Connect with us

Ongoing News

പ്രതിരോധത്തില്‍ 'ഉറച്ച്' ബ്ലാസ്റ്റേഴ്‌സ്‌

Published

|

Last Updated

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ എഡിഷനില്‍ പ്രതിരോധ നിരയുടെ കരുത്തുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ വരെ മുന്നേറിയത്. എത്തവണയും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് വാസ്തവം.
റാമ്പോ എന്ന വിളിപ്പേരുള്ള ന്യൂകാസിലിന്റെയും ക്രിസ്റ്റല്‍ പാലസിന്റെയും ഡിഫന്‍ഡറായിരുന്ന പീറ്റര്‍ റാമേജ്, ബ്രൂണോ പെറോണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കേരളപ്പടയുടെ പ്രതിരോധത്തില്‍ ഷെഫീല്‍ യുണൈറ്റഡ്, സ്‌കെന്‍തോര്‍പ്പ് യുണൈറ്റഡ് ക്ലബുകളുടെ ഫുള്‍ബാക്കായിരുന്ന ഇംഗ്ലണ്ടുകാരന്‍ മാര്‍ക്കസ് വില്യംസ്, ബ്രസീലില്‍നിന്നുള്ള ഇര്‍വിന്‍ സ്പിറ്റ്‌സ്‌നെര്‍ എന്നിവരും അണിനിരക്കും. ആദ്യ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന ആഭ്യന്തര താരങ്ങളായ സന്ദേശ് ജിങ്കന്‍, ഗുര്‍വിന്ദര്‍ സിംഗ്, നിര്‍മല്‍ ചേത്രി, സൗമിക് ഡേ, രമണ്‍ദീപ് സിംഗ് എന്നിവരും ചേരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം പൊളിക്കാന്‍ എതിര്‍ടീമുകള്‍ പാടുപെടും.
മാര്‍ക്വൂ താരം കാര്‍ലോസ് മര്‍ച്ചേന ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളിലായിരിക്കും കളത്തിലിറങ്ങുക. കഴിഞ്ഞ തവണ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ പ്രതിരോധ നിരയുടെ പ്രകടനം നിര്‍ണായകമായിരുന്നു. അന്ന് ഉറച്ച പ്രതിരോധം തീര്‍ത്ത സെഡ്രിക് ഹെംഗ്‌ബെര്‍ട്ട്, കോളിന്‍ ഫാല്‍വെ എന്നിവര്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സിനൊപ്പമില്ല. ഹെംഗ്ബര്‍ട്ട് ഇത്തവണ നോര്‍ത്ത് ഈസ്റ്റിനുവേണ്ടിയാണ് കളിക്കുന്നത്. റാമ്പോ, പെറോണ്‍ എന്നിവര്‍ക്കൊപ്പം സന്ദേശ് ജിങ്കനും ഗുര്‍വിന്ദര്‍ സിംഗുമായിരിക്കും ആദ്യ ഇലവനില്‍ പ്രതിരോധം കാക്കാനിറങ്ങുക. ഈ പ്രതിരോധ മതില്‍ കടന്ന് ഗോളുകള്‍ കണ്ടെത്താന്‍ എതിരാളികള്‍ക്ക് പതിനെട്ടടവും പയറ്റേണ്ടിവരും എന്നത് തീര്‍ച്ചയാണ്. വില്യംസ്, സ്പിറ്റ്‌സ്‌നെര്‍, നിര്‍മല്‍ ചേത്രി, രമണ്‍ദീപ് സിംഗ്, സൗമിക് ഡേ എന്നിവര്‍ പകരക്കാരുടെ റോളിലിറങ്ങും.
റാമ്പോയും വില്യംസും പ്രതിരോധത്തില്‍ യാതൊരു പഴുതും അനുവദിക്കാത്ത താരങ്ങളാണ്. എതിരാളികളെ തടയുന്നതില്‍ മാത്രമല്ല, കോര്‍ണര്‍ കിക്കില്‍നിന്ന് ഹെഡ്ഢറുകളിലൂടെയും മൈതാന മധ്യത്തില്‍നിന്ന് പെനാല്‍റ്റി ഏരിയകളിലേക്ക് വരുന്ന ഫ്രീകിക്കുകളില്‍നിന്നും ഗോളുകള്‍ കണ്ടെത്താന്‍ സമര്‍ഥരാണ് മര്‍ച്ചേനയും പൊറോണും. സ്പിറ്റ്‌സ്‌നെറും പ്രതിരോധത്തില്‍ പയറ്റിത്തെളിഞ്ഞ പടയാളിയാണ്. വിദേശ പ്രതിരോധ നിരക്കാരുടെ മുന്നില്‍ ഹൈബോളുകള്‍ കളിച്ച് ഗോള്‍ നേടുക എന്നത് ശ്രമകരമായിരിക്കും.
