അടച്ചു തീര്‍ത്ത പാട്ടം; മുന്‍കൂര്‍ കച്ചവടവും

Posted on: August 13, 2015 6:00 am | Last updated: August 13, 2015 at 12:11 am
SHARE

നിലവിലുള്ള ഒരു കമ്പനിയില്‍ പുതുതായി 100 കോടി രൂപയുടെ ഒരു മെഷീന്‍ വേണമെന്ന് വിചാരിക്കുക. സാമ്പ്രദായിക ബേങ്കിംഗ് അനുസരിച്ച് ബേങ്കിന് വായ്പക്ക് അപേക്ഷിച്ച് കിട്ടുന്ന തുക മെഷീനുണ്ടാക്കുന്ന കമ്പനിക്ക് കൊടുത്ത് പുതിയ യന്ത്രം വാങ്ങുന്നു. വായ്പാ തുകയോടൊപ്പം വലിയൊരു തുക പലിശയായും തിരിച്ചടവ് നടത്തണം. എന്നാല്‍ പലിശരഹിത ബേങ്കിനെ സമീപിച്ചാല്‍ പണം നല്‍കുന്നതിന് പകരം ആവശ്യമായ മെഷീന്‍ കൊണ്ടുവന്ന് കമ്പനിയില്‍ സ്ഥാപിക്കുന്നു. മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ബേങ്ക് തന്നെ ചെയ്യുന്നു. മെഷീന്‍ ബാങ്കിന്റെ ഉടമസ്ഥതയിലായിരിക്കുമെന്ന് മാത്രമല്ല ഈ കാലയളവില്‍ കമ്പനി ഉടമ വാടകയും നല്‍കണം. കുറേ നാളുകള്‍ക്ക് ശേഷം കമ്പനി ഉടമക്ക് തേയ്മാന വില കിഴിച്ച് ബാക്കി കൊടുത്ത് യന്ത്രം സ്വന്തമാക്കുകയും ചെയ്യാം.
മുറാബഹയില്‍ ചരക്കുകളുടെ വാങ്ങലും വില്‍ക്കലും അടങ്ങിയിരിക്കുമ്പോള്‍ ഇജാറ(പാട്ടം)യില്‍ ചരക്കുകളുടെ ഉപയോഗം മാത്രമേ അടങ്ങിയിട്ടുള്ളൂ.
പാട്ടം ആസ്തികൊണ്ട് പിന്തുണക്കുന്നതിനാല്‍ പാട്ടപ്രമാണങ്ങള്‍ ഇഷ്യൂ ചെയ്തുകൊണ്ട് സുരക്ഷിതമാക്കാം. അങ്ങനെ പ്രമാണത്തിന്റെ ഉടമ പാര്‍ശ്വവര്‍ത്തിയുടെ അവകാശങ്ങളും ബാധ്യതകളുമുള്ള ഭാഗിക ഉടമയാകുന്നു. നികുതിനേട്ടം കാരണമായി ബേങ്കിംഗ് മേഖലയില്‍ ഈ സംവിധാനത്തിന് നല്ല ചലന ശക്തി സിദ്ധിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും മൊത്തനികുതിയില്‍ നിന്ന് കുറവ് ചെയ്യാവുന്നതാണ്.
ഇജാറ രണ്ട് തരമുണ്ട്. ബേങ്ക് ഒരു പരിമിതകാലത്തേക്ക് സ്വന്തം ഉടമസ്ഥതയിലുള്ള ആസ്തി ആധാരവസ്തുവിന്റെ തരമനുസരിച്ച് ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ ഉപയോഗിക്കാന്‍ കക്ഷിക്ക് സമ്മതം നല്‍കുകയും തേയ്മാനക്കൂലി ഉള്‍പ്പെടെ പാട്ടമായി പിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമപാട്ടം (Operating lease) എന്നതാണ് ഒന്നാമത്തെ ഇനം.
മൂലധന ചരക്കോ ഒരു സംരംഭം മൊത്തത്തില്‍ തന്നെയോ ഇടപാടുകാരന് വേണ്ടി വാങ്ങുകയും പാട്ടത്തിന് നല്‍കുകയും ചെയ്യുന്ന സാമ്പത്തിക പാട്ടം (Financial lease)ആണ് രണ്ടാമത്തെ ഇനം. ഇടപാടുകാരന്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പാട്ടവസ്തു വാങ്ങുമെന്ന് വാഗ്ദാനം ചെയ്യുന്നു. മൊത്തവാടക എപ്പോഴാണോ വസ്തുവിന്റെ വാങ്ങിയ വിലക്ക് തുല്യമാകുന്നത് അപ്പോള്‍ അതിന്റെ ഉടമാവകാശം ഒന്നുകില്‍ ഒരു ചാര്‍ജും ഈടാക്കാതെ അല്ലെങ്കില്‍ നാമമാത്രമായ നിരക്ക് ഈടാക്കിക്കൊണ്ട് ഇടപാടുകാരന് നല്‍കുന്നു. ഈ രീതിയെ മുഴുവന്‍ അടച്ചുതീര്‍ത്ത പാട്ടം (full Payment lease ) എന്ന് പറയാറുണ്ട്.
സാമ്പത്തിക പാട്ടത്തിന് ഒരു ഉദാഹരണം താഴെ
ഒരു ഇടപാടുകാരന്‍ അഞ്ച് എയര്‍കണ്ടീഷനറുകള്‍ മൂന്ന് വര്‍ഷക്കാലയളവിനുള്ളില്‍ വാങ്ങാന്‍ തീരുമാനിക്കുന്നു. ബേങ്ക് അഞ്ച് എയര്‍കണ്ടീഷനറുകള്‍ ലീസിന് നല്‍കുന്നു. ചതുര്‍മാസ വാടക നിശ്ചയിക്കുമ്പോള്‍ ബേങ്കിന്റെ ചെലവും ലാഭവും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈടാക്കാവുന്ന തരത്തില്‍ വാടക നിശ്ചിയിക്കുന്നു. എപ്പോഴാണോ മുഴുവന്‍ തുകയും അടക്കുന്നത് അപ്പോള്‍ ഉടമസ്ഥത ഇടപാടുകാരന് കൈമാറുന്നു.

പണം പിന്നീട് ഈടാക്കുന്ന കച്ചവടം
പ്രധാനമായും കാര്‍ഷിക മേഖലകളിലും ചില പ്രത്യേക ചരക്കുകളും ഉത്പാദന സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക വിപണിയില്‍ ലഭ്യമല്ലാത്ത അസംസ്‌കൃത സാധനങ്ങളും പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ഉപകരണമാണ് മുഅജ്ജല്‍ (പണം പിന്നീട് ഈടാക്കുന്ന കച്ചവടം).
കൃഷിസ്ഥലമുള്ള ആളുകള്‍ക്ക് കൃഷിക്കാവശ്യമായ സാധനങ്ങളും സാമഗ്രികളും ബേങ്ക് നല്‍കി വിളവെടുപ്പ് സമയത്ത് ബേങ്കും കര്‍ഷകരും വിഭജിച്ചെടുക്കുന്ന പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കാന്‍ ഈ രീതി സഹായിക്കുന്നു. കടക്കെണികൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് സാര്‍വത്രികമായ ഈ കാലഘട്ടത്തില്‍ ഈ സമ്പ്രദായം വ്യാപിപ്പിക്കാന്‍ പലിശരഹിത ബേങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്.
ഒരു ടെക്‌സ്റ്റൈല്‍ മില്ലിന് പ്രാദേശിക വിപണിയില്‍ ലഭ്യമല്ലാത്ത കുറച്ച് രാസപദാര്‍ത്ഥങ്ങള്‍ അവരുടെ ഉത്പന്നത്തിന് നിറം ചേര്‍ക്കാന്‍ ആവശ്യമുണ്ടെന്നിരിക്കട്ടെ. അവര്‍ ഒരു പലിശരഹിത ബേങ്കിനെ ചരക്കുകളുടെ പൂര്‍ണ പട്ടിക(വിതരണക്കാരെയും വിലയേയും സംബന്ധിച്ച വിവരമടക്കം)യുമായി സമീപിക്കുന്നു. അധിക സാഹചര്യങ്ങളിലും വിതരണക്കാരനും മില്ലുടമയും വിലയുടെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയിരിക്കും. ബേങ്ക് വിതരണക്കാരന്റെ പേരില്‍ ഒരു ജാമ്യച്ചീട്ട് (Letter of Credit) തുറക്കുകയും ചരക്കുകളുടെ പട്ടികയില്‍ ഒപ്പിടുകയും ചെയ്യുന്നു. കയറ്റുമതിച്ചെലവ് ധാരണപ്രകാരം ബേങ്ക് കൊടുക്കുന്നു. രേഖകള്‍ സ്വീകരിക്കുകയും ഒരാഴ്ചക്കു ശേഷം ചരക്കുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇടപാടുകാരന്‍ ബേങ്കുമായി ബന്ധപ്പെട്ട് ചരക്കുകള്‍ സ്വന്തമാക്കുന്നു. ഈ ആവശ്യത്തിലേക്കായി പ്രോമിസറി നോട്ടും (പ്രോ നോട്ട്) വിതരണകത്തും (Delivery letter) മറ്റു ബന്ധപ്പെട്ട രേഖകളും തയ്യാറാക്കുന്നു.

മുന്‍കൂര്‍ കച്ചവടം
വസ്തുവിതരണത്തിന് മുന്‍കൂട്ടി പണമടക്കുന്ന ഇടപാടായി മുന്‍കൂര്‍ കച്ചവട(ബൈഅ ് സലം)ത്തെ നിര്‍വ്വചിക്കാം. ഇത്തരം ഇടപാടില്‍ ബേങ്ക് കരാറില്‍ പറഞ്ഞിരിക്കുന്ന ധനസഹായത്തുക മുന്‍കൂട്ടി നല്‍കുന്നു. നിശ്ചിത ദിവസം ബേങ്കിന് പറഞ്ഞിരിക്കുന്ന സ്ഥലത്ത് വെച്ച് ചരക്ക് നല്‍കുന്നു. കരാര്‍ പ്രകാരമുള്ള തുക മുഴുവനായും കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് തന്നെ ഈ ഇടപാടില്‍ നല്‍കപ്പെടുന്നു. കക്ഷി ചരക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മുന്‍കൂറായി നല്‍കിയ തുക തിരിച്ചുപിടിക്കാന്‍ ബേങ്കിന് അധികാരമുണ്ട്. ചരക്കുകളുടെ വിതരണം ഉറപ്പുവരുത്താന്‍ ബേങ്കിന് ഈടുകള്‍ ആവശ്യപ്പെടാവുന്നതാണ്.
ഈടുകളില്‍് നിന്ന് എന്തെങ്കിലും ആദായം ലഭിച്ചാല്‍ അത് പണയക്കാരന് നല്‍കണം. ചരക്കുകള്‍ സംഘടിപ്പിക്കാനുള്ള പണം മുന്‍കൂറായി ലഭിക്കുന്നതുകൊണ്ട് കക്ഷിക്കും വിലയിലെ വ്യത്യാസം മൂലം സാമ്പത്തിക ലാഭം കിട്ടുന്നത് കൊണ്ട് ബേങ്കിനും ഗുണകരമാണ് ഈ കച്ചവടം. മുന്‍കൂര്‍ വ്യാപാരത്തില്‍ എപ്പോഴും റൊക്കം പണം നല്‍കി വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലക്ക് ചരക്കുകള്‍ ലഭിക്കുന്നതിനാലാണത്.

പലിശരഹിത വായ്പ
മാനുഷിക ക്ഷേമത്തിനും പ്രത്യേകിച്ച് കടംവാങ്ങി ബിസിനസ് നടത്തി തന്റേതല്ലാത്ത കാരണത്താല്‍ ബിസിനസ് തകര്‍ച്ചവന്നാല്‍ അത്തരക്കാരെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഒരു സംവിധാനമാണ് കര്‍ദ് ഹസന്‍. ഉദാഹരണത്തിന് മുഅജ്ജല്‍ രീതിയില്‍ കൃഷിക്ക് വായ്പ നേടിയ ഒരു കര്‍ഷകന്റെ കൃഷി പ്രകൃതിക്ഷോഭം മൂലം നശിച്ചു എന്നിരിക്കട്ടെ. എന്നാല്‍ ബേങ്ക് ഈ സാഹചര്യത്തില്‍ നഷ്ടമെല്ലാം തിട്ടപ്പെടുത്തി ഖര്‍ദ് ഹസനില്‍ നിന്ന് ഒരു വായ്പ കൂടി ഈ കര്‍ഷകന് നല്‍കുന്നു. പലിശയില്ലാതെ സാവകാശം അടച്ചുതീര്‍ത്താല്‍ മതി. പലിശരഹിത സംവിധാനത്തില്‍ മാത്രം കാണപ്പെടുന്ന ഒരു മേന്മയാര്‍ന്ന പദ്ധതിയാണിത്. ഇവിടെ ബേങ്കും ഇടപാടുകാരനും തമ്മിലുള്ളത് ഉത്തമര്‍ണ-അധമര്‍ണ ബന്ധമാണ്. തിരിച്ചടവ് ഉറപ്പുവരുത്തുന്നതിന് ബേങ്കിന് ജാമ്യം ആവശ്യപ്പെടാവുന്നതാണ്. ബേങ്ക് സാധാരണയായി ഒരു സേവന ഫീസ് ഈടാക്കുന്നു. ഇത് വായ്പാതുകയുടെ വലിപ്പമോ ചെറുപ്പമോ പരിഗണിക്കാതെ ഒരു സ്ഥിരം സംഖ്യയായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ വ്യാപാരത്തിനും ഇത്തരം ലോണുകള്‍ നല്‍കാറുണ്ട്. പലിശരഹിത ബേങ്കുകളില്‍ നിന്നും ഇടപാടുകളില്‍ ഏര്‍പ്പെട്ട വ്യക്തി സാമ്പത്തിക വിഷമം അനുഭവിക്കുമ്പോള്‍ ഖര്‍ദ് ഹസനില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ച ഇടപാടുകാരന്‍ വിഷമവൃത്തത്തില്‍ നിന്നും മോചിതനായാല്‍ പലിശരഹിത വായ്പ(ഖര്‍ദ് ഹസന്‍) ഇക്വിറ്റി ഫിനാന്‍സായി രൂപമാറ്റം വരുത്തുന്നു.
പണമിടപാട് നയം
വായ്പ നല്‍കുന്നതില്‍ പരമ്പരാഗത ബേങ്കും പലിശരഹിത ബേങ്കും തമ്മിലുള്ള പ്രധാന വ്യത്യാസം ഇടപാട് രീതികളിലെ വ്യത്യാസമാണ്. പലിശയുടെ കലര്‍പ്പില്ലാതെ പലിശരഹിത ബേങ്കും ഇടപാടുകാരനും ഇടപാടിലെ ലാഭം പങ്കുവെക്കുന്നു. നിക്ഷിപ്ത ഫണ്ടിന്റെ വിദഗ്ധനായ മേല്‍നോട്ടക്കാരന്‍ എന്ന നിലക്ക് പരമ്പരാഗത ബേങ്കുകളെപ്പോലെ വിവേകപൂര്‍ണായ നിയമങ്ങള്‍ ഇസ്‌ലാമിക് ബേങ്കും പിന്തുടരുന്നു. ഇവ പലിശരഹിത ബേങ്ക് നിലനില്‍ക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടണം.

ബോര്‍ഡ് ഓഫ് ഡയരക്ടേഴ്‌സ്
(എ) സ്ഥാപനത്തിന്റെ നിക്ഷേപ നയം. ഉദാ: വായ്പ നല്‍കുന്നതിന് എത്ര ശതമാനം മൂലധനവും മുദാറബ ഫണ്ടും ഉപയോഗിക്കണം. എത്ര വായ്പ കൊടുക്കാമെന്നത് മൊത്തം വിഭവങ്ങളില്‍ എത്ര ശതമാനം ആവശ്യാനുസൃത നിക്ഷേപങ്ങളും (Demand Deposit) സമയബന്ധിത നിക്ഷേപങ്ങളും (Term Deposit) ഉണ്ടെന്നതിനെ ആശ്രയിച്ചിരിക്കുന്നു.
(ബി) മൊത്തം വായ്പയുടെ എത്ര ശതമാനം ദീര്‍ഘകാല, മധ്യകാല, ഹ്രസ്വകാല വായ്പകള്‍ക്കായി വകയിരുത്തണം.
(സി) ഏതെല്ലാം വ്യവസായങ്ങള്‍ക്കാണ് ധനസഹായം ചെയ്യേണ്ടതെന്നും എത്ര കൊടുക്കണമെന്നും.
(ഡി) മൊത്ത ധനസഹായത്തിന്റെ എത്ര ശതമാനം വ്യത്യസ്ത ഇനങ്ങളില്‍ ചെലവഴിക്കണം.
(ഇ) താല്‍പര്യം കാണിച്ച് മുന്നോട്ടുവരുന്ന കക്ഷികള്‍ക്കുള്ള ധനസഹായ പരിധി
(എഫ്) ജാമ്യ വസ്തുക്കളുടെ വില കണക്കാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുക.
(ജി) ധനസഹായം നല്‍കാനുള്ള മാനേജ്‌മെന്റിന്റെ അധികാരം.
(എച്ച്) കിട്ടാക്കടം എഴുതിത്തള്ളുന്നതും സംശയാസ്പദമായ കടങ്ങള്‍ക്ക് കരുതല്‍ നടപടി കൈക്കൊള്ളുന്നതുമായ വ്യവസ്ഥകള്‍.
ഇവയെല്ലാം നിര്‍വ്വചിക്കുന്ന പണമിടപാടുരേഖ (Financeing Policy Document ) ബോര്‍ഡ് അംഗീകരിക്കണം
(ഐ)സാമ്പത്തിക-സാമൂഹിക ഉന്നമനത്തിനുതകുന്ന ലാഭക്ഷമവും സ്വയം തന്നെ ദ്രവത്വവും (Liquidity) അടങ്ങിയതുമായ പദ്ധതികള്‍ ബേങ്ക് പ്രോത്സാഹിപ്പിക്കേണ്ടതാണ്.
(ജെ)വായ്പ നല്‍കുന്നതിന് മുമ്പ് വിനിമയ നിയന്ത്രണം പോലുള്ള ഘടകങ്ങള്‍ പരിഗണിക്കണം.
(കെ)ഫിനാന്‍സിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെയും കാര്യ നിര്‍വ്വഹണ വകുപ്പിന്റെയും അക്കൗണ്ടിംഗ് വകുപ്പിന്റെയും ചുമതലകള്‍ കൃത്യമായി വേര്‍തിരിക്കണം.
(എല്‍) തിരിച്ചടവ് വൈകിച്ചാല്‍ നഷ്ടപരിഹാരമായി എന്ത് നടപടിയെടുക്കണമെന്ന് മതകാര്യ ബോര്‍ഡ് തീരുമാനമെടുക്കണം.

തിരിച്ചടവ് ഉറപ്പുവരുത്താന്‍
പ്രോ- നോട്ടിനൊപ്പം വിശ്വസ്തനായ ഒരു മൂന്നാം കക്ഷിയുടെ ഉറപ്പും വസ്തു ജാമ്യവും.
ലിമിറ്റഡ് കമ്പനികളില്‍ വ്യക്തിഗതാ ജാമ്യം പ്രധാന ഓഹരി ഉടമകളില്‍ നിന്നും വാങ്ങിയിരിക്കണം.
സാമ്പത്തിക സഹായം നല്‍കുന്ന സംരംഭത്തില്‍ ഇടപാടുകാരന് മതിയായ പരിചയം ഉണ്ടായിരിക്കണം.
സ്വതന്ത്ര അന്വേഷണങ്ങളും ബേങ്ക് റഫറന്‍സുകളും ഇടപാടുകാരന്‍ വിശ്വസ്തനും നല്ല സാമ്പത്തിക സ്ഥിതിയിലുള്ളവനുമാണെന്ന് സൂചിപ്പിക്കുന്നതായിരിക്കണം.
വേണ്ടത്ര മൂലധനമില്ലാതെയാണ് കമ്പനി തുടങ്ങിയതെന്ന് ബാലന്‍സ് ഷീറ്റ് കാണിക്കാന്‍ പാടില്ല. കൂടാതെ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്നും തുടര്‍ച്ചയായി ലാഭം നല്‍കുന്നുണ്ടെന്നും അത് കാണിക്കണം. മൊത്തം ആസ്തികളിന്മേലും ഇക്വിറ്റിയിന്മേലും ഉള്ള ആദായം നല്ല നിലയിലായിരിക്കണം.
സംരംഭം സാങ്കേതികമായി പ്രയോഗക്ഷമവും ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ വിപണനം ചെയ്യാന്‍ സാധിക്കുന്നതുമാകണം.
പണത്തിന്റെ വരവ്‌പോക്കുകളും (Flow of Money) തിരിച്ചടവു സാധ്യതകളും വ്യക്തമായിരിക്കേണ്ടതാണ്.
ധനമിടപാട് നിര്‍ദ്ദേശങ്ങള്‍ അനുയോജ്യമായ രീതിയില്‍ വിലയിരുത്തുകയും ശരിയായ തീരുമാനങ്ങളെടുക്കാന്‍ അതിലടങ്ങിയ അപായ സാധ്യതകള്‍ വിശദമായി പരിശോധിക്കേണ്ടതാണ്.
പണമിടപാട് കരാറുകളും മറ്റ് രേഖകളും ഉചിതമാംവണ്ണം തയ്യാറാക്കണം.
തിരിച്ചടവ് തീയതികള്‍ കാണിക്കുന്ന പട്ടിക തയ്യാറാക്കുക. ഓരോ തീയതികളും വെവ്വേറെ പ്രോ നോട്ടുകള്‍ കൊണ്ട് സാക്ഷ്യപ്പെടുത്തുക.
മറ്റ് രാജ്യങ്ങളിലെ ഇടപാടുകാരുമായി ബന്ധം വെക്കുമ്പോള്‍ തിരിച്ചടവിന്റെ കറന്‍സിയെക്കുറിച്ചും വിനിമയ നിയന്ത്രണ നിയമങ്ങളെ (Exchange Control Regulation ) കുറിച്ചും പരിശോധന നടത്തേണ്ടതാണ്. ഇടപാട് കാലയളവില്‍ ചരക്കിന് വന്നുഭവിക്കാവുന്ന അപകട നഷ്ടം പ്രോമിസറി നോട്ട് സംബന്ധമായ ധാരണ, Big Bond, Performance Bond, തുടങ്ങിയവയെ സംബന്ധിച്ച കാര്യങ്ങള്‍ വായ്പാ കാര്യാലോചനാ കമ്മിറ്റിയെ (Credit Committee ) അടവുകള്‍ തെറ്റിയാലുണ്ടാകുന്ന നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ പലിശരഹിത ബേങ്കിന്റെ നിലവിലുള്ള Regulations എല്ലാം, രാജ്യത്തെ പരമ്പരാഗത ബേങ്കിന്റെ നിയമങ്ങളുമായി ഒത്തുനോക്കുകയും ആവശ്യമായ നിയമഭേദഗതികള്‍ (Regulatory changes) വരുത്തുകയും വേണം.
കൂടാതെ വഞ്ചന, ചൂതാട്ടം, ചൂഷണം എന്നിവ സാമ്പത്തിക മേഖലയില്‍ ഇല്ലായ്മ ചെയ്യത്തക്ക വിധം മേല്‍ വിശദീകരിച്ച ബേങ്കിംഗ് സങ്കേതങ്ങള്‍ക്ക് നടപ്പാക്കാവുന്ന ഇസ്‌ലാമിക് ബേങ്കിംഗ് റഗുലേഷന്‍സ് പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ ശ്രമിക്കേണ്ടതാണ്.
(നാളെ: കാര്യക്ഷമതാ താരതമ്യം)