കേരളത്തോടുള്ള അവഗണന: റെയില്‍വേ മന്ത്രിയെ കാണും

Posted on: September 3, 2015 10:40 am | Last updated: September 3, 2015 at 10:40 am

കോഴിക്കോട്: റെയില്‍വേയുടെ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍സ് (സി എ ആര്‍ യുഎ) ഭാരവാഹികള്‍ 15ന് റെയ്ല്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. കേരളത്തിന് ആവശ്യമായ നിരവധി നിര്‍ദേശങ്ങളുമായാണ് ഭാരവാഹികള്‍ റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ കാണുന്നത്. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കലും സുരക്ഷയുമാണ് പ്രധാനമായും അസോസിയേഷന്‍ മുന്നോട്ട് വയക്കുന്ന ആവശ്യം. എല്ലാ സ്‌റ്റേഷനുകളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക, കോഴിക്കോട് സ്‌റ്റേഷനില്‍ പിറ്റ്‌ലൈന്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. അടിസ്ഥാന സൗകരങ്ങള്‍ മോശമായതിനാല്‍ കേരളത്തിന് പുതിയ വണ്ടികള്‍ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അസോസിയേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സി ഇ ചാക്കുണ്ണി പറഞ്ഞു. പുതിയ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കാത്ത സാഹചര്യത്തില്‍ നിലവിലുള്ള ട്രെയിനുകളുടെ ബോഗി കൂട്ടണമെന്ന ആവശ്യം അസോസിയേഷന്‍ ഉന്നയിക്കുന്നുണ്ട്. മലബാര്‍ മേഖലയെ പ്രത്യേകം പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിക്കും. പണി തുടങ്ങി എട്ടു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാതെ കിടക്കുന്ന പാലക്കാട്-പൊള്ളാച്ചി പാത പൂര്‍ത്തീകരിക്കുന്നതിനെ കുറിച്ചും കൊയമ്പത്തൂര്‍ വരെയുള്ള ചെന്നൈ-കൊയമ്പത്തൂര്‍ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടുന്ന കാര്യവും ചര്‍ച്ച ചെയ്യും. പാലക്കാട് ഡിവിഷനില്‍ ബാംഗ്ലൂര്‍ ട്രെയിനുകള്‍ കൂട്ടേണ്ട ആവശ്യത്തെ കുറിച്ച് റെയില്‍വേ ബോര്‍ഡിനെ ബോധ്യപ്പെടുത്തും. ഓണക്കാലത്ത് കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് സ്വകാര്യ ബസുകള്‍ ഈടാക്കിയ ടിക്കറ്റ് നിരക്കിന്റെ ചാര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിക്കും. മുന്‍കാല ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അങ്കമാലി-ശബരി പാത, ഗുരുവായൂര്‍-തിരുനാവായ പാതകള്‍ ഇത് വരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നത് റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
കോഴിക്കോട്-ബേപ്പൂര്‍, അങ്ങാടിപ്പുറം-ബേപ്പൂര്‍, നിലമ്പൂര്‍-നഞ്ചന്‍കോട് ഉള്‍പ്പെടെയുള്ള പാതകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍വെ നടപടികളും നിര്‍ത്തി വച്ചിരിക്കുകയാണെന്നന്നതും മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും സി ഇ ചാക്കുണ്ണി പറഞ്ഞു.