Connect with us

Articles

ലാഭ നഷ്ട പങ്കാളിത്ത ധനവിനിമയം

Published

|

Last Updated

പലിശാധിഷ്ഠിത ധനവിനിമയവും ലാഭനഷ്ട പങ്കാളിത്ത ധനവിനിമയവും താരതമ്യ പഠനത്തിന് വിധേയമാക്കിയാല്‍ കാര്യക്ഷമതാ മാനദണ്ഡങ്ങളെ മുഴുവന്‍ തൃപ്തിപ്പെടുത്തുന്ന ഒന്നായി ലാഭനഷ്ട പങ്കാളിത്ത രീതിയെ കാണാന്‍ സാധിക്കും. ഈ വിഷയത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ താന്‍ നടത്തിയ ഗവേഷണ പഠനത്തില്‍ ലോകത്തെ 48 രാജ്യങ്ങളിലെ രണ്ട് തരം ബാങ്കുകളുടെ പ്രവര്‍ത്തന കാര്യക്ഷമതയെക്കുറിച്ച് പഠിച്ചപ്പോള്‍, Scale Effeciency, Profit Effeciency, Cost Effeciency , എന്നിവയില്‍ 40 രാജ്യങ്ങളില്‍ പലിശാധിഷ്ഠിത ബാങ്കുകളേക്കാള്‍ പലിശരഹിത ബാങ്കുകള്‍ മുന്നിട്ട് നില്‍ക്കുന്നതായും ബാക്കി എട്ട് ബാങ്കുകളില്‍ ഈ കാര്യക്ഷമതാ മാനദണ്ഡങ്ങള്‍ തുല്യമായി നില്‍ക്കുന്നതായും കണ്ടെത്തുകയുണ്ടായി. (The Effeciency of Intrest free Financial
Instruments in Selected Islamic Countries– PhD Thesis–2011)
ലാഭനഷ്ട പങ്കാളിത്ത ധനവിനിമയത്തിന്റെ അടിത്തറ മൂലധനത്തിന്റെ നിശ്ചിതാനുപാതത്തിന് പകരം സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ പരസ്പര ധാരണയിലെത്തിയ അനുപാതം സംരംഭകനും ബാങ്കും പങ്കിടുന്നു. സംരംഭത്തിലെ ലാഭം അനിശ്ചിതമായതു കൊണ്ട് ബാങ്കിനും തദ്വാരാ പണത്തിന്റെ ഉടമക്കും ലഭിക്കുന്ന ആദായവും നിശ്ചിതമല്ല.
ലാഭനഷ്ട പങ്കാളിത്ത സംവിധാനത്തില്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ആകര്‍ഷണീയമായ വ്യവസ്ഥയില്‍ ഉല്‍പാദന രംഗത്ത് മുതല്‍ മുടക്കാനും ഉല്‍പാദനം പരമാധവധി വര്‍ധിപ്പിക്കാനും സാധിക്കും. ലഭ്യമായ വിഭവങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ലാഭകരമായ സംരംഭങ്ങളില്‍ മുതല്‍മുടക്കുക വഴി വിനിയോഗ ക്ഷമത കൂട്ടാന്‍ കഴിയും. പലതലങ്ങളില്‍ നിന്നുകൊണ്ട് ഉത്പാദന പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കുന്ന നിക്ഷേപകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമിടയില്‍ ഉല്‍പാദന സംരംഭത്തിലെ ലാഭവും റിസ്‌ക് സാധ്യതകളും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമിടയില്‍ നീതിയുക്തമായി വിതരണം ചെയ്ത് വിതരണക്ഷമത ഉറപ്പുവരുത്താവുന്നതാണ്.
ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്‌നങ്ങളിലും Variable Return Mechanism.. ത്തിന് പ്രാമുഖ്യം ലഭിക്കുന്നു. സമ്പദ്ഘടനയിലെ മുഴുവന്‍ നിക്ഷേപ സാധ്യതകളെയും തൃപ്തിപ്പെടുത്താന്‍ താഴ്ന്ന ലാഭ പ്രതീക്ഷയില്‍ പോലും സാധിക്കുന്നു. അതേ സമയം പലിശാധിഷ്ഠിത സമ്പ്രദായത്തില്‍ ധനകാര്യ സ്ഥാപനത്തിന് നിര്‍ണിത പലിശ ലഭിക്കുന്നതൊഴിച്ചാല്‍ കാര്യക്ഷമതാ താരതമ്യത്തില്‍ കാര്യമായി മുന്നേറാന്‍ കഴിയില്ല.
ലാഭനഷ്ട സംവിധാനത്തില്‍ ക്ഷേമ നിബന്ധനകളെല്ലാം സാക്ഷാത്കരിക്കാന്‍ കഴിയുമ്പോള്‍ പലിശാധിഷ്ഠിത സമ്പ്രദായത്തില്‍ അത് കഴിയില്ല. അതുപോലെ ലാഭം പങ്കിടാന്‍ സംരംഭകനും ബാങ്കിനും നിക്ഷേപകനുമിടയില്‍ വ്യക്തമായ അനുപാതം നിര്‍ണയിക്കുക വഴി അവര്‍ക്കിടയില്‍ നേരിട്ടുള്ള ബന്ധം രൂപപ്പെടുന്നു. സംരംഭം ലാഭകരമായാലും നഷ്ടത്തില്‍ കലാശിച്ചാലും പരസ്പരം മനസ്സിലാക്കി പങ്കിടുന്നതിനാല്‍ വിതരണക്ഷമത ഉറപ്പാക്കുന്നു. പലിശാധിഷ്ഠിത ഘടനയില്‍ വിതരണക്ഷമത ഇല്ലെന്ന് മാത്രമല്ല ചൂഷണാവസ്ഥ നിലനില്‍ക്കുകയും ചെയ്യും.
ഉചിതമായ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ കാര്യക്ഷമതാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്താനും ലാഭം പരമാവധി വര്‍ധിപ്പിക്കാനും കഴിയും.
1. സത്യസന്ധതയും ആത്മാര്‍ഥതയും പ്രതിബദ്ധതയും ഒത്തിണങ്ങിയ സംരംഭകരെ തിരഞ്ഞെടുക്കുക.
2. ലാഭകരമായ മേഖലകളെ കുറിച്ച് സംരംഭകര്‍ക്ക് മെച്ചപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.
3. സംരംഭകരെ തങ്ങളുടെ പദ്ധതിയില്‍ വിജയിക്കാന്‍ പ്രാപ്തരാക്കുക.
4. വെല്ലുവിളികള്‍ തരണം ചെയ്യാനാവശ്യമായ മാനേജ്‌മെന്റ് പരിശീലനം നല്‍കി ലാഭനഷ്ട പങ്കാളിത്ത ബാങ്ക് ജീവനക്കാരെ സജ്ജരാക്കുക.
പലിശനിരോധം സമ്പദ്ഘടനയില്‍ വിപ്ലവകരവും സമ്പൂര്‍ണവുമായ രൂപമാറ്റം സംഭവിപ്പിക്കുമെന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ Prof;J.M.Keynes.പറയുന്നത്. മൂലധന കാര്യക്ഷമതയും പലിശയും നെഗറ്റീവ് ആയി അനുപാതപ്പെട്ടിരിക്കുന്നു.(Marginal Effeciency of Capital and rate of Intrest is Negatively cor ) എന്നും വികസിത രാജ്യങ്ങളില്‍ ഫുള്‍ എംപ്ലോയ്‌മെന്റ് നിലനിര്‍ത്താന്‍ പലിശ സീറോ റൈറ്റില്‍ നിലനിര്‍ത്തണമെന്നും വികസ്വര രാജ്യങ്ങളില്‍ വളരെ താഴ്ന്ന നിരക്കില്‍ നിലനിര്‍ത്തണമെന്നുമുള്ള Prof. J.M.Keyne െന്റെ അഭിപ്രായം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. തല്‍ഫലമായി സമ്പാദ്യവും നിക്ഷേപവും ഉത്പാദനക്ഷമതയും വര്‍ദ്ധിക്കും. കൂടാതെ സമ്പദ്ഘടന സുസ്ഥിരമാകുകയും ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാനും സാധിക്കും. Zeero Interest rate ലുള്ള സമ്പദ്ഘടനയിലെ ഒരു വ്യവസായ സ്ഥാപനത്തിന് പലിശാധിഷ്ഠിത ഘടനയിലുള്ള ഒരു വ്യവസായ സ്ഥാപനത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ വളരാന്‍ സാധിക്കുമെന്ന് സൂക്ഷ്മ സാമ്പത്തിക അവലോകനത്തിലൂടെ പ്രമുഖ സാമ്പത്തിക വിദഗ്ധനായ BadelGhargi തന്റെ ZeeroTheory of Growth of A Farm in Zero Interest rate Economy എന്ന കൃതിയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ആറാം ഭാഗം ചരിത്രം
