വിഴിഞ്ഞം യാഥാര്‍ഥ്യമാകുമ്പോള്‍ വല്ലാര്‍പാടത്തിന്റെ ഭാവി?

Posted on: August 18, 2015 3:02 am | Last updated: August 18, 2015 at 11:17 am
SHARE

Artist_Impression_Vizhinjamകൊച്ചി: തുറമുഖ നിര്‍മാണ കരാര്‍ ഒപ്പുവെച്ചതോടെ വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ ആഹ്ലാദം അലയടിക്കുമ്പോള്‍ കൊച്ചി ആശങ്കയിലാണ്. കൊച്ചിയുടെ വികസനകുതിപ്പിന് ഇന്ധനമാകുമെന്ന് കരുതപ്പെട്ട വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ ഭാവിയെ വിഴിഞ്ഞം പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുകളാണ് പല കോണുകളില്‍ നിന്ന് വരുന്നത്. പരിമിതികള്‍ മൂലം നേട്ടമുണ്ടാക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന വല്ലാര്‍പാടം ടെര്‍മിനലിന്റെ നിലനില്‍പ്പ് തന്നെ വിഴിഞ്ഞം പദ്ധതി അവതാളത്തിലാക്കുമെന്നാണ് പലരും ആശങ്കപ്പെടുന്നത്. വിഴിഞ്ഞത്ത് കൊച്ചിയേക്കാള്‍ വലിയ തുറമുഖം രൂപപ്പെടുന്നതോടെ നാവിക ആസ്ഥാനം തന്നെ കൊച്ചിയില്‍ നിന്ന് ഭാവിയില്‍ തിരുവനന്തപുരത്തേക്ക് പറിച്ചു നടപ്പെട്ടേക്കാമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഭൂമിശാസ്ത്രപരമായും തന്ത്രപരമായും കൊച്ചിയേക്കാള്‍ സാധ്യതയും മികവും വിഴിഞ്ഞത്തിന് തന്നെയാണ്. അന്താരാഷ്ട്ര കപ്പല്‍ചാലില്‍ നിന്ന് കേരളത്തിലേക്ക് അടുക്കാനും തിരിച്ചു പോകാനും ഏറ്റവും സൗകര്യപ്രദം കേരളത്തിന്റെയും ഇന്ത്യയുടെയും തെക്കേ മുനമ്പിനോടടുത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞമാണ്. കൊച്ചിയില്‍ അടുക്കാന്‍ കഴിയാത്ത ശേഷി കൂടിയ മദര്‍ ഷിപ്പുകള്‍ക്ക് വരെ വിഴിഞ്ഞത്തെ നിര്‍ദിഷ്ട തുറമുഖത്ത് അടുക്കാന്‍ കഴിയും. മദര്‍ഷിപ്പുകള്‍ അടുക്കുന്ന തുറമുഖ ഹബ്ബ് എന്ന പദവിയിലേക്ക് വളര്‍ന്ന വല്ലാര്‍പാടം ടെര്‍മിനല്‍, വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ അവിടെ നിന്നുള്ള ഫീഡര്‍ഷിപ്പുകള്‍ അടുക്കുന്ന തുറമുഖമായി മാറിയേക്കാം. മദര്‍ഷിപ്പുകള്‍ അടുക്കുന്ന രണ്ട് തുറമുഖങ്ങള്‍ അടുത്തടുത്ത് വരുന്നതോടെ ഇതില്‍ ശേഷിയും സൗകര്യവും കുറഞ്ഞ തുറമുഖത്തിന്റെ നിലനില്‍പ് അപടകത്തിലാകുമെന്നത് സ്വാഭാവികമായ കാര്യമാണ്. വിഴിഞ്ഞത്ത് വരുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അഭിമതരുടെ പദ്ധതി ആണെങ്കിലും വല്ലാര്‍പാടം തുറമുഖത്തിന്റെ നടത്തിപ്പ് ദുബൈ പോര്‍ട്ട് വേള്‍ഡ് എന്ന യു എ ഇ കമ്പനിക്കാണ്. കബോട്ടാഷ് ഇളവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറുമായി ഡി പി വേള്‍ഡ് ഇപ്പോഴും വില പേശിക്കൊണ്ടിരിക്കുകയാണ്. യു എ ഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവര്‍ ആശങ്ക അറിയിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഴിഞ്ഞം യാഥാര്‍ഥ്യമായാല്‍ ഇതുകൊണ്ട് മാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കൊച്ചി മാറിയേക്കാം.
