ജൈവകൃഷി വ്യാപകം; വിറ്റഴിക്കുന്നത് വ്യാജന്‍

Posted on: September 3, 2015 6:00 am | Last updated: September 4, 2015 at 12:57 am

vegitable-1പാലക്കാട്: വിഷരഹിത ഭക്ഷ്യവസ്തുവെന്ന പേരില്‍ വിറ്റഴിക്കപ്പെടുന്ന ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെ പേരിലും തട്ടിപ്പ് വ്യാപകമാകുന്നു. സംസ്ഥാനത്ത് വന്‍ വിലക്ക് വില്‍ക്കപ്പെടുന്ന മിക്ക ജൈവ കാര്‍ഷിക ഉത്പന്നങ്ങളും ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനില്ലാതെയാണെന്നാണ് കണ്ടെത്തല്‍. നാഷനല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷനാ (എന്‍ പി ഒ പി) ണ് രാജ്യത്തെ ജൈവ ഉത്പന്നങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ഏജന്‍സികളെ നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ 2016 ലെ ജൈവ കൃഷിയിലൂടെയുള്ള ഉത്പാദനം ഒരു ബില്ല്യണ്‍ ഡോളര്‍ (6000 കോടി രൂപ) കടക്കുമെന്നാണ് കണക്കുകൂട്ടല്‍, ബി വി ക്യു ഐ പ്രൈവറ്റ് ലിമിറ്റഡ്, എക്കോസെര്‍ട്ട് സൗത്ത് ആഫ്രിക്ക ഇന്ത്യാ ബ്രാഞ്ച്, ഇന്‍ഡോസെര്‍ട്ട്, ഐ എം ഒ കണ്‍ട്രോള്‍ പ്രൈവറ്റ് ലിമിറ്റഡ്, ഇന്റര്‍നാഷനല്‍ റിസോഴ്‌സസ് ഫോര്‍ ഫെയര്‍ ട്രേഡ് സോന ഉദ്യോഗ്, ലാക്കണ്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, നോക്ക (നാച്വറല്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ അസോസിയേഷന്‍), വണ്‍സെര്‍ട്ട് ഏഷ്യ അഗ്രി സര്‍ട്ടിഫിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എസ് ജി എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്‌കാല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യാ ലിമിറ്റഡ്, ഉത്തരാഞ്ചല്‍ സ്റ്റേറ്റ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി തുടങ്ങിയവയാണ് രാജ്യത്ത് എവിടെയും ഉത്പാദിപ്പിക്കുന്ന ജൈവ ഉത്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന 11 ഏജന്‍സികള്‍. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ദേശീയ ജൈവകൃഷി പദ്ധതി പ്രകാരം കേന്ദ്രീകൃത സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന് പകരമാണ് 11 കമ്പനികളെ സര്‍ക്കാര്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന് ഏല്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ 10,400 ഹെക്ടര്‍ കൃഷിസ്ഥലത്തെ ഉത്പന്നങ്ങള്‍ക്ക് ജൈവ കൃഷി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് കേടായിപ്പോകുന്ന പച്ചക്കറികള്‍ക്കും അരിക്കുമാണ് സര്‍ട്ടിഫിക്കേഷനുള്ളത്. ഇന്‍ഡോസെര്‍ട്ട് ആണ് കേരളത്തിലെ 80 ശതമാനം കൃഷിസ്ഥലങ്ങള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ ആകെ കൃഷിസ്ഥല വിസ്തൃതിയുടെ 19 ശതമാനം വരുന്ന ഇത്രയും സ്ഥലത്തുനിന്നും ലഭിക്കുന്നതിന്റെ നിരവധി ഇരട്ടി ഉത്പന്നങ്ങളാണ് കേരളത്തില്‍ ജൈവ ഉത്പന്നങ്ങളെന്ന പേരില്‍ വിറ്റഴിയുന്നത്. ഇവ പരിശോധിക്കാനോ തട്ടിപ്പ് തടയാനോ കൃഷി