നിലമ്പൂരില്‍ സി പി എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നു

Posted on: July 29, 2015 1:10 pm | Last updated: July 29, 2015 at 1:10 pm

നിലമ്പൂര്‍: വിഭാഗീയത അവസാനിപ്പിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ ശ്രമം പാളുന്നു. നിലമ്പൂരില്‍ സി പി എമ്മിലെ ഇരുപക്ഷവും നിലപാടില്‍ ഉറച്ചുതന്നെ.
നിലമ്പൂരിന്റെ പ്രഥമ എം എല്‍ എയും കമ്മ്യൂനിസ്റ്റ് പ്രസ്ഥാനം ഏറനാട്ടില്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ സ്വാധീനവുമുള്ള സഖാവ് കുഞ്ഞാലി അനുസ്മരണവും സി പി എമ്മിന്റെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ശക്തി തെളിയിക്കലായി മാറി. ഔദ്യോഗിക പക്ഷം എം ഗോവിന്ദന്‍, എന്‍ എന്‍ കൃഷ്ണദാസ്, ടി കെ ഹംസ തുടങ്ങിയ പ്രമുഖ നേതാക്കളെ അണിനിരത്തി കുഞ്ഞാലി അനുസ്മരണം നടത്തിയപ്പോള്‍ നേതൃത്വ നിരയുടെ പിന്‍ബലമില്ലങ്കിലും ലോക്കല്‍, ബ്രാഞ്ച് നേതാക്കളെ അണിനിരത്തി വിമതപക്ഷവും അനുസ്മരണ വേദിയൊരുക്കി. വിമതരുടെ ചടങ്ങ് ഇന്നലെ പുലര്‍ച്ചെ അവസാനിച്ചതിനാല്‍ നേര്‍ക്കുനേര്‍ പോര്‍വിളി നടന്നില്ലന്ന് മാത്രം.
രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഏഴ് ബ്രാഞ്ച് സെക്രട്ടറിമാരും മൂന്ന് നഗരസഭ കൗണ്‍സിലര്‍ മാരും പരിപാടിയില്‍ സംബന്ധിച്ചതായി വിമത പക്ഷം അവകാശപ്പെട്ടു. ഏരിയാ കമ്മിറ്റി തിരഞ്ഞടുപ്പിനെ തുടര്‍ന്ന് രൂപപ്പെട്ട വിഭാഗീയത രൂക്ഷമാവുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാവിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയും വിമതപക്ഷത്തിന് നേതൃത്വം നല്‍കുന്ന ഡി വൈ എഫ് ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റിനെ ഒരുവര്‍ഷത്തേക്ക് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുമാണ് ജില്ലാ നേതൃത്വം അനുരഞ്ജന ശ്രമം നടത്തിയത്.
എന്നാല്‍ ഇരുപക്ഷവും നടപടികളില്‍ സംതൃപ്തരല്ല. നടപടിക്കെതിരെ ജില്ലാ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിനുള്ള ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ വിഭാഗീയ അവസാനിപ്പിക്കാനാവാത്തത് മുന്നണിക്ക് തന്നെ പ്രതികൂലമായി ബാധിക്കും. കുഞ്ഞാലി അനുസ്മരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, പ്രകടനം രക്ത സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന തുടങ്ങിയ പരിപാടികള്‍ വിമതര്‍ നടത്തി. ചടങ്ങില്‍ പി പ്രകാശന്‍, വി എം സുധാകരന്‍, പി എം ബശീര്‍, ഉമ്മഴി വേണു, ജോസ് കെ അഗസ്റ്റ്യന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.