മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും രണ്ട് തട്ടില്‍

Posted on: September 3, 2015 5:20 am | Last updated: September 2, 2015 at 11:21 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാറില്‍ ഭിന്നത. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനെ അനുകൂലിക്കുമ്പോള്‍, നിലവില്‍ കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകളുടെ ആവശ്യമില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ്. സ്വകാര്യസര്‍വകലാശാല എന്ന ആശയത്തോട് തന്നെ യോജിപ്പ് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.
എന്നാല്‍ ഇതേകുറിച്ച് യു ഡി എഫിലും മന്ത്രിസഭയിലും ചര്‍ച്ചചെയ്തശേഷം പ്രതിപക്ഷവുമായും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായും ആശയവിനിമയം നടത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ട് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അരങ്ങൊരുക്കുന്ന സമീപനമാണ് മുഖ്യാമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. റിപ്പോര്‍ട്ട് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷവും ഒരേ വേദിയില്‍ വെച്ച് ഇരുവരും നല്‍കിയ പ്രതികരണങ്ങളും ഈ വിഷയത്തില്‍ ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച തുടര്‍ നടപടികളെടുക്കാന്‍ രാഷ്ട്രീയ സമവായം തേടേണ്ടി വരും. ക്ലിഫ് ഹൗസില്‍ റിപ്പോര്‍ട്ട് നല്‍കാനെത്തിയ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലും കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി വിയോജി പ്പ് ആവര്‍ത്തിച്ചിരുന്നു.
സ്വകാര്യ സര്‍വകലാശാലകളെ കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത് ചെയര്‍മാന്‍ കൂടിയായ വിദ്യാഭ്യാസമന്ത്രിയെ അറിയിക്കാതെയായിരുന്നു. ഇതും എതിര്‍പ്പിന് ആക്കം കൂട്ടി. ഇതിന് പുറമെ വകുപ്പുകളുമായി ബന്ധപ്പട്ട റിപ്പോര്‍ട്ടുകള്‍ വകുപ്പ് മന്ത്രി ഏറ്റുവാങ്ങുന്ന പതിവിന് വിപരീതമായി സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മുഖ്യമന്ത്രിയാണ് ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക താതപര്യത്തെ തുടര്‍ന്നാണ് സ്വകാര്യ സര്‍വകലാശാലകളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയമിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞിരുന്നു. രാജ്യത്തെ പ്രശസ്തമായ ഒരു സ്വകാര്യ സര്‍വകളാശാലയുമായി ചേര്‍ന്ന് തൃശൂരിലെ ഒരു കോളജ് അധികൃതര്‍ മദര്‍ തെരേസയുടെ പേരില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിന് അനുമതി തേടി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്ത് വിദഗ്ധ സമിതിയെ നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കൗമ്‌സിലിന്റെ ദൈനംദിന് പ്രവര്‍ത്തനങ്ങളില്‍ ചെയര്‍മാനായ വിഭ്യാഭ്യാസമന്ത്രി ഇടപെടില്ലെന്നും ഗവേര്‍ണിംഗ് ബോഡിയില്‍ മാത്രമെ മന്ത്രി ഇടപെടുകയുള്ളൂവെന്നുമായിരുന്നു കൗണ്‍സില്‍ മെമ്പര്‍സെക്രട്ടറിയുടെ വിശദീകരണം.
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാമെന്ന് ശിപാര്‍ശചെയ്യുന്ന ഡോ.സിറിയകിന്റെ നേതൃത്വത്തിലുള്ള പത്തംഗ വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയത്.
സ്വകാര്യ സര്‍വകലാശാല; ഭിന്നത തുടരുന്നു,