ആ സ്ത്രീ ഒരു പ്രതീകം

Posted on: September 2, 2015 7:48 pm | Last updated: September 2, 2015 at 7:48 pm
എല്‍വിസ് ചുമ്മാര്‍ എഡിറ്റോറിയല്‍ ഹെഡ്  ജയ്ഹിന്ദ് ടി വി   മിഡില്‍ ഈസ്റ്റ്‌
എല്‍വിസ് ചുമ്മാര്‍
എഡിറ്റോറിയല്‍ ഹെഡ്
ജയ്ഹിന്ദ് ടി വി
മിഡില്‍ ഈസ്റ്റ്‌

സിറാജ് ദിനപത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ പത്താം വാര്‍ഷികത്തിന് ആശംസ.
ദുബൈയില്‍ മാത്രമായി, കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ഞാന്‍ തുടരുന്ന മാധ്യമ പ്രവര്‍ത്തനത്തിനിടെ, മനസ്സിനെ വലിയ സ്വാധീനിച്ച ഏറ്റവും ഒടുവിലെ വാര്‍ത്താ റിപ്പോര്‍ട്ടായിരുന്നു രാജമ്മയുടേത്. സിറാജ് ഉള്‍പ്പടെയുള്ള എല്ലാ പ്രമുഖ പത്രമാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും രാജമ്മയെ കുറിച്ചുള്ള എന്റെ ഈ വാര്‍ത്തയെ ഏറ്റെടുത്തിരുന്നു. ഇത് ഞാന്‍ ഇവിടെ പറയാന്‍ കാരണം, ഗള്‍ഫിലെ മലയാള മാധ്യമങ്ങളുടെ ഇടപെടല്‍, സ്വാധീനം എന്നിവ ഇത് വായിക്കുന്നവരെ ഒന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ദേഹത്ത് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ രാജമ്മ. ഇവരുടെ ദേഹത്ത് പൊള്ളലേറ്റ പാടിന്റെ പേരില്‍ കുഷ്ഠരോഗിയെന്ന് വിളിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. നമ്മുടെ മാധ്യമങ്ങള്‍ ഇത് തിരുത്തേണ്ടതല്ലേ. അഭയം നല്‍കേണ്ടവര്‍, ആശ്വാസ വാക്കുകള്‍ പറയേണ്ടിയിരുന്നവര്‍, അവഗണനയുടെ ആള്‍ രൂപമാകുമ്പോള്‍, മാധ്യമങ്ങളുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. ഇതുപോലുളള രാജമ്മമാര്‍ ഇനി, ഇവിടെ വന്ന് കുടുങ്ങരുത്. ഇവിടെയാണ്, നാട്ടില്‍ നിന്നും ഗള്‍ഫിലെ മാധ്യമ സമൂഹവും വായനക്കാരും ഏറെ വ്യത്യസ്തമാകുന്നത്.
പ്രവാസ ജീവിതം, നമ്മുടെ സംസ്‌കാരത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അത് നമ്മുടെ ഭാഷ, ഭാവന, വികസനം എന്നിവയില്‍ എല്ലാം പ്രകടമാണ്. ഇപ്പോള്‍, ഇവിത്തെ മാധ്യമങ്ങള്‍, അത് പത്രമോ, ടെലിവിഷനോ, റേഡിയോ ഏതായാലും പ്രവാസി മലയാളിയുടെ ഓരോ ജീവിത ചലനങ്ങളിലും നേര്‍രേഖയായി നില്‍ക്കുന്നു. അതിന് എന്നും ഊര്‍ജം പകരാന്‍ കൂടി വായനക്കാരുടെയും പ്രേക്ഷകരുടെയും ശ്രോതാക്കളുടെയും നിലവാരം കൂടി ഉയരണം. തിന്മകള്‍ കണ്ട്, കാഴ്ച നഷ്ടപ്പെട്ട സമൂഹത്തിന് പുത്തന്‍ കാഴ്ചയായി മാധ്യമങ്ങളും മാറേണ്ടിയിരിക്കുന്നു.
മാധ്യമങ്ങള്‍ ഒരു സമൂഹത്തിന് പിന്നാലെ പോകേണ്ടവര്‍ അല്ല, മറിച്ച്, ഒരു സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടവരാണ്. ആ പ്രതീക്ഷകളോടെ മുന്നേറാന്‍ സിറാജ് ദിനപത്രത്തിനും കുടുംബത്തിനും കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.