ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി

Posted on: July 29, 2015 6:03 pm | Last updated: July 29, 2015 at 11:45 pm

Niyamasabhaതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എന്‍ജിനിയറിംഗ് കോളജുകളെയും ഒരു സ്വതന്ത്ര സര്‍വകലാശാലയുടെ കീഴിലാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 2015 ലെ കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. രാത്രി 11 വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. സംസ്ഥാനത്ത് സാങ്കേതിക ശാസ്ത്രസംബന്ധമായ നയരൂപീകരണത്തിനും എന്‍ജിനിയറിങ് ആസൂത്രണത്തിനും നേതൃത്വം നല്‍കുക, എന്‍ജിനീയറിംഗ് ശാസ്ത്രങ്ങള്‍, സാങ്കേതിക ശാസ്ത്രം, മാനേജ്‌മെന്റ് എന്നിവയിലുള്ള ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പരിപാടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക, സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടാല്ലത്തും എന്നാല്‍ സംസ്ഥാനത്ത് എന്‍ജിനിയറിങ് കോഴ്‌സുകള്‍ നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളുടെയും അക്കാദമിക നിലവാരം വിലയിരുത്തുക തുടങ്ങിയവയാണ് സര്‍വകലാശാലയുടെ രൂപീകരണ ലക്ഷ്യം. ഓര്‍ഡിനന്‍സ് വഴി സര്‍വകലാശാല നേരത്തെ പ്രാബല്യത്തില്‍ വന്നിരുന്നു.
ചാന്‍സിലറായ ഗവര്‍ണര്‍ക്കും പ്രോ-ചാന്‍സിലറായ വിദ്യാഭ്യാസ മന്ത്രിക്കും മുകളിലായി ഒരു ചെയര്‍മാനെ പ്രതിഷ്ഠിക്കാന്‍ ബില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് സബ്ജക്ട് കമ്മറ്റി ഒഴിവാക്കി. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിനെ കൂടാതെ നിര്‍വാഹക സമിതി, അക്കാദമിക സമിതി, ഗവേഷണ കൗണ്‍സില്‍ തുടങ്ങിയവയാണ് സര്‍വകലാശാലയുടെ അധികാരസ്ഥാനങ്ങള്‍. നിര്‍വാഹക സമിതിയുടെയും അ്ക്കാദമിക സമിതിയുടെയും എക്‌സ്-ഓഫീഷ്യോ ചെയര്‍മാന്‍ വൈസ് ചാന്‍സലര്‍ ആയിരിക്കും. ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്ത ഒരംഗം, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് നാമനിര്‍ദേശം ചെയ്ത ഒരംഗം എ ഐ സി റ്റി ഇ പ്രതിനിധി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി ശുപാര്‍ശ ചെയ്യുന്ന പാനലില്‍ നിന്നാണ് വൈസ് ചാന്‍സലറെ നിയമിക്കുന്നത്. എന്‍ജിനിയറിങ് ശാസ്ത്രരംഗത്ത് പ്രഗത്ഭരായ ആളുകളെയാവണം പാനലില്‍ ഉള്‍പ്പെടുത്തേണ്ടത്. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സില്‍ നാല് വിദ്യാര്‍ഥി പ്രതിനിധികളെയും അഞ്ച് എം എല്‍ എമാരെയും അംഗങ്ങളാക്കും. നിയമസഭയിലെ കക്ഷിനില അനുസരിച്ചായിരിക്കും എം എല്‍ എമാരെ തിരഞ്ഞെടുക്കുക.
തിരുവനന്തപുരം ആണ് സര്‍വകലാശാലയുടെ ആസ്ഥാനം. സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഏതൊരു എന്‍ജിനിയറിങ് കോളജും റഗുലര്‍ കോളജായോ, കോണ്‍സ്റ്റിറ്റിയവന്റ് കോളജ് ആയോ, സ്വയംഭരണ കോളജ് ആയോ അക്കാദമിക സ്വയംഭരണ കോളജായോ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യാവുന്നതാണ്.