യു എസ്സില്‍ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

Posted on: August 27, 2015 9:46 am | Last updated: August 28, 2015 at 12:21 am
SHARE

shot-dead6

വാഷിങ്ടണ്‍: അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്ത് ലൈവ് റിപ്പോര്‍ട്ടിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. ഡബ്ല്യു.ഡി.ബി.ജെ. സെവന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കര്‍ (24), ക്യാമറാമാന്‍ ആദം വാര്‍ഡ് (27) എന്നിവരാണ് മരിച്ചത്.
ബ്രിസ് വില്യംസ് എന്ന മുന്‍ ചാനല്‍ജീവനക്കാരനാണ് വെടിവെച്ചതെന്ന് പിന്നീട് പോലീസ് വ്യക്തമാക്കി. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയിലാണ്. വെര്‍ജീനിയയിലെ മൊണേറ്റയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ രാവിലെ 6.45ഓടെയാണ് സംഭവം നടന്നത്.
സ്മിത് മൗണ്ടൈന്‍ തടാകത്തിനടുത്തുള്ള ഷോപ്പിങ് കേന്ദ്രത്തിലായിരുന്നു സംഭവം. അഭിമുഖത്തില്‍ പങ്കെടുത്തിരുന്ന അതിഥി വിക്കി ഗാര്‍ഡ്‌നറിന് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

gardnr1വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമി പിന്നീട് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പോലീസ് പിന്നീട് ബ്ലോക്ക് ചെയ്തു. കൃത്യം നിര്‍വഹിച്ച ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് പിന്തുടര്‍ന്നു. എന്നാല്‍, സ്വയം വെടിവെച്ച നിലയിലാണ് അക്രമി പൊലീസിന് കീഴടങ്ങിയത്. ഗുരുതര പരിക്കേറ്റ ബ്രിസ് വില്യംസ് പിന്നീട് ആശുപത്രിയില്‍വെച്ചു മരിച്ചു. തനിക്ക് ചാനലില്‍നിന്ന് വംശീയാധിക്ഷേപം അനുഭവിക്കേണ്ടിവന്നതായി ഇയാള്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. അതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.