ഹജ്ജ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Posted on: August 15, 2015 4:32 am | Last updated: August 14, 2015 at 11:46 pm

HAJJ 2015കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പരിശുദ്ധ ഹജ്ജിന് പോകുന്നവരുടെ ആദ്യ സംഘം അടുത്ത മാസം രണ്ടിന് പുറപ്പെടും. ഉച്ചക്ക് 1.45ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിന് ഹജ്ജ് ചുമതലയുള്ള മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫഌഗ് ഓഫ് ചെയ്യും. ഹജ്ജ് ക്യാമ്പ് ഈ മാസം 30ന് നെടുമ്പാശ്ശേരിയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദ്യ സംഘം ഹാജിമാര്‍ അടുത്ത മാസം ഒന്നിന് ക്യാമ്പില്‍ എത്തിച്ചേരും. വൈകുന്നേരം നാല് മുതല്‍ ആറ് വരെയാണ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം. ഈ വര്‍ഷത്തെ ഹജ്ജ് യാത്രയുടെ ഷെഡ്യൂളിന് കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് അന്തിമ രൂപമായത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് അടുത്ത മാസം രണ്ട് മുതല്‍ 17 വരെയാണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക. ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ രണ്ട് വിമാനവും മറ്റ് ദിവസങ്ങളില്‍ എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് സര്‍വീസ് നടത്തുക. ഒരോ വിമാനത്തില്‍ 340 ഹാജിമാരും ഒമ്പതാം തീയതിയിലെ രണ്ടാമത്തെ വിമാനത്തില്‍ 230 ഹാജിമാരുമാണ് യാത്ര തിരിക്കുക. മദീനയില്‍ നിന്നാണ് മടക്കയാത്ര. ഒക്‌ടോബര്‍ 15നും 29നും ഇടയിലായി മുഴുവന്‍ ഹാജിമാരും നാട്ടില്‍ തിരിച്ചെത്തും. 42, 43 ദിവസങ്ങളാണ് സഊദിയില്‍ ഹാജിമാര്‍ക്ക് തങ്ങാന്‍ അവസരമുണ്ടാകുക. കേരളത്തില്‍ നിന്ന് 6032ഉം ലക്ഷദ്വീപില്‍ നിന്ന് 298ഉം മാഹിയില്‍ നിന്ന് 48 പേരും അടക്കം 6,378 ഹാജിമാരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്ര തിരിക്കുക.
കരിപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്ന ഹജ്ജ് ക്യാമ്പില്‍ ഹാജിമാര്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പില്‍ വെച്ചുതന്നെ ലഗേജുകള്‍ എയര്‍ ഇന്ത്യക്ക് കൈമാറും. ഹാജിമാരെ സഹായിക്കാന്‍ സ്ത്രീകളും പുരുഷന്മാരുമായ വളണ്ടിയര്‍മാരെ മതിയായ തോതില്‍ നിയോഗിക്കും. ഹജ്ജ് യാത്ര സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഈ മാസം 24ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നടക്കും. മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ്, എറണാകുളം, മലപ്പുറം കലക്ടര്‍മാര്‍ പങ്കെടുക്കും. ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം 27ന് ആലുവയില്‍ ചേരും.