ഒരു റാങ്ക് ഒരു പെന്‍ഷന്‍: പ്രക്ഷോഭം ശക്തമാക്കുന്നു

Posted on: August 18, 2015 9:41 am | Last updated: August 19, 2015 at 3:44 pm
SHARE
പുഷ്‌പേന്ദര്‍ സിംഗും മേജര്‍ സിംഗും സമരപ്പന്തലില്‍
പുഷ്‌പേന്ദര്‍ സിംഗും മേജര്‍ സിംഗും സമരപ്പന്തലില്‍

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ വിമുക്ത ഭടന്മാര്‍ നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കുന്നു. ഏറെക്കാലമായി നടപ്പാക്കാതെ കിടക്കുന്ന ഈ വാഗ്ദാനം എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിമുക്ത ഭടന്‍മാര്‍ ഇന്നലെ മരണം വരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. കേണല്‍ പുഷ്‌പേന്ദര്‍ സിംഗ്, ഹവില്‍ദാര്‍ മേജര്‍ സിംഗ് എന്നീ വിമുക്തഭടന്മാരാണ് മരണം വരെ നിരാഹാരം ആരംഭിച്ചത്. അതിനിടെ ജന്തര്‍മന്തറില്‍ നടന്നുവരുന്ന പ്രക്ഷോഭം 65ാം ദിവസത്തിലേക്ക് പ്രവേശിച്ചു. റിലേ നിരാഹാര സമരമാണ് ഇതുവരെ നടന്നുവന്നത്.
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച് ഒരു ഉറപ്പും സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്നില്ല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ച ഉറപ്പ്. ഇതില്‍ പ്രകോപിതരായാണ് വിമുക്തഭടന്മാര്‍ തങ്ങളുടെ പ്രക്ഷോഭം കടുപ്പിക്കുന്നത്. ജന്തര്‍മന്തറില്‍ മാത്രമല്ല, അതിന് സമാന്തരമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലും വിമുക്തഭടന്മാര്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി പ്രക്ഷോഭം നടത്തിവരികയാണ്.
ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കിയാല്‍ 22 ലക്ഷത്തോളം വിമുക്തഭടന്‍മാര്‍ക്കും ആറ് ലക്ഷത്തോളം വരുന്ന യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും പ്രയോജനം ലഭിക്കും. ഒരേ പദവിയില്‍ നിന്ന് ഒരേ സര്‍വീസ് കാലയളവോടെ വിരമിക്കുന്ന എല്ലാവര്‍ക്കും തുല്യ പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍. നിലവില്‍, വിരമിച്ച സമയത്തെ ശമ്പള കമ്മീഷന്‍ ശിപാര്‍ശ അനുസരിച്ചുള്ള പെന്‍ഷനാണ് വിമുക്തഭടന്‍മാര്‍ക്ക് ലഭിക്കുന്നത്. ഇതനുസരിച്ച്, 1996ന് മുമ്പ് വിരമിച്ച ലഫ്. കേണലിന് ലഭിക്കുന്ന പെന്‍ഷനേക്കാള്‍ കുറവായിരിക്കും 1996ല്‍ വിരമിച്ച മേജര്‍ ജനറലിന് ലഭിക്കുക.

പ്രധാനമന്ത്രിക്ക് തുറന്ന കത്ത്
ന്യൂഡല്‍ഹി: ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിലും ജന്തര്‍മന്തറില്‍ വിമുക്തഭടന്മാര്‍ക്കെതിരെ ഡല്‍ഹി പോലീസ് നടത്തിയ ബലപ്രയോഗത്തിലും പ്രതിഷേധിച്ച് സായുധ സേനകളുടെ പത്ത് മുന്‍ മേധാവികള്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി. ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്ന പ്രഖ്യാപനം നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന് ഇനിയും തീരുമാനമെടുക്കാന്‍ കഴിയാത്തത് ഖേദകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ വി എന്‍ ശര്‍മ, ജനറല്‍ ശങ്കര്‍ റോയ് ചൗധരി, ജനറല്‍ എസ് പത്മനാഭന്‍, ജനറല്‍ എന്‍ സി വിജ്, ജനറല്‍ ജെ ജെ സിംഗ്, ജനറല്‍ ദീപക് കപൂര്‍, ജനറല്‍ ബിക്രം സിംഗ്, അഡ്മിറല്‍ മാധവേന്ദ്ര സിംഗ്, എയര്‍ ചീഫ് മാര്‍ഷല്‍ എന്‍ സി സൂരി, എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗി എന്നിവരാണ് കത്തെഴുതിയത്.