2011ല്‍ പ്രവര്‍ത്തനമാരംഭിച്ച വല്ലാര്‍പാടം ടെര്‍മിനല്‍ നാലു വര്‍ഷം പിന്നിടുമ്പോഴും ശേഷിയുടെ പകുതി പോലും ഉപയോഗപ്പെടുത്തിയിട്ടില്ല. വര്‍ഷം പത്തു ലക്ഷം ടിയുഇ കപ്പാസിറ്റിയാണ് ആദ്യ ഘട്ടത്തില്‍ ടെര്‍മിനല്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വര്‍ഷം 3.46 ലക്ഷം ടിയുഇ കപ്പാസിറ്റി മാത്രമാണ് ഉപയോഗപ്പെടുത്തിയത്.2012 സെപ്തംബറില്‍ കബോട്ടാഷ് നിയമത്തില്‍ താല്‍ക്കാലികമായി ഇളവ് കിട്ടിയിട്ടും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര ഉണര്‍വുണ്ടായില്ല. കബോട്ടാഷ് ഇളവ് ലഭിക്കുന്നതോടെ വിദേശത്തു നിന്ന് ലക്ഷകണക്കിന് കണ്ടെയ്‌നറുകള്‍ ഇവിടെയെത്തുമെന്നും കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാകുമെന്നുമുള്ള കണക്കുകൂട്ടല്‍ അസ്ഥാനത്താകുകയായിരുന്നു. 3 വര്‍ഷത്തിനിടെ ടെര്‍മിനലില്‍ എത്തിയത് വെറും 30,000 വിദേശ കണ്ടെയ്‌നറുകളാണ്. അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെയും റോഡുകളിലെയും കര്‍ശന പരിശോധനകളും സംസ്ഥാനത്തെ ഉയര്‍ന്ന നികുതി നിരക്കും മൂലം തമിഴ്‌നാട്ടില്‍ നിന്നുളള കണ്ടെയ്‌നറുകള്‍ കൊച്ചിയെ ഉപേക്ഷിക്കുകയാണ്. വല്ലാര്‍പാടത്തെ ഒഴിവാക്കി തൂത്തുകുടിയെയാണ് അവര്‍ കൂടുതലായും ആശ്രയിക്കുന്നത്.
തുറമുഖത്ത് ഡ്രഡ്ജിംഗ് നടത്തി പോര്‍ട്ട് ട്രസ്റ്റും കിതക്കുകയാണ്. വല്ലാര്‍പാടം ടെര്‍മിനലിന്റെ ആഴം 14.5 മീറ്ററായി നിലനിര്‍ത്തിയതിനടക്കം ഒരുവര്‍ഷം നൂറു കോടിയോളം രൂപ പോര്‍ട്ടിന് ചെലവഴിക്കേണ്ടിവരുന്നു. ഇതോടെ പോര്‍ട്ട് ട്രസ്റ്റ് വന്‍ കടബാധ്യതയെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞത്തിന്റെ വരവോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത. എന്നാല്‍ വിഴിഞ്ഞത്തു നിന്നുള്ള ഫീഡര്‍ഷിപ്പുകള്‍ കൂടുതലായി എത്തുന്നതോടെ വല്ലാര്‍പാടത്ത് കൂടുതല്‍ ബിസിനസ് നടക്കുമെന്ന മറുവാദവും ഉന്നയിക്കപ്പെടുന്നുണ്ട്.
വിഴിഞ്ഞത്ത് കൊച്ചിയേക്കാള്‍ ആഴമുള്ള തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ നാവികസേന അവിടെ പുതിയ കേന്ദ്രം ആരംഭിക്കാനുള്ള സാധ്യതയും സജീവമാണ്. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ അറബിക്കടല്‍ വഴിയും ഇന്ത്യന്‍ മഹാസമുദ്രം വഴിയും വിഴിഞ്ഞത്ത് യുദ്ധക്കപ്പലുകള്‍ക്ക് വരാനും പോകാനും കൂടുതല്‍ സൗകര്യമുണ്ട്. ഇന്ത്യ ആണവമുങ്ങിക്കപ്പല്‍ സ്വന്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് വളരെ പ്രാധാന്യമുണ്ട്. വില്ലിംഗ്ടണ്‍ ഐലന്റില്‍ നിലവില്‍ നാവികസേനക്കുള്ള സൗകര്യങ്ങള്‍ വേണ്ടത്ര പര്യാപ്തമല്ലാത്തിനാല്‍ പുതിയൊരു നാവിക കേന്ദ്രം നിര്‍മിക്കാനുള്ള പദ്ധതികള്‍ പ്രതിരോധ വകുപ്പിന്റെ പരിഗണനയിലിരിക്കുകയാണ.് കൊച്ചിയില്‍ കടല്‍ നികത്തി പുതിയൊരു ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മിക്കാനും അവിടെ നാവികസേനാകേന്ദ്രം നിര്‍മിക്കാനുമുള്ള ഒരു പദ്ധതി പ്രതിരോധവകുപ്പിന്റെ അനുമതിക്കായി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് പുതിയ തുറമുഖം വരുമ്പോള്‍ അവിടെ പുതിയ നാവികകേന്ദ്രം ആരംഭിക്കാനുള്ള സാധ്യത പ്രതിരോധവകുപ്പ് പരിഗണിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here