സ്വകാര്യ സര്‍വകലാശാലക്ക് ഉന്നത കൗണ്‍സില്‍ അംഗീകാരം

Posted on: September 1, 2015 5:51 am | Last updated: September 1, 2015 at 12:51 am

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു. ഡോ. സിറിയക് തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സമര്‍പ്പിക്കും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തിക്കൊണ്ടു സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങണമെന്നു നിര്‍ദേശിക്കുന്നതാണു റിപ്പോര്‍ട്ട്. ഡോ. സിറിയക് തോമസ് അധ്യക്ഷനായ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിനു ഭേഗതികളോടെയാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. വിദ്യാര്‍ഥി പ്രവേശനത്തിനു സംവരണം ഏര്‍പ്പെടുത്തണമെന്നതാണു പ്രധാന ഭേഗഗതി. സര്‍ക്കാര്‍ സര്‍വകലാശാലകളിലെയും കോളജുകളിലെയും മാതൃകയിലായിരിക്കും സംവരണം നടപ്പിലാക്കുക. വിസിമാരുടെ നിയമനം, പുറത്താക്കല്‍ എന്നീ കാര്യങ്ങളില്‍ ചില ഭേദഗതികള്‍ കൂടി വരുത്തിയിട്ടുണ്ട്.
ഫീസും സിലബസും ഉള്‍പ്പെടെ നയപരമായ അധികാരങ്ങളോടെ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. സെനറ്റിന് പകരം കോര്‍ട്ട് എന്ന പേരിലും സിന്‍ഡിക്കേറ്റിന് പകരം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍ എന്നിങ്ങനെയുമുള്ള ഘടനയാണ് സ്വകാര്യ സര്‍വകലാശാലക്കായി നിര്‍ദേശിച്ചിരിക്കുന്നത്. ഗവര്‍ണര്‍ വിസിറ്ററാകും. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി കിട്ടുന്ന ഏജന്‍സികള്‍ക്ക് ചാന്‍സിലറെ നിശ്ചയിക്കാം. സിലബസും ഫീസുമെല്ലാം തീരുമാനിക്കാന്‍ സ്വകാര്യ സര്‍വകലാശാലക്ക് അധികാരമുണ്ടാകും. കോര്‍ട്ടിലേക്കും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്കും രണ്ട് പ്രതിനിധികളെയും . അക്കാദമിക് കൗണ്‍സിലിലേക്ക് ഒരാളെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് നാമനിര്‍ദേശം ചെയ്യാം. നഗരപരിധിയില്‍ 20 ഏക്കറും ഗ്രാമങ്ങളില്‍ 30 ഏക്കറും സ്ഥലം വേണമെന്നും വ്യവസ്ഥയുണ്ട്.
മദര്‍ തെരേസയുടെ പേരില്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ അനുമതിയാവശ്യപ്പെട്ട് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച നീക്കം തുടങ്ങിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച കത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കൈമാറിയതോടെ ഡോ. സിറിയക് തോമസിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയായിരുന്നു. മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ്, മധുര കാമരാജ് സര്‍വകലാശാല മുന്‍ വി സി. ഡോ എം സാഹിലു, ഡല്‍ഹി ലോ യൂണിവേഴ്‌സിറ്റി വി സി ഡോ ചന്ദ്രശേഖരപിള്ള, മുന്‍ സര്‍ക്കാര്‍ സെക്രട്ടറി ലിഡാ ജേക്കബ്, എം ഇ എസ് സെക്രട്ടറി ഡോ ലബ്ബ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ അന്‍വര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സമിതി.