സംസ്ഥാന ഇന്റര്‍ക്ലബ്ബ് അത്‌ലറ്റിക് മീറ്റ്: തിരുവനന്തപുരം സായി കിരീടം ഉറപ്പിച്ചു

Posted on: August 24, 2015 6:00 am | Last updated: August 24, 2015 at 9:15 am
SHARE

 

കൊച്ചി: സംസ്ഥാന ഇന്റര്‍ക്ലബ്ബ് അത്‌ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ തിരുവനന്തപുരം സായി സെന്റര്‍ കിരീടം ഉറപ്പിച്ചു. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ സായി 14 സ്വര്‍ണമടക്കം 213 പോയിന്റ് നേടി. 148 പോയിന്റുമായി പാലക്കാട് പറളി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. ആദ്യ ദിനം നാലാം സ്ഥാനത്തായിരുന്ന കോതമംഗലം സെന്റ്‌ജോര്‍ജ്, മാര്‍ബേസിലിനെ പിന്തള്ളി 113.5 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തെത്തി.
ഇരട്ട മീറ്റ് റെക്കോര്‍ഡ് നേടിയ എറണാകുളം മാതിരപ്പിള്ളി സ്‌കൂള്‍ അത്‌ലറ്റിക് ട്രസ്റ്റിന്റെ രാഹുല്‍ സിബിയാണ് ഇന്നലെ താരമായത്. ഇതടക്കം 15 മീറ്റ് റെക്കോഡുകളാണ് ഇന്നലെ പിറന്നത്. ശനിയാഴ്ച നടന്ന അണ്ടര്‍-18 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയ രാഹുല്‍ സിബി ഇന്നലെ നടന്ന ഡെക്കാത്ത്‌ലണിലും 5471 പോയിന്റ് നേടി സ്വര്‍ണത്തോടെ റെക്കോഡ് നേട്ടം ആവര്‍ത്തിച്ചു. മാതിരപ്പിള്ളി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ രാഹുല്‍ ഇടുക്കി രാജാക്കാട് സ്വദേശിയാണ്.
അണ്ടര്‍-16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ അപര്‍ണ റോയ് 14.80 സെക്കന്‍ഡില്‍ ഓടിയെത്തി പുതിയ റെക്കോഡ് സ്ഥാപിച്ചു. ഈ വിഭാഗത്തിലും ഇനത്തിലും അപര്‍ണയുടെ അരങ്ങേറ്റം കൂടിയായിരുന്നു ഇന്നലെ. നേരത്തേ സബ്ജൂനിയര്‍ വിഭാഗം 80 മീറ്റര്‍ ഹര്‍ഡില്‍സ്, 100 മീറ്റര്‍ ഓട്ടം മത്സരങ്ങളില്‍ സംസ്ഥാന-ദേശീയ മീറ്റുകളില്‍ ഈ ഒമ്പതാം ക്ലാസുകാരി നിരവധി സ്വര്‍ണം നേടിയിരുന്നു. കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ വീട്ടില്‍ റോയിയുടെയും ടീനയുടെയും മകളാണ്. ടോമി ചെറിയാനാണ് പരിശീലകന്‍. അണ്ടര്‍-16 വിഭാഗത്തില്‍ അരങ്ങേറിയ എറണാകുളം നവദര്‍ശന്‍ അക്കാദമിയുടെ താരമായ ഗായത്രി ശിവകുമാര്‍ ഹൈജമ്പില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചു.
സ്റ്റെനി മൈക്കിള്‍ 2007ല്‍ സ്ഥാപിച്ച 1.57 മീറ്റര്‍ ദൂരമെന്ന റെക്കോഡാണ് 1.64 മീറ്റര്‍ ചാടി ഗായത്രി തകര്‍ത്തത്. ഗിരിനഗര്‍ ഭവന്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗായത്രിയുടെ പേരില്‍ ഇതിനകം ജില്ലാ-ദേശീയതലം വരെ 13 റെക്കോഡുകളുണ്ട്. അണ്ടര്‍-18 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ പാല ജമ്പ്‌സ് അക്കാദമിയുടെ മരിയ ജെയ്‌സണ്‍ (3.50), പതിനായിരം മീറ്റര്‍ നടത്തത്തില്‍ പറളി സ്‌കൂളിന്റെ കെ ടി നീന (52 മിനുട്ട്, 30 സെക്കന്‍ഡ്), അണ്ടര്‍-16 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച് എസ് എസിന്റെ കെ എസ് അനന്തു (1.96), അണ്ടര്‍-20 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ തിരുവനന്തപുരം സായിയുടെ അബ്ദുല്ല അബൂബക്കര്‍ (15.78), ഡെക്കാത്ത്‌ലണില്‍ കോഴിക്കോട് സായിയുടെ കെ പി സല്‍മാന്‍ ഹാരിസ് (6185 പോയിന്റ്) എന്നിവരാണ് ഇന്നലെ റെക്കോഡിട്ട മറ്റു ശ്രദ്ധേയ താരങ്ങള്‍.
മറ്റു റെക്കോഡുകള്‍ പെണ്‍കുട്ടികള്‍: അണ്ടര്‍-18, 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസ്-വി ആര്‍ രേഷ്മ (പറളി സ്‌കൂള്‍), അണ്ടര്‍-20, 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസ്-എയ്ഞ്ചല്‍ ജെയിംസ് (അല്‍ഫോണ്‍സ കോളജ്, പാല), ആണ്‍കുട്ടികള്‍: അണ്ടര്‍-16, ഡിസ്‌കസ് ത്രോ-എന്‍ഡ്രിക് മിഖായേല്‍ ഫെര്‍ണാണ്ടസ് (ലിയോ അത്‌ലറ്റിക് അക്കാദമി, ആലപ്പുഴ) അണ്ടര്‍-18, പതിനായിരം മീറ്റര്‍ നടത്തം- മനു കെ എം (പറളി സ്‌കൂള്‍), 2000 മീ. സ്റ്റീപ്ള്‍ ചേസ്-അശ്വിന്‍ ആന്റണി (തിരുവനന്തപുരം സായി), അണ്ടര്‍-20, 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസ്-സ്റ്റാന്‍ലി ലിയോ (എസ് സ്റ്റാര്‍ അക്കാദമി, പാലക്കാട്), പതിനായിരം മീറ്റര്‍ നടത്തം- കെ ആര്‍ സുജിത് (സെന്റ് തോമസ് കോളജ്, പാല). അണ്ടര്‍-16 പെണ്‍കുട്ടികളുടെ 100 മീ. ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ സി എസ് മുംതാസ്, ഹൈജമ്പില്‍ പുല്ലൂരംപാറ മലബാര്‍ അക്കാദമിയുടെ എലിസബത്ത് കരോലിന്‍ ജോസഫ്, പറളി സ്‌കൂളിന്റെ ബി എം സന്ധ്യ, അണ്ടര്‍-20 പെണ്‍കുട്ടികളുടെ പതിനായിരം മീറ്റര്‍ നടത്തത്തില്‍ പാല അല്‍ഫോണ്‍സ കോളജിന്റെ മേരി മാര്‍ഗരറ്റ്, അണ്ടര്‍-18 ആണ്‍ വിഭാഗത്തിന്റെ പതിനായിരം മീറ്റര്‍ നടത്തത്തില്‍ എറണാകുളം മാതിരപ്പിള്ളി സ്‌കൂളിന്റെ തോമസ് അബ്രഹാം, പറളി സ്‌കൂളിന്റെ എ അനീഷ്, അണ്ടര്‍-20 വിഭാഗം പതിനായിരം മീറ്റര്‍ നടത്തത്തില്‍ കോട്ടയം കടപ്ലാമറ്റം അത്‌ലറ്റിക് ക്ലബ്ബിന്റെ ശ്രീജിത് ജെ നായര്‍ എന്നിവര്‍ നിലവിലെ റെക്കോഡ് മറികടന്ന പ്രകടനം നടത്തി. അണ്ടര്‍-20 പെണ്‍കുട്ടികളുടെ 100 മീ. ഹര്‍ഡില്‍സില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിന്റെ സൗമ്യ വര്‍ഗീസ് നിലവിലെ റെക്കോഡിനൊപ്പമെത്തി. രണ്ട് ദിനങ്ങളിലായി ഇതുവരെ മീറ്റില്‍ പിറന്നത് 27 റെക്കോഡുകളാണ്. അവസാന ദിനമായ ഇന്ന് 40 ഇനങ്ങളില്‍ ഫൈനല്‍ മത്സരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here