ഇന്നത്തെ പുതുമ നാളത്തെ പഴമ

Posted on: September 1, 2015 5:40 am | Last updated: September 1, 2015 at 12:41 am

ഒരു പരിഷ്‌കരിച്ച സമൂഹത്തെക്കുറിച്ചും മാറിച്ചിന്തിക്കുന്ന ജനതയെക്കുറിച്ചും കൂടിയ അളവില്‍ ചര്‍ച്ച ചെയ്യുന്ന നാടാണ് നമ്മുടേത്. പുരോഗതിയുടെ അളവുകോലെന്നത് അതിശീഘ്രം സംഭവിക്കുന്ന മാറ്റങ്ങളോട് ബന്ധപ്പെടുത്തിയാണ് നാം മാനദണ്ഡമാക്കുന്നത്. ജീവിതത്തിന്റെ വേഗത വര്‍ധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങളും എത്തിപ്പെടുന്നിടം പുരോഗതി പ്രാപിച്ചു എന്നു നാം വിലയിരുത്തുന്നു. എന്നാല്‍ പരിഷ്‌ക്കരിക്കപ്പെട്ട സമൂഹമാകണമെങ്കില്‍ ചിന്താരംഗത്ത് അടിമുടി മാറിയ പുതു ചിന്തകള്‍ തന്നെ രൂപപ്പെടേണ്ടിവരും. ഇതു രണ്ടും ഇപ്പോള്‍ സംഭവിക്കുന്നുണ്ടോ എന്നത് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
ഭൂമിയും പരിസ്ഥിതിയും അതിന്റെ പഴയ ആടയാഭരണങ്ങള്‍ കയ്യൊഴിഞ്ഞപ്പോള്‍ നമ്മുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിലും സമൂലമായ മാറ്റം തന്നെ സംഭവിച്ചതായി കണക്കാക്കണം. വികസനത്തിന്റെ പേരിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലും ഒക്കെ നടക്കുന്ന വാദവിവാദങ്ങള്‍ സജീവമാകുന്നത് നമുക്കുചുറ്റും നടക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളണോ തള്ളണോ എന്നതിലെ തര്‍ക്കങ്ങള്‍ക്കിടയിലാണ്. അതേസമയം പഴയ ജീവിതസമ്പ്രദായം എന്നത് പുതിയ തലമുറയെ സംബന്ധിച്ചേടത്തോളം തീര്‍ത്തും അന്യമാണെന്നതാണ് സത്യം. ഇന്ന് വളരെയേറെ പുതുമയോടെ നമ്മുടെ യുവതയും കാലവും വാരിപ്പുണരുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ പഴമക്കാരെ സംബന്ധിച്ചേടത്തോളം സങ്കല്‍പ്പത്തില്‍ പോലും ഇല്ലാത്തതുമായിരുന്നു.
അതുകൊണ്ടുതന്നെ പഴയ ജീവിത രീതികളെ പുതിയ തലമുറ അപ്പാടെ തള്ളിക്കളയുന്നതില്‍ കാര്യമില്ല. തിരിച്ച് എല്ലാ തരം പുതുമകളോടും പഴമക്കാരുടെ മുഖംതിരിക്കലും അനുപേക്ഷണീയമല്ല. എങ്ങനെയായിരുന്നു തങ്ങളുടെ പൂര്‍വികരുടെ സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകള്‍ എന്നത് അറിഞ്ഞിരിക്കല്‍ പുതിയ ജനറേഷന് മുന്നോട്ടേക്ക് സഞ്ചരിക്കാന്‍ ഊര്‍ജം പകരുന്നത് കൂടിയാകും. പിന്നിട്ട ജീവിതപ്പാതകള്‍ ഹൃദ്യവും ആസ്വാദ്യകരവുമായിരുന്നു എന്ന തോന്നല്‍ ശക്തിപ്പെടുക പുതിയപുതിയ മാറ്റങ്ങള്‍ കണ്ട് നാം അന്ധാളിച്ചുനില്‍ക്കുന്ന സമയത്തുകൂടിയായിരിക്കും. അങ്ങനെ പഴമയും പുതുമയും അനുഭൂതിദായകമാണെന്ന തോന്നല്‍ ശക്തമായി അനുഭവപ്പെടുക രണ്ടവസ്ഥയും അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരിലുമായിരിക്കും. മധ്യവയസ്സും പിന്നിടുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നവരിലാണ് ഈ വികാരങ്ങള്‍ കൂടുകൂട്ടുന്നത്.