വകുപ്പിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും സാധിക്കുന്നില്ല. സംസ്ഥാനത്തെ നെല്ല് ഉത്പാദനത്തില്‍ ജൈവ അരിയുടെ വിഹിതം വെറും എട്ട് ശതമാനം മാത്രമാണ്. എന്‍ പി ഒ പിയുടെ അംഗീകാരമുള്ള 42,880 ടണ്‍ ജൈവ അരിയാണ് കേരളത്തില്‍ വിളഞ്ഞത്. ഇവയില്‍ത്തന്നെ പരമ്പരാഗത ജൈവ കര്‍ഷകര്‍ വിത്തിറക്കിയ നവര, നാടന്‍ നെല്‍വിത്തിനങ്ങളായ തവളക്കണ്ണന്‍, കെച്ചിവിത്ത്, ഗന്ധകശാല, ഞവര, കീമ, ചേറാടി, ചീറ്റേനി, വാലിക്കറുപ്പന്‍, അരക്കന്‍, അറാംവെള്ള തുടങ്ങിയ ഇനങ്ങളാണ് വിളഞ്ഞത്. രാസവളങ്ങളിടാതെ ജൈവ കൃഷി പ്രകാരം മരുന്നിനും ഗള്‍ഫ് രാജ്യങ്ങളിലെ ബന്ധുക്കള്‍ക്ക് അയക്കാനും വേണ്ടിയുള്ള കൃഷിയാണിത്. പൊതുവിപണിയില്‍ ഇവ വാങ്ങാന്‍ കിട്ടില്ല. എന്നാല്‍ വിപണിയില്‍ പത്തിനങ്ങളോളം ജൈവ അരികള്‍ കേരളത്തില്‍ വാങ്ങാന്‍ കിട്ടും. പാലക്കാടന്‍ ജൈവ മട്ട എന്ന പേരില്‍ മൂന്ന് ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വാങ്ങാം. എന്നാല്‍ ഇവക്ക് മേല്‍പ്പറഞ്ഞ 11 കമ്പനികളില്‍ ഒന്നിന്റെയും ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ഇല്ല. ഓര്‍ഗ് റൈസ്, ദക്ഷ് റൈസ് തുടങ്ങിയ പേരുകളില്‍ 800 ഗ്രാം പാക്കിന് 145 രൂപ വരെ വിലയിട്ടാണ് ഇന്റര്‍നെറ്റിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജൈവ മട്ടയരിയുടെ വില്‍പ്പന. ബിരിയാണിക്ക് ഉപയോഗിക്കുന്ന കീമ, ഗന്ധകശാല അരികളും ഇപ്രകാരം ജൈവ അരിയെന്ന് പേരിട്ട് വില്‍ക്കുന്നുണ്ട്. ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ലക്ഷ്യമിട്ടാണ് ഇവയുടെ വില്‍പ്പന. സംസ്ഥാന വിപണിയിലേക്ക് വേണ്ടി ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറിയുടെ അളവ് ആകെ ഉത്പാദനത്തിന്റെ 42 ശതമാനമാണ്. അന്താരാഷ്ട്ര കുടുംബ കൃഷി വര്‍ഷത്തിന്റെ ഭാഗമായി അടുക്കളത്തോട്ടങ്ങളില്‍ വിളവെടുക്കുന്നതുകൂടി ചേര്‍ത്താണ് ഇവ. പെട്ടെന്ന് കേടായിപ്പോകുന്ന തനത് പച്ചക്കറികളാണിവയെല്ലാം. വിപണിയിലെത്തിയാല്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഇവ കേടാകാതെ ഇരിക്കില്ല. ജൈവകൃഷി പ്രകാരം സീസണല്‍ പച്ചക്കറികളായ പയര്‍, വെണ്ട, തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന, പാവല്‍, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ ജൈവ കര്‍ഷകരില്‍ മിക്കവരും വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ ഔട്ട്‌ലെറ്റുകള്‍ വഴിയോ നാഷനല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ റീട്ടെയില്‍ ശൃംഖല വഴിയോ ആണ് വില്‍ക്കുന്നത്. എന്നാല്‍ നിലവില്‍ ജൈവ പച്ചക്കറികളെന്ന പേരില്‍ വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും പയറും വെണ്ടയും വെള്ളരിയുമെല്ലാം വാങ്ങാന്‍ കിട്ടും. ജൈവ പച്ചക്കറികള്‍ വീട്ടിലെത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്‌കീമുകളും ധാരാളം. എന്നാല്‍ ദിവസങ്ങളോളം കേടുകൂടാതെയിരിക്കുന്ന ഇവ മരുന്നടിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്.