തരൂഹത്ത് പ്രവിശ്യയെ ചൊല്ലി തര്‍ക്കം: നേപ്പാളില്‍ നിരവധി മരണം

Posted on: August 24, 2015 11:40 pm | Last updated: August 24, 2015 at 11:40 pm
SHARE

aa8eabf7-c53f-4bd2-886e-1a2e2d2e6f43wallpaper1കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ സുരക്ഷാ സൈന്യവും നിര്‍ദിഷ്ട ജില്ലകള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക തരൂഹത് പ്രവിശ്യ വേണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ എട്ട് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി മരണം. 20 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മരിച്ച പോലീസുകാരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് പേര്‍ക്ക് സംഘര്‍ഷത്തിനിടെ പരുക്കേറ്റു. അധികൃതര്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ ലംഘിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പടിഞ്ഞാറന്‍ നേപ്പാളിലെ കൈലാലി ജില്ലയിലാണ് സംഘര്‍ഷം ഉണ്ടായത്. ജില്ലയിലെ തികാപൂരില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ എസ് എസ് പി റാങ്കിലുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടതായി ജില്ലാ മേധാവി രാജ്കുമാര്‍ ശ്രേഷ്ഠ പറഞ്ഞു. സേതി സോണിലെ പോലീസ് മേധാവി ലക്ഷ്മണ്‍ ന്യൂപാനെ, ഇന്‍സ്‌പെക്ടര്‍മാരായ കേശവ് ബൊഹാര, ബല്‍റാം ഭിസ്ത, മുതിര്‍ന്ന ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റൊരു കോണ്‍സ്റ്റബിള്‍ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി നേപ്പാള്‍ പോലീസ് ഹെഡ് കോര്‍ട്ടേഴ്‌സിലെ ഡി ഐ ജി ഹേമന്ദ പാല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷം അടിച്ചമര്‍ത്താന്‍ നേപ്പാള്‍ നാഷനല്‍ സെക്യൂരിറ്റിയെ ഇവിടേക്ക് നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. പ്രാദേശിക സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരമാണ് പ്രത്യേക സൈന്യത്തെ നിയോഗിക്കുന്നതെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി ബാംദേവ് ഗൗതം പാര്‍ലിമെന്റില്‍ വ്യക്തമാക്കി. സംഘര്‍ഷം കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നും കോണ്‍സ്റ്റബില്‍ താരുവിനെ തീവെച്ചും എസ് എസ് പി ന്യൂപാനെ കുത്തിയും ആണ് കൊലപ്പെടുത്തിയതെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ ഭാഗത്ത് നിന്നും സുരക്ഷാ സൈനികര്‍ക്ക് നേരെ പദ്ധതി തയ്യാറാക്കി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സൂചന.
താരു വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ആധിപത്യമുള്ള പടിഞ്ഞാറന്‍ നേപ്പാളില്‍ പ്രത്യേക തരൂഹത് പ്രവിശ്യ വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട താരൂഹത് പ്രവിശ്യയില്‍ നിന്ന് കൈലാലി ജില്ലയും കാഞ്ചന്‍പൂര്‍ ജില്ലയും പുറത്താണ്. ഇത് അംഗീകരിക്കാന്‍ താരു വിഭാഗം തയ്യാറായിട്ടില്ല. നേപ്പാളിലെ ഫെഡറലിസത്തെ ചൊല്ലി കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ കലാപം തുടരുകയാണ്. ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് അംഗീകരിക്കുന്ന, രാജ്യത്തെ ആറ് പ്രവിശ്യകളാക്കാനുള്ള നീക്കത്തെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുകയാണ്. ഭരണഘടനയുടെ കരടു രേഖ തയ്യാറാക്കുന്നത് പുരോഗമിക്കവെയാണ് സംഘര്‍ഷം നേപ്പാളില്‍ കൂടിക്കൂടി വരുന്നത്. രൗഹത്, സപ്താരി ജില്ലകളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.