നഗരവാസികള്‍ ആശങ്കയില്‍; ഒറ്റമുറി ഫഌറ്റിന് വാടക 90,000 ദിര്‍ഹം

Posted on: August 21, 2015 7:21 pm | Last updated: August 21, 2015 at 7:21 pm
SHARE

അബുദാബി: നഗര പരിധിയില്‍ ഫഌറ്റ് കിട്ടാനില്ല. ഒറ്റ മുറി ഫഌറ്റിന്റെ വാടക 90,000 ദിര്‍ഹം. ഫഌറ്റുകള്‍ കിട്ടാത്തത് മൂലം നട്ടം തിരിയുകയാണ് നഗരവാസികള്‍. അനിന്ത്രിതമായ വാടക വര്‍ധനവ് നഗരവാസികളുടെ നടുവൊടിക്കുകയാണ്. അല്‍ റീം, അല്‍ റിഫ് എന്നിവിടങ്ങളില്‍ റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ ഒരു ബെഡ്‌റൂം അപ്പാര്‍ട്‌മെന്റിന് പ്രതിവര്‍ഷം 70,000 മുതല്‍ 90,000 വരെയാണ് വാടകനിരക്ക്. ദിവസങ്ങള്‍ കഴിയുന്തോറും സാധാരണ ശമ്പളം വാങ്ങുന്നവര്‍ക്ക് നഗരത്തില്‍ കുടുംബ സമേതം താമസിക്കുന്നത് സങ്കല്‍പിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്.
നഗരത്തിലെ പ്രധാന ഹോസ്പിറ്റലിലെ ഹെഡ് നഴ്‌സായി ജോലി ചെയ്യുന്ന മലയാളിക്ക് വാടക പെരുകിയത് കാരണം അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നാം തവണയാണ് താമസസ്ഥലം മാറുന്നത്. ആദ്യത്തെ മൂന്ന് വര്‍ഷം ഒരു ഫഌറ്റിലായിരുന്നു താമസം. അതിന് 60,000 മുതല്‍ 70,000 വരെയായിരുന്നു വാടക. അത് ന്യായമായിരുന്നു. കുട്ടികള്‍ക്ക് കളിക്കുവാനും സൗകര്യമുണ്ടായിരുന്നു. എന്നാല്‍ വാടക വര്‍ധിപ്പിച്ചതും കെട്ടിടം നിലനില്‍ക്കുന്ന പ്രദേശം പേയ്ഡ് പാര്‍ക്കിംഗ് നിലവില്‍വന്നതും കാരണം താമസം മാറേണ്ടിവന്നതായി അവര്‍ പറഞ്ഞു.
അബുദാബി നഗരസഭ പരിധിയില്‍ അഞ്ച് ശതമാനം വരെ വാടക വര്‍ധിപ്പിക്കാം എന്ന നിയമമാണുണ്ടായിരുന്നത്. ഈ നിയമം ഈ വര്‍ഷം ഏഴ് ശതമാനമാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല തോന്നിയത് പോലെയാണ് വാടക വര്‍ധിപ്പിക്കുന്നത്.
മുറൂര്‍ മേഖലയില്‍ ഒറ്റ റൂം ഫഌറ്റിന് 60,000 മുണ്ടായിരുന്നത് ഇപ്പോള്‍ 75,000 മുതല്‍ 80,000 വരെയാണ്. നഗരസഭയില്‍ പരാതി നല്‍കിയാല്‍ നല്‍കിയവരെ ഒരു വര്‍ഷത്തിനുള്ളില്‍ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞ് ഒഴിപ്പിക്കുന്നതായുള്ള പരാതിയുമുണ്ട്.
നഗരത്തിനകത്തുള്ള കെട്ടിടങ്ങളില്‍ ഏറെയും പഴകിയ താണ്.
കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ ചെയ്തിരുന്നത് കെട്ടിട ഉടമകളായിരുന്നുവെങ്കില്‍ പല കെട്ടിടങ്ങളിലും ഉടമകള്‍ സേവനം നിര്‍ത്തിയിരിക്കുകയാണ്. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം പോലെ തന്നെ ഫഌറ്റുകളും അമിത വാടകയും നഗരവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.