പോലീസ് നവീകരണ ഫണ്ട് ക്രമക്കേട്: ഉന്നത ഉദ്യോഗസ്ഥരുടെ പോര് പുറത്ത്

Posted on: August 9, 2015 4:03 am | Last updated: August 8, 2015 at 11:06 pm
SHARE

kerala-police_01തിരുവനന്തപുരം: പോലീസ് നവീകരണ ഫണ്ട് ക്രമക്കേട് വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമാകുന്നു. എസ് പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ ഐ ജി മനോജ് എബ്രഹാം ഡി ജി പിക്ക് കത്ത് നല്‍കിയതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് മറനീക്കി പുറത്തു വന്നിരിക്കുന്നത്.
ഇ- ബീറ്റ് സംവിധാനം വാങ്ങിയതിന്റെ രേഖകള്‍ എസ് പി ചോര്‍ത്തി നല്‍കിയെന്നാണ് ഐ ജി മനോജ് എബ്രഹാം ഇതുസംബന്ധിച്ച് പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. രാഹുല്‍ ആര്‍ നായരെ അന്വേഷണത്തിന് നിയോഗിച്ച നടപടി അന്വേഷിക്കണമെന്നും മനോജ് എബ്രഹാം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ക്രമക്കേടില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് എസ് പി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2012-14 കാലത്ത് നടന്ന ടെന്‍ഡറില്‍ വൈഫിനിറ്റി എന്ന കമ്പനിക്ക് 1.87 കോടി രൂപക്ക് ഇ-ബീറ്റ് സംവിധാനം നടപ്പാക്കാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുള്ളതായും രണ്ടര കോടിയിലധികം രൂപയുടെ നഷ്ടം വന്നതായുമാണ് രാഹുല്‍ ആര്‍ നായര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
ഈ അഴിമതി കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഡി ജി പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് രാഹുല്‍ ആര്‍ നായരാണെന്ന് ആരോപിച്ചാണ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐ ജിയായിരുന്ന മനോജ് എബ്രഹാം ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഡി ജി പിക്ക് നല്‍കിയ കത്തില്‍ മനോജ് എബ്രഹാം ആവശ്യപ്പെടുന്നത്. അതേ സമയം സേനാ നവീകരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഡി ജി പിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ അഴിമതിയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
പോലീസിന്റെ ബീറ്റ് പരിശോധനയുടെ ഭാഗമായി പരാതിപ്പെട്ടികളില്‍ ബുക്കിന് പകരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായിരുന്നു ഇ-ബീറ്റ് പദ്ധതി. 2013 ജനുവരിയില്‍ ആണ് ബെംഗളൂരു ആസ്ഥാനമായ വൈഫിനിറ്റി ടെക്‌നോളജീസുമായി പോലീസ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ കരാര്‍ പ്രകാരം വൈഫിനിറ്റി ടെക്‌നോളജീസ് പോലീസിന് നല്‍കിയതെല്ലാം നിലവാരം കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളായിരുന്നു. ധാരണ പ്രകാരം റേഡിയോ ഫ്രീക്വന്‍സി ഐ ഡി കാര്‍ഡുകള്‍ എത്തിച്ചെങ്കിലും അനുബന്ധ സോഫ്റ്റ്‌വെയറും സെര്‍വറും നല്‍കുകയോ, രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പൂര്‍ണമായി നടപ്പാക്കുകയോ ചെയ്തില്ല. എന്നാല്‍ പ്രവര്‍ത്തനക്ഷമത പരിശോധിക്കാതെ മുഴുവന്‍ പണവും കമ്പനിക്ക് നേരത്തെ നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.