ബഗ്ദാദില്‍ സൈനിക വേഷം ധരിച്ചെത്തിയവര്‍ 20 തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി

Posted on: September 3, 2015 5:36 am | Last updated: September 2, 2015 at 11:36 pm

ബഗ്ദാദ്: ബഗ്ദാദില്‍ സൈനിക യൂണിഫോമിലെത്തിയവര്‍ നിര്‍മാണപ്രവര്‍ത്തികളിലേര്‍പ്പെട്ടിരുന്ന 20 പേരെ തട്ടിക്കൊണ്ടുപോയി. ഇവരില്‍ 17 പേര്‍ തുര്‍ക്കിയില്‍ നിന്നുള്ളവര്‍ ബാക്കിയുള്ളവര്‍ ഇറാഖില്‍ നിന്നുള്ളവരുമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കീഴിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. വടക്കന്‍ ബഗ്ദാദ് നഗരമായ ഹബീബിയത്തില്‍ ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. പ്രാദേശിക സമയം രാവിലെ എട്ടിന് സൈനിക യൂനിഫോമിലെത്തിയവര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറി കറുത്ത പിക് അപ് വാഹനങ്ങളില്‍ കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് കവാടങ്ങള്‍ ഇടിച്ചുനിരത്തിയതായും കാവല്‍ നിന്നവരെ നിരായുധരാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.