Connect with us

Kerala

ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍ ബാധകം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഉത്തരവിറങ്ങി

Published

|

Last Updated

തിരുവനന്തപുരം: ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്ക് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സമരദിവസത്തെ വേതനം ഒക്ടോബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവെക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ഒക്ടോബര്‍ മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ കലക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലീസ് സേനയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല. സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താത്്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും.
പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റു കാരണങ്ങള്‍ എന്നിവക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക്് വിവേചനാധികാരമുണ്ട്.
ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവെക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന് നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയം ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഓഫീസര്‍ ഉടന്‍ നടപടിയെടുക്കുകയും വേണം. ഓഫീസിന്റെയും ഗേറ്റുകളുടെയും താക്കോല്‍ വകുപ്പ് തലവന്‍മാര്‍/ഓഫീസ് മേധാവികള്‍ കൈവശം സൂക്ഷിക്കണം. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവുംവിധം ആവശ്യമായത്ര നേരത്തേ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും ഇവര്‍സ്വീകരിക്കണം. തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍

Latest