Connect with us

Gulf

അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

Published

|

Last Updated

അബുദാബി: യാത്രക്കാരുടെ എണ്ണത്തില്‍ അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോട്ടില്‍ 17.2 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 2014ന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് 2015ല്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 2014ല്‍ 94,81,744 യാത്രക്കാര്‍ എത്തിയ സ്ഥാനത്ത് 2015ല്‍ 1,11,11,577 പേരാണ് യാത്ര ചെയ്തത്. ഇതേ കാലത്ത് വിമാന സര്‍വീസുകളുടെ എണ്ണത്തിലും 15 സതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 73,862 സര്‍വീസ് ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 84,938 ആയി ഉയര്‍ന്നു. കാര്‍ഗോ സര്‍വീസിലും 9.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 4,14,203 മെട്രിക് ടണ്‍ കാര്‍ഗോയാണ് വിമാനത്താവളം വഴി കടന്നുപോയത്. യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധവന് ഉണ്ടായത് ജൂണ്‍ മാസത്തിലായിരുന്നു. 18,48,080 യാത്രക്കാരായിരുന്നു 2015 ജൂണില്‍ കടന്നുപോയതെങ്കില്‍ 2014 ജൂണില്‍ ഇത് 16,67,551 മാത്രമായിരുന്നു. വര്‍ധനവ് 10.8 ശതമാനം. യാത്രക്കാരുടെ എണ്ണത്തില്‍ ഉള്‍പെടെ ഉണ്ടായ വര്‍ധനവ് പ്രോത്സാഹനജനകമാണെന്ന് അബുദാബി എയര്‍പോര്‍ട്ട് ചീഫ് എക്‌സക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് മുബാറക് അല്‍ മസ്‌റൂഇ വ്യക്തമാക്കി.
ഒരുപാട് പ്രതിബന്ധങ്ങളെ നേരിടുന്ന അവസരത്തിലാണ് നേട്ടമുണ്ടാക്കാന്‍ വിമാനത്താവളത്തിന് സാധിച്ചിരിക്കുന്നത്. യാത്രക്കാര്‍ കൂടുതലായി അബുദാബി വിമാനത്താവളത്തിനെ ഇഷ്ടപ്പെടുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നായി അബുദാബി മാറുന്നൂവെന്നാണ് യാത്രക്കാരുടെയും കാര്‍ഗോയുടെയും വര്‍ധനവ് ബോധ്യപ്പെടുത്തുന്നത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ വിമാനത്താവളത്തില്‍ നിന്നു നിരവധി പുതിയ സര്‍വീസുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആരംഭിച്ചിരിക്കുന്നത്. മാഡ്രിഡ്, പൂനെ, എഡിന്‍ബര്‍ഗ്, വെനീസ്, എന്റെബെ തുടങ്ങിയവ ഇതില്‍ ഉള്‍പെടും. വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി കഴിഞ്ഞ മാസം 271 കൂടുതല്‍ സര്‍വീസുകള്‍ വിമാനത്താവളം പ്രഖ്യാപിച്ചതും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത്. മൊത്തം സര്‍വീസിന്റെ 57.8 ശതമാനം വരുമിത്. സഊദി അറേബ്യ, ജര്‍മനി, പാക്കിസ്ഥാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കഴിഞ്ഞാല്‍ അബുദാബി വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതെന്നും അല്‍ മസ്‌റൂഇ പറഞ്ഞു.

Latest