പാക് വെള്ളപ്പൊക്കത്തില്‍ മരണം 69

Posted on: July 29, 2015 9:56 am | Last updated: July 29, 2015 at 9:56 am
SHARE

Flood (7)
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കം. സംഭവം 69 പേരുടെ ജീവന്‍ അപഹരിക്കുന്നതിനും ആയിരക്കണക്കിന് പേര്‍ ദുരിതത്തിലാകുന്നതിനും കാരണമായതായി രാജ്യത്തെ സന്നദ്ധ സംഘം വ്യക്തമാക്കി. വരും ദിനങ്ങളില്‍ അതിശക്തമായ മഴ വര്‍ഷിക്കാനിടയുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലുംപെട്ട് പാക്കിസ്ഥാനിലുടനീളം 69 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയതുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഖൈബര്‍ പക്തുംക്വാ പ്രവിശ്യയില്‍ ചുരുങ്ങിയത് 34 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ പാക് അധീന കാശ്മീരിലും എട്ട് പേര്‍ പഞ്ചാബ് മേഖലയിലും ഏഴ് പേര്‍ ബലൂചിസ്ഥാന്‍ മേഖലയിലും അഞ്ച് പേര്‍ ഗില്‍ജിത് ബാല്‍തിസ്തിയന്‍ മേഖലയില്‍ നിന്നും മരിച്ചു. മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മരിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സംഘത്തിലെ ഉദ്യഗസ്ഥന്‍ അഹ്മദ് കമാല്‍ വ്യക്തമാക്കി. മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും പെട്ട് 36 പേര്‍ക്ക് പരുക്കേറ്റു. ചുരുങ്ങിയത് 294,844 പേരെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
1,855 വീടുകളും 2,05,366 ഏക്കര്‍ കൃഷിഭൂമിയും നശിച്ചിട്ടുണ്ട്. ജില്ലയിലെ മോര്‍ കാഹു പ്രദേശമാണ് മറ്റു ഏഴ് പ്രദേശങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇരയായത്. 200 ലധികം പുനരധിവാസ ക്യാമ്പുകളാണ് ദുരിത ബാധിത മേഖലയില്‍ സജ്ജമാക്കിയിട്ടുള്ളത്. വെള്ളിയാഴ്ച തുടങ്ങിയ മഴ ഈ ആഴ്ച അവസാനം വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.