ചിരുന്നു. പി ഡ്ബ്യൂ ഡിയുടെ അനുമതി വാങ്ങാതെ റോഡ് പൊളിച്ചെന്നായിരുന്നു പരാതി, പൊളിച്ചിട്ടസ്ഥലത്ത്അറ്റകുറ്റപണികള്‍ നടത്തി വീണ്ടും ടാറിങ് നടത്തിയെങ്കിലും ഖബര്‍സ്ഥാന്‍ പള്ളിക്ക് സമീപം പെപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തുടര്‍ക്കഥയാകുകയാണ്. നിര്‍മാണത്തിന് മുന്‍പ് കാലപഴക്കം ചെന്ന പെപ്പുകള്‍ മാറ്റി സ്ഥാപിച്ചിരുന്നുവെങ്കില്‍ റോഡ് ഇങ്ങനെ തകരുമായിരുന്നില്ല. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ വാദം.