1962 ല്‍ ഈജിപ്തിലെ മിറ്റ്ഗാമര്‍ ടൗണില്‍ ലാഭനഷ്ട വിഹിത രൂപത്തിലാരംഭിച്ച സേവിംഗ് ബേങ്കാണ് ബാങ്കിംഗ് സംവിധാനത്തില്‍ ആദ്യത്തെ പലിശരഹിത ബേങ്ക്. 1969 ആയപ്പോഴേക്കും ഒമ്പത് ബാങ്കുകളായി ഉയര്‍ന്നു. ആദ്യകാലങ്ങളില്‍ വാണിജ്യ മേഖലയേക്കാള്‍ വ്യവസായ മേഖലകളില്‍ ലാഭനഷ്ട വിഹിത സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ച് വാണിജ്യ മേഖലയിലെ Nasir Social Bank എന്ന പേരില്‍ 1971 ല്‍ ഈജിപ്റ്റില്‍ തുടക്കം കുറിച്ചു. ഇന്ന് ഏകദേശം 53 അംഗരാജ്യങ്ങളുള്ള ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് (ഐ ഡി ബി), ഒ ഐ സി അംഗത്വ രാജ്യങ്ങള്‍ 1974 ല്‍ ജിദ്ദയില്‍ ആസ്ഥാനമായി തുടക്കം കുറിക്കുകയും അംഗരാജ്യങ്ങള്‍ക്ക് പലിശരഹിത മാര്‍ഗേണ പല പദ്ധതികളുടെയും പൂര്‍ത്തീകരണത്തിന് സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഇപ്പോഴത്തെ അംഗീകൃത മൂലധനം എട്ട് ബില്യണ്‍ ദിനാറാണ്.
പാക്കിസ്ഥാന്‍, സുഡാന്‍, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ സാമ്പത്തിക വ്യവസ്ഥിതി തന്നെ ശരീഅ വ്യവസ്ഥകള്‍ അനുസരിച്ച് തന്നെയാണ്. ബംഗ്ലാദേശ്, മലേഷ്യ, സുഡാന്‍, ഇന്തോനേഷ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രത്യേക നിയമനിര്‍മാണം നടത്തി ഇസ്‌ലാമിക ബേങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കിയിട്ടുണ്ട്. മലേഷ്യ, ഇന്തോനേഷ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ സമാന്തരമായി പ്രവര്‍ത്തിച്ച് വരുന്നു. 1983 മുതല്‍ തന്നെ മലേഷ്യയില്‍ പലിശരഹിത ബേങ്കിംഗ് ആക്ട് നിലവില്‍ വന്നു. മലേഷ്യന്‍ ബേങ്കിനും ബ്രൂണെ ബേങ്കിനും പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഫിലിപ്പൈന്‍സ് ഗവണ്‍മെന്റ് ഇസ്‌ലാമിക് ബാങ്കിംഗ് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പലിശരഹിത സംവിധാനത്തിന്റെ പ്രസക്തി മുസ്‌ലിം രാഷ്ട്രങ്ങളെപ്പോലെ തന്നെ യൂറോപ്യന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളും മനസ്സിലാക്കിയതിന്റെ വെളിച്ചത്തില്‍ യുകെ യിലും, യുഎസ്എ യിലും പലിശരഹിത ബേങ്കുകള്‍ക്ക് അനുമതി നല്‍കി പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. മറ്റു മള്‍ട്ടി നാഷണല്‍ ബേങ്കുകള്‍ ഇസ്‌ലാമിക് വിന്‍ഡോകള്‍ തുറന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ലാഭനഷ്ട പങ്കാളിത്തത്തോടുകൂടി സംരംഭങ്ങളില്‍ വന്‍തോതില്‍ മുതല്‍ മുടക്കുകയും ചെയ്യുന്നുണ്ട്.
(തുടരും)

---- facebook comment plugin here -----

Latest