കാപ്പാടിന് പ്രത്യേക വികസന പദ്ധതി

Posted on: September 2, 2015 12:44 pm | Last updated: September 2, 2015 at 12:44 pm

കോഴിക്കോട്്: വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് നിര്‍മിച്ച ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് സെന്റര്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികളടക്കം കാപ്പാട് തീരത്ത് എത്തുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണിത്. ഒരു എ എസ് ഐയുടെ നേതൃത്വത്തില്‍ അഞ്ച് പുരുഷ പോലീസുകാരും രണ്ട് വനിതാ പോലീസുകാരുമടങ്ങുന്നതാണ് സെന്റര്‍. ഇവിടേക്ക് ഒരു ജീപ്പും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം സെന്ററുകള്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
നാശോന്‍മുഖമായ കാപ്പാടിന്റെ ടൂറിസ്റ്റ് സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനായി സമഗ്ര വികസന പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. കടപ്പുറത്ത് കുട്ടികളുടെ പാര്‍ക്ക് തുടങ്ങും. വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി ലൈഫ്‌ബോട്ട’് അടക്കമുള്ള സന്നാഹങ്ങളുള്‍പ്പെടുന്ന സുരക്ഷാ പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ ഡി ടി പി സിക്ക് മന്ത്രി നിര്‍ദേശം നല്‍കി. കാപ്പാട് പോലീസ് സ്റ്റേഷന്‍ വേണമെന്ന കെ ദാസന്‍ എം എല്‍ എയുടെ ആവശ്യത്തോട് പ്രതികരിക്കവെ, സ്ഥലം കണ്ടെത്തി നല്‍കിയാല്‍ പുതിയ സ്റ്റേഷന്‍ സ്ഥാപിക്കാമെന്ന്്്് മന്ത്രി ഉറപ്പ് നല്‍കി.
കൊയിലാണ്ടിയിലെ രൂക്ഷമായ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെപ്തംബര്‍ ഒന്‍പതിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കി. പോലീസ്, ട്രാഫിക് വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് യോഗം ചേരുക.
കെ ദാസന്‍ എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, ഡി ജി പി. ടി പി സെന്‍കുമാര്‍, ഡി ടി പി സി സെക്രട്ടറി പി ജി രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രഹാസന്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരി, മുന്‍ മന്ത്രി പി കെ കെ ബാവ, ഏഴിമല നാവിക അക്കാദമി ലഫ്. കമാന്റര്‍ നിഷാന്ത് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.