Connect with us

Kerala

സൊസൈറ്റികള്‍ക്കും കമ്പനികള്‍ക്കും സര്‍വകലാശാല തുടങ്ങാം

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തെ ഇതര സംസ്ഥാനങ്ങളുടെ മാതൃകയില്‍ കമ്പനികള്‍ക്കും ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിന് അനുമതി നല്‍കണമെന്നതുള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ് സമിതി റിപ്പോര്‍ട്ട് കൈമാറിയത്. എം ജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും പ്രൊഫ. സി ഐ അബ്ദുര്‍റഹ്മാന്‍ കണ്‍വീനറുമായ പത്തംഗ വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇന്നലെ സര്‍ക്കാറിന് സമര്‍പ്പിച്ചത്.
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാ ന്‍ അനുകൂല സാഹചര്യമാണെന്നാണ് സ്വകാര്യ സര്‍വകലാശാലകളുടെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. വിദ്യാഭ്യാസ രംഗത്ത് പത്ത് വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള സാമ്പത്തിക ഭദ്രതയുള്ള ഏജന്‍സികള്‍ക്ക് സ്വകാര്യ സര്‍വകലാശാല തുടങ്ങാം. റിപ്പോര്‍ട്ട് പ്രകാരം നഗരപരിധിയില്‍ കുറഞ്ഞത് 20 ഏക്കര്‍ ഭൂമിയും ഗ്രാമപ്രദേശമാണെങ്കില്‍ 30 ഏക്കര്‍ ഭൂമിയും ഉണ്ടായിരിക്കണം. 20 കോടി രൂപ സര്‍ക്കാറിന്റെയും ഏജന്‍സിയുടെയും പേരില്‍ സംയുക്ത സ്ഥിരനിക്ഷേപമായി വേണം. ഇതിനു പുറമെ 30 കോടിയുടെ പ്രവര്‍ത്തന ഫണ്ടും ഉണ്ടായിരിക്കണം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് അപേക്ഷയോടൊപ്പം സര്‍ക്കാറിന് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തലത്തില്‍ നിയമിക്കുന്ന മുന്നംഗ വിദഗ്ധ സമിതി പരിശോധനകള്‍ നടത്തി നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്. സര്‍വകലാശാലയെ വാണിജ്യവത്കരിക്കുന്നത് നിരുത്സാഹപ്പെടുത്തും. ഓരോ സര്‍വകലാശാലയും സംസ്ഥാന സര്‍ക്കാറും യു ജി സിയും അനുശാസിക്കുന്ന വ്യത്യസ്ത മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വകലാശാലയുടെ പഠനനിലവാരം പരിശോധിക്കും. സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലയുടെ കാര്യത്തില്‍ തുറന്ന സമീപനം പ്രകടിപ്പിക്കുന്നുണ്ടെന്ന് സമിതി ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉന്നത വിദ്യാഭാസ രംഗത്ത് സ്വകാര്യ മുലധനം കൊണ്ടുവരുന്നതിലൂടെ സര്‍ക്കാറിന്റെ ഈ മേഖലയിലെ അമിതഭാരം കുറക്കുന്നതിന് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്നതിലുടെ സാധ്യമാകും. എന്നാല്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ സ്വകാര്യ സര്‍വകലാശാലകളില്‍ സംഭവിക്കാനിടയുള്ള അഴിമതിയെ സുതാര്യത നടപ്പാക്കിയും സോഷ്യല്‍ ഓഡറ്റിംഗിന് വിധേയമാക്കിയും മറികടക്കാനാകുമെന്ന് ഡോ. സിറിയക് തോമസ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം പിന്നിലാണെന്നും സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത് ഇതിനു പരിഹാരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളേയും പ്രവേശിപ്പിക്കാം. സ്വകാര്യ സര്‍വകലാശാലകള്‍ യു ജി സിയുടെ 2 എഫ് കാറ്റഗറിയില്‍ ഉള്‍പ്പെടണം. ഇതില്‍ ഉള്‍പ്പെട്ടാലേ കോഴ്‌സുകള്‍ നടത്താനാകൂ. അഞ്ച് വര്‍ഷം കൊണ്ട് സര്‍വകലാശാലകള്‍ നാക്കിന്റെ ഗ്രേഡിംഗ് നേടിയിരിക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു. കേരളമൊഴികെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 207 സ്വകാര്യ സര്‍വകലാശാലകള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Latest