Connect with us

International

അനധികൃത കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം: ജൂത കുടിയേറ്റക്കാരും ഇസ്‌റാഈല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം

Published

|

Last Updated

ജറൂസലം: ജൂത കുടിയേറ്റക്കാരും ഇസ്‌റാഈല്‍ സൈന്യവും തമ്മില്‍ ശക്തമായ സംഘര്‍ഷം. വെസ്റ്റ്ബാങ്കില്‍ പണിത അനധികൃത കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം നീക്കാനുള്ള നിയമ നടപടിയുമായി ഇസ്‌റാഈല്‍ അധികൃതര്‍ എത്തിയതാണ് കാരണം. വെസ്റ്റ്ബാങ്കിലെ അനധികൃത നിര്‍മിതികള്‍ മുഴുവന്‍ പൊളിച്ചുമാറ്റണമെന്ന കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അധികൃതരുടെ നടപടി. റാമല്ലയുടെ വടക്ക് വശത്തെ ബെയ്ത് എല്ലിലുള്ള രണ്ട് നിയമവിരുദ്ധ കെട്ടിടങ്ങള്‍ ജൂലൈ 30ന് മുമ്പായി പൊളിച്ച്‌നീക്കണമെന്നായിരുന്നു ഇസ്‌റാഈല്‍ ഹൈക്കോടതി വിധിച്ചിരുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതില്‍ പ്രതിഷേധിച്ച് അമ്പതോളം കുടിയേറ്റക്കാരായ യുവാക്കള്‍ കെട്ടിടങ്ങളില്‍ ദ്വാരം വീഴ്ത്തിയിരുന്നു. പക്ഷേ, പ്രഭാതത്തിനു മുമ്പേ പോലീസ് ഇവരെ ഒഴിപ്പിക്കുകയായിരുന്നു. അനധികൃത നിര്‍മിതികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ സൈനികര്‍ പ്രതിഷേധിക്കുന്നവരെ തള്ളിനീക്കുന്നതിന്റെ വീഡിയോ ദൃശ്യം ഒരു പ്രാദേശിക മാധ്യമം പുറത്തുവിട്ടിരുന്നു. 1970 ല്‍ ഫലസ്തീനികളില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം കൊള്ളയടിച്ച ഭൂമിയിലാണ് കെട്ടിടങ്ങള്‍ നിലനില്‍ക്കുന്നതെന്ന് പറയപ്പെടുന്നു. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന സമയത്ത് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി കോടതി വിധി വന്നയുടനെ തന്നെ പ്രദേശം അതിര്‍ത്തി സൈനികരുടെ അധീനതിയിലാക്കിയിരിക്കുകയാണെന്ന് ഒരു ഇസ്‌റാഈലി സൈനിക വക്താവ് വ്യക്തമാക്കി.

Latest