ആദ്യ സീസണിലെ എമര്‍ജിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട സന്ദേശ് ജിങ്കന്‍ അവസാനംവരെ പോരാട്ടവീര്യം പുറത്തെടുക്കുന്ന താരമാണ്. ജിങ്കന്‍ ബാക്ക്‌ലൈനില്‍നിന്നും പന്തുമായി മുന്നേറുന്നതും അതേവേഗതയില്‍ തിരിച്ചുവരുന്നതും സ്ലൈഡിംഗിലൂടെ എതിരാളികളില്‍നിന്നും പന്ത് രക്ഷപ്പെടുത്തുന്നതും നിരവധി തവണ കണ്ടതാണ്. ഗുര്‍വിന്ദര്‍ സിംഗിന്റെ ഗോള്‍ലൈന്‍ സേവുകള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇപ്പോഴും മറക്കാത്ത നിമിഷങ്ങളാണ്.
റാമ്പോ, മര്‍ച്ചേന, പെറോണ്‍, കൊയിമ്പ്ര, സാഞ്ചസ് വാട്ട്, ഗോളി ബൈവാട്ടര്‍ എന്നിവരായിരിക്കും ഫസ്റ്റ് ഇലവനിലെ വിദേശ താരങ്ങള്‍.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളിലിറങ്ങുന്ന പോര്‍ച്ചുഗല്‍ താരം ജോ കൊയിമ്പ്രയായിരിക്കും ഇത്തവണ മധ്യനിരയില്‍ കളി നിയന്ത്രിക്കുക. സ്‌പെയിനില്‍നിന്നുള്ള വിക്ടര്‍ പള്‍ഗ, ജോസു എന്നിവരാണ് മറ്റ് വിദേശ മിഡ്ഫീല്‍ഡര്‍മാര്‍. മെഹ്താബ് ഹുസൈന്‍, കെവിന്‍ ലോബോ, പീറ്റര്‍ കാര്‍വാലോ, സി കെ വിനീത്, ഇഷ്ഫാഖ് അഹമ്മദ്, ശങ്കര്‍ സാംപിന്‍ഗിരാജ് എന്നിവര്‍ ആഭ്യന്തര താരങ്ങളും.
ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ഇംഗ്ലീഷ് ഫുട്‌ബോളര്‍മാരാണ്. പത്താം നമ്പറില്‍ ഇറങ്ങുന്ന സാഞ്ചസ് വാട്ട്, ക്രിസ് ഡാഗ്‌നെല്‍, അന്റോണി ജെര്‍മന്‍ എന്നിവരാണ് വിദേശ താരങ്ങള്‍. മലയാളിയായ മുഹമ്മദ് റാഫി, മനന്‍ദീപ് സിംഗ് എന്നിവര്‍ ആഭ്യന്തര താരങ്ങളും.
റാമ്പോ, മര്‍ച്ചേന, കൊയിമ്പ്ര, സാഞ്ചസ് വാട്ട് കൂട്ടുകെട്ടിലൂടെയായിരിക്കും പീറ്റര്‍ ടൈലറും ട്രെവര്‍ മോര്‍ഗനും തങ്ങളുടെ തന്ത്രങ്ങള്‍ മൈതാന മധ്യത്തില്‍ പ്രാവര്‍ത്തികമാക്കുക.
ഗോള്‍വല കാക്കാന്‍ ഇംഗ്ലണ്ടുകാരന്‍ സ്റ്റീഫന്‍ ബൈവാട്ടറും കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന സന്ദീപ് നന്ദി, മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ ഷില്‍ട്ടണ്‍ പോളുമാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലന ക്യാമ്പ് ഈയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. ഏതാണ്ട് ഒരു ആഴ്ചക്കാലത്തെ ക്യാമ്പിനുശേഷം ടീം പരിശീലന മത്സരങ്ങള്‍ക്കുവേണ്ടി ഗോവയിലേക്ക് പോകും.

---- facebook comment plugin here -----

Latest