ആ അര്‍ഥത്തില്‍ പുതുതലമുറക്ക് കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ ജീവിതാടയാളങ്ങള്‍ പരിചയപ്പെടാനും പഠിക്കാനും പഴയവരുടെ അനുഭവങ്ങളെ തേടിപ്പിടിച്ചു കണ്ടെത്തുന്നത് നന്നാകും. ആ തരത്തില്‍ പെട്ട ചില കാര്യങ്ങളിലേക്ക് ഒന്നെത്തിനോക്കാം. നിരവധി രംഗങ്ങളില്‍ മാറ്റം സംഭവിച്ചുവെങ്കിലും ദൃശ്യവത്കരിക്കപ്പെട്ട ഏറ്റവും വലിയ കാഴ്ച നമുക്ക് സമ്മാനിക്കുന്നത് നാടൊട്ടുക്കും ഉയര്‍ന്നുപൊങ്ങിയതും പൊങ്ങിക്കൊണ്ടിരിക്കുന്നതുമായ വീടുനിര്‍മാണ കാഴ്ചകളാണ്. കേരളത്തോളം ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ ഇന്ത്യയിലെന്നല്ല ലോകത്തു തന്നെ അപൂര്‍വ്വമായിരിക്കും.അതുകൊണ്ടുതന്നെ അഞ്ചു സെന്റിലും പത്തുസെന്റിലും വീടുകള്‍ നിര്‍മിച്ച് അണുകുടുംബമായി താമസിക്കുന്നതില്‍ വല്ലാതെ മുന്നേറിയ വിഭാഗമാണ് മലയാളികള്‍. പണി നടന്നു കൊണ്ടിരിക്കുന്നതും കാല്‍ നൂറ്റാണ്ടായി പണി കഴിഞ്ഞതുമായ വീടുകളെല്ലാം കോണ്‍ക്രീറ്റില്‍ പണിത ടെറസ് വീടുകളാണ് കാഴ്ച വട്ടത്തെങ്ങും. നമ്മുടെ ടീനേജ് തലമുറക്ക് ഇതില്‍ ഒരു അസ്വാഭാവികതയും പുതുമയും കണ്ടെത്താനുമാകില്ല.
എന്നാല്‍ അകമ്പതു വയസ്സ് പിന്നിട്ട മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ കുട്ടിക്കാല താമസവും അന്നുണ്ടായിരുന്ന വൈക്കോല്‍ പുരകളുടെ കാഴ്ചയും അതില്‍ താമസിച്ചപ്പോള്‍ അനുഭവപ്പെട്ടിരുന്ന കാലാവസ്ഥയും ഓര്‍മിക്കാതെ തരമുണ്ടാകില്ല. വൈക്കോല്‍ പുരകള്‍ക്കിടക്ക് അല്‍പ്പം സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കുടുംബങ്ങള്‍ കെട്ടിപ്പൊക്കിയിരുന്ന ഓടുമേഞ്ഞ പുരകള്‍ അന്നത്തെ ആര്‍ഭാട കാഴ്ചകളുമായിരുന്നു. ഓടിട്ടതും അതില്‍ത്തന്നെ രണ്ടും മൂന്നും തട്ടുകളുണ്ടായിരുന്നതുമായ മാളികപ്പുരകളില്‍ താമസിച്ചവരായിരുന്നു ആ കാലത്തെ പ്രമാണി വര്‍ഗത്തെ പ്രതിനിധീകരിച്ചിരുന്നത്. ആ കാലവും പോയ്മറഞ്ഞു. എന്നുതന്നെയല്ല നാടൊട്ടുക്കും കോണ്‍ക്രീറ്റ് ഭവനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തുകയും ചെയ്തു. ഇപ്പോള്‍ കേരളത്തിലൂടെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലൂടെ ഒന്ന് സഞ്ചരിച്ചുനോക്കൂ. പ്രമാണിയുടെ വീടേത് അപ്രമാണിയുടെ വീടേത് എന്നൊന്നും എളുപ്പത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനുമാകില്ല.
ഈ കാഴ്ചയിലൂടെ പഴമയെ പുതുമ അപ്പാടെ വിഴുങ്ങിയതായി കണക്കാക്കാം. ഇതൊരു മാറ്റം തന്നെയാണ്. അര നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന നാട്ടിന്‍പുറത്തെ ഇടവഴികളും പാട വരമ്പുകളും ഏറെക്കുറെ അപ്രത്യക്ഷമായി. പകരം വീതിയേറിയ ടാര്‍ചെയ്ത റോഡുകളും ചെറിയ ചെറിയ അങ്ങാടികളായിക്കൊണ്ടിരിക്കുന്ന നാല്‍ക്കവലകളും കേരളത്തിന്റെ പ്രത്യേകം കാഴ്ചകളുമായി. പഴയ തലമുറക്ക് ഇതൊക്കെ അത്ഭുതകരമായ മാറ്റം കണ്‍മുമ്പില്‍ സംഭവിക്കുമ്പോലെയാണെങ്കില്‍ പുതിയവര്‍ക്ക് ഇതൊരു സര്‍വ സാധാരണത്വം മാത്രം. ഇത്തരം മാറ്റങ്ങളൊക്കെ ഗുണകരമായിട്ടാണോ ദോഷകരമായിട്ടാണോ മലയാളിയെ സ്വാധീനിച്ചത്? രണ്ടിന്റേയും അംശം ഈ മാറ്റത്തില്‍ ദര്‍ശിക്കാവുന്നതേയുള്ളൂ എന്നുവേണം വിലയിരുത്താന്‍.വീടിനേയും അതിന്റെ പ്രൗഡിയേയും മാനദണ്ഡമാക്കിയുള്ള തറവാട്ടുമഹിമയും പ്രമാണിത്വവും അപ്രസക്തമായി എന്ന സാമൂഹിക മാറ്റം സ്വാഗതാര്‍ഹമായി കരുതാം. അതേസമയം നമ്മുടെ കാലാവസ്ഥക്കും പരിസ്ഥിതിക്കും തീരേ അനുയോജ്യമല്ലാത്ത വീടുകളും കുടിക്കാനുപയോഗിക്കുന്ന കിണര്‍ വെള്ളത്തില്‍ പോലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടാനുള്ള സാധ്യതകളും പരിഷ്‌കാരങ്ങള്‍ക്കിടയിലെ അപരിഷ്‌കൃതത്വമായി കാണുകയും വേണം.
സ്വച്ഛവും സുന്ദരവുമായിരുന്ന കാലാവസ്ഥയും പ്രകൃതിയും അതിന് അനുയോജ്യമായി നിര്‍മിച്ചുവെച്ചിരുന്ന വീടുകളും കൃഷിയിടങ്ങളും അതിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളുമെല്ലാം പഴയ തലമുറയുടെ ഗൃഹാതുര സ്മരണകളാണിന്ന്! എന്നാല്‍ പുതുതലമുറക്ക് ഈ അറിവുകളെല്ലാം പകര്‍ന്നു നല്‍കല്‍ അത്യന്താപേക്ഷിതവുമാണ്. അതെങ്ങനെ സാധിക്കും എന്നതാണ്പ്രശ്‌നം. പഴയകാല ആചരാനുഷ്ഠാനങ്ങള്‍ക്ക് പുനരാവിഷ്‌കാരം നല്‍കുന്നതിലൂടെ ഏറെക്കുറെ ഇതു സാധിച്ചെടുക്കാം.പഴയ കാലത്തെ നന്നായി അടയാളപ്പെടുത്തിയ മികച്ച സാഹിത്യ സൃഷ്ടികളെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുക എന്നതും ഒരു വഴിയാണ്.
ഇനി മറിച്ചൊരു ചിന്തക്കും സാധ്യതകള്‍ ഏറെയാണ്. അതെന്തെന്നാല്‍ ഇപ്പോല്‍ കാണുന്ന ഈ പുതുമകളെല്ലാം സമീപഭാവിയില്‍ത്തന്നെ പഴഞ്ചനാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതിന്റെ ചില സൂചനകള്‍ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്നുണ്ട്. കുറച്ചു മുമ്പായി മാധ്യമങ്ങളില്‍ ഇടം പിടിച്ച ഒരു വാര്‍ത്തയാണ് പ്ലാസ്റ്റിക്ക് വീടുകള്‍ വരാന്‍ പോകുന്നു എന്നത്. മധുര ത്യാഗരാജ എന്‍ജിനീയറിംഗ് കോളജിലെ രസതന്ത്രവിഭാഗം ഡീന്‍ ഡോക്ടര്‍ ആര്‍ വാസുദേവനാണ് വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാസ്റ്റിക് കട്ടകള്‍ ഉപയോഗിക്കാമെന്ന നൂതന വിദ്യയുമായി രംഗത്ത് വരുന്നത്. ഇപ്പോള്‍ പുതിയ റോഡുകള്‍ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും താറും ചേര്‍ന്ന മിശ്രിതം കണ്ടുപിടിച്ചതും ഇദ്ദേഹമായിരുന്നുവത്രേ. ഇത് പ്രായോഗികമാകുകയാണെങ്കില്‍ സമീപ ഭാവിയില്‍ത്തന്നെ പ്ലാസ്റ്റിക് കട്ടകള്‍ ചുമരുകളായുള്ള കൌതുകകരമായ വീടുകള്‍ വ്യാപകമായേക്കും. അപ്പോള്‍ പിന്നെ പ്ലാസ്റ്റിക്ക്കൂട്ടിനുള്ളില്‍ വിങ്ങിക്കഴിയുന്നതിലെ അസ്വസ്ഥതകളും അതുമൂലം സംഭവിച്ചേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയും ചെയ്‌തേക്കും.
ഇപ്പോള്‍ പ്രചാരത്തിലുള്ള മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ തന്നെ എന്തെല്ലാം മാറ്റങ്ങളാണ് നമ്മെ കാത്തിരിക്കുന്നതെന്ന് ആര്‍ക്കറിയാം? മാറ്റങ്ങള്‍ ഊഹാതീതമായി മുന്നേറുമ്പോള്‍ നിലവിലുള്ളതെല്ലാം എളുപ്പത്തില്‍ പഴമയിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യും. അതില്‍ വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല. പഴമയിലും പുതുമയിലും സംതൃപ്തി അടയാന്‍ പ്രാപ്തിയുള്ള ഒരു നവമലയാളിത്വത്തെ വാര്‍ത്തെടുക്കാന്‍ സാംസ്‌കാരിക കേരളം മുന്നിട്ടിറങ്ങണമെന്നേയുള്ളൂ. ഏതുതരം പുതുമയും പഴമയിലേക്കുള്ള മുതല്‍ക്കൂട്ടായിരിക്കും എന്നുള്ള പൊതു തത്ത്വം മറക്കാതിരിക്കുക എന്നതു തന്നെയാണ് പുതുതലമുറയെ നയിക്കേണ്ട ചിന്തകളില്‍ പ്രധാനം.