വന്ധ്യതപഞ്ചായത്ത് വിഭജനം: സര്‍ക്കാറിന് വീണ്ടും പ്രഹരം

Posted on: August 21, 2015 6:00 am | Last updated: August 21, 2015 at 9:30 am
SHARE

SIRAJ.......പുതിയ പഞ്ചായത്ത് രൂപവത്കരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് സര്‍ക്കാറിന് വീണ്ടും തിരിച്ചടി. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് ഇന്നലെ തള്ളി. 2010ലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ നിലവില്‍ വരത്തക്ക വിധം തിരഞ്ഞെടുപ്പ് നടത്താനും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ശഫീഖ് എന്നിവരുടെ ഇടക്കാല ഉത്തരവില്‍ നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് ക്രമീകരണ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് വിട്ട കോടതി ഇക്കാര്യത്തില്‍ കമ്മീഷന് ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
2010ലെ വാര്‍ഡ് വിഭജനം 2001ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണെന്നും ജനസംഖ്യയില്‍ ആനുപാതിക മാറ്റം വന്നതിനാല്‍ 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡുകള്‍ വിഭജിച്ച് തദടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിഭജന പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസം വേണമെന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ വാദവും സര്‍ക്കാര്‍ ഖണ്ഡിച്ചിരുന്നു. 2010ല്‍ 68 ദിവസം കൊണ്ടാണ് 978 പഞ്ചായത്തുകള്‍ വിഭജിച്ചത്. ഇത്തവണ 204 പഞ്ചായത്തുകളില്‍ മാത്രമാണ് വിഭജനം. 51 ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കാനാകും. ഇതിനായി 50 അധിക ജീവനക്കാരെ നിയമിക്കുകയും 86 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഈ വാദങ്ങളെല്ലാം കോടതി തള്ളി. നവംബര്‍ ഒന്നിനകം പുതിയ ഭരണ സമിതികള്‍ നിലവില്‍ വരേണ്ടത് ഭരണ ഘടനാപരമായ ബാധ്യതയാണ്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് നടത്താതിരുന്നാല്‍ യഥാസമയം അത് പൂര്‍ത്തീകരിക്കാനാകില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദമാണ് കോടതി മുഖവിലക്കെടുത്തത്.
ഏപ്രില്‍ 24നാണ് പുതിയ 69 പഞ്ചായത്തുകളും 32 നഗരസഭകളും രൂപവത്കരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്. ഗവര്‍ണറുടെ വിജ്ഞാപനം ഇല്ലാതെയാണ് ഉത്തരവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂലൈ 10ന് മുന്‍കാല പ്രാബല്യത്തോടെ വിജ്ഞാപനം പുതുക്കി. ഇതിനെതിരെ ഫയല്‍ ചെയ്ത 47 ഹരജികള്‍ പരിഗണിച്ചാണ് കഴക്കൂട്ടം, ബേപ്പൂര്‍, എലത്തൂര്‍, ചെറുവണ്ണൂര്‍ എന്നീ നഗരസഭകളുടെ രൂപവത്കരണം ആഗസ്റ്റ് നാലിനും 69 പഞ്ചായത്തുകളുടെ രൂപവത്കരണം ആഗസ്റ്റ് 10നുമായി സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്.പുതിയ വാര്‍ഡ് വിഭജനം നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കാതെയും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. വില്ലേജുകള്‍ വിഭജിച്ച് ഒന്നിലേറെ പഞ്ചായത്തുകളിലാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിച്ചത്. ഗവര്‍ണറുടെ അനുമതിയില്ലാത്ത വില്ലേജ് വിഭജനത്തെ ആധാരമാക്കി പുതിയ പഞ്ചായത്ത് രൂപവത്കരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
കോടതിയില്‍ സര്‍ക്കാറിനേറ്റ പരാജയം രാഷ്ട്രീയമായി യു ഡി എഫിന് ക്ഷീണമുണ്ടാക്കും. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ വിജയം സൃഷ്ടിച്ച ആത്മവിശ്വാസത്തിന്റെ ബലത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ തന്നെ നടത്തുന്നതായിരിക്കും ഗുണകരമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പൊതുവായ അഭിപ്രായം. തിരഞ്ഞെടുപ്പ് യഥാസമയം നടക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്നും ഒരു കാരണവശാലും നീട്ടിവെക്കില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവിന്റെ പിന്നാലെ മുഖ്യമന്ത്രി പ്രസ്താവിച്ചതുമാണ്. ഇതിനോട് ലീഗിന് യോജിപ്പുണ്ടായിരുന്നില്ല. പുതിയ പഞ്ചായത്തുകളുടെ രൂപവ്തകരണം റദ്ദാക്കിയ നടപടി രാഷ്ട്രീയമായി ലീഗിനാണ് കൂടുതല്‍ ക്ഷീണമുണ്ടാക്കുകയെന്നതിനാല്‍, വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ മതി തിരഞ്ഞെടുപ്പ് എന്നതാണ് ലീഗ് നിലപാട്. അവരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ അപ്പീലിന് പോയതെന്നതാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. ലീഗ് നേതൃത്വം ഇത് നിഷേധിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ ലീഗിന്റെ തലയില്‍ വെച്ചു കെട്ടി കൈകഴുകാനുള്ള ചിലരുടെ ശ്രമം അനുവദിക്കുകയില്ലെന്നും കോടതി വിധി എതിരായാല്‍ ഇക്കാര്യത്തില്‍ ചിലതെല്ലാം തുറന്നു പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതമാകുമെന്നും ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അങ്ങനെയൊരു പൊട്ടിത്തെറിക്ക് സാധ്യതയില്ലെങ്കിലും ഇതു സംബന്ധിച്ചു മുന്നണിയില്‍ ഉടലെടുത്ത അസ്വാരസ്യം രൂക്ഷമായേക്കും. രാഷ്ടീയ താത്പര്യം മുന്‍വെച്ചുള്ള തിരക്കിട്ട വാര്‍ഡ് വിഭജനത്തിനിടെ, നിയമങ്ങളെയും ചട്ടങ്ങളെയും മറികടന്നതാണ് യു ഡി എഫിന് വിനയായത്. 2009ല്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന വാര്‍ഡ് വിഭജനത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഭരണ കക്ഷിയുടെ താത്പര്യമാണ് എക്കാലത്തും വാര്‍ഡ് വിഭജനങ്ങളില്‍ മുഴച്ചു നില്‍ക്കാറ്. ഈ പ്രവണത അവസാനിപ്പിച്ചു ജനസംഖ്യാ വര്‍ധനവിനെ മാനദണ്ഡമാക്കി നീതി പൂര്‍വമായ വിഭജനം നിര്‍വഹിക്കാനുള്ള ഭരണ ഘടനാ ബാധ്യതയും ജനാധിപത്യ ബോധവും രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്.