Connect with us

Gulf

അബുദാബിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 17 സ്വകാര്യ സ്‌കൂളുകള്‍ അടച്ച് പൂട്ടും

Published

|

Last Updated

അബുദാബി: വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാത്ത പതിനേഴോളം സ്വകാര്യ സ്‌കൂളുകള്‍ അടച്ച് പൂട്ടല്‍ ഭീഷണിയില്‍. തലസ്ഥാനത്തെ സ്‌കൂളുകള്‍ക്കാണ് അടിയന്തിര താക്കീത് നല്‍കിയിരിക്കുന്നത്. മക്കളെ ഇനി എവിടെ പഠിപ്പിക്കും എന്ന് അറിയാതെ ആശങ്കയിലാണ് രക്ഷിതാക്കള്‍. അബുദാബിയിലെ എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് എജൂക്കേഷന്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 183 സ്വകാര്യ സ്‌കൂളുകളാണ് ഇപ്പോള്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 17 എണ്ണം വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളും മറ്റും പാലിക്കാതെയാണ് നിലകൊള്ളുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ഈ സ്‌കൂളുകളില്‍ നടന്നിട്ടുമില്ലെന്ന് എജൂക്കേഷന്‍ കൗണ്‍സിലിന് കീഴിലെ സ്വകാര്യ സ്‌കൂള്‍ വകുപ്പ് ഡയരക്ടര്‍ ഹമദ് അല്‍ ദാഹിരി വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന അവസാന താക്കീതും മറികടന്നാല്‍ ലൈസന്‍സ് റദ്ദ് ചെയ്ത് സ്‌കൂളുകള്‍ അടച്ച് പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല എന്ന് ദാഹിരി വ്യക്തമാക്കി.
അബുദാബിയില്‍ ഇപ്പോള്‍ ഏറ്റവുമധികം ഉയര്‍ന്നുവരുന്ന പ്രശ്‌നം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ സ്‌കൂള്‍ സീറ്റുകള്‍ ലഭ്യമല്ല എന്നതാണ്. സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍ക്ക് പുറമേ 256 പൊതു സ്‌കൂളുകളാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.
വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ വര്‍ഷങ്ങളിലാണ് അബുദാബിയില്‍ നടപ്പിലാക്കിയിരുന്നത്. മലയാളികളടക്കമുള്ള 2,000 ത്തോളം കുട്ടികള്‍ക്കാണ് അന്ന് സീറ്റ് നഷ്ടപ്പെട്ടത്. പത്താം തരത്തിലും പ്ലസ് ടുവിലും പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റ് സ്‌കൂളുകളിലും സീറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ടായി. തുടര്‍ന്ന് പല വിദ്യാര്‍ഥികള്‍ക്കും അബുദാബിയിലെ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവേണ്ടി വന്നിരുന്നു.
കെ. ജി ക്ലാസുകളിലേക്കുള്ള അഡ്മിഷനും ഏറെ സങ്കീര്‍ണമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് അബുദാബിയില്‍. 50 മുതല്‍ 100 സീറ്റുകള്‍ മാത്രമുള്ള സ്‌കൂളുകളില്‍ പോലും കെ ജി അഡ്മിഷന് വേണ്ടി മാത്രം മൂവായിരത്തിലധികം കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തില്‍ എത്തിയിരുന്നത്. ഈ സാഹചര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്നത് വിദേശികളായ വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായിത്തന്നെ ബാധിക്കും. എന്നാല്‍ ഇന്ത്യന്‍ സിലബസില്‍ അടുത്ത അധ്യനവര്‍ഷം തുറക്കുന്നതിനായി പത്തോളം മാനേജ്‌മെന്റുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 60 സീറ്റിലേക്ക് 3,000 അപേക്ഷയാണ് ഇന്ത്യന്‍ സ്‌കൂളില്‍ മാത്രം ലഭിച്ചത